Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ഇന്ത്യ കാണാൻ ഒരു ഇന്ത്യൻ കാർ

ഇന്ത്യ കാണാൻ ഒരു ഇന്ത്യൻ കാർ

നാനോ സ്റ്റോറി എന്ന് പറയുമ്പോൾ, ചെറിയ സ്റ്റോറി എന്നർത്ഥമില്ല, നാനോ ഒരു കാറാണ്, ഇന്നിപ്പോൾ ഈയുള്ളവന്റെ കൂടെ ഇന്ത്യ മൊത്തം കണ്ട കാർ എന്ന് കൂടെ വിശേഷിപ്പിക്കാം എന്ന് തോന്നുന്നു.

ഇന്ത്യ ഒരു ചെറിയ രാജ്യമല്ലല്ലോ. വൈവിധ്യങ്ങൾ നിറഞ്ഞ നാനാത്വത്തിൽ ഏകത്വം എന്ന വാക്യം ഉയർത്തിപ്പിടിക്കുന്ന വലിയ ഒരു രാജ്യമാണിത്, തദ്വാരാ ഇന്ത്യ കാണുക എന്നതും ഒരു ചെറിയ കാര്യവുമല്ല, ഒരു മാസം കൊണ്ടോ ഒരു വര്ഷം കൊണ്ട് തന്നെയോ കണ്ടു തീർക്കാൻ കഴിയുകയുമില്ല.

ഈ കാര്യങ്ങൾ എല്ലാം മനസ്സിൽ വച്ച് കണ്ട സ്വപ്നത്തിനും ഒരു പാത നിശ്ചയിച്ചിരുന്നു. കന്യാകുമാരി മുതൽ കാശ്മീർ വരെ, അവിടെന്നു പറ്റിയാൽ കർദുങ്ല കൂടെ കേറുക, വണ്ടിയേതായാലും നാനോ മതി, അത് തീരുമാനമായിരുന്നു. 

എന്നിരുന്നാലും ഒരോട്ട പ്രദക്ഷിണം പോലെ ഇന്ത്യ കണ്ടു വരാം എന്ന് തീരുമാനിക്കാൻ വേറെ ഒരു കാരണം കൂടെയുണ്ട്. ഒരൊറ്റ പോക്കിൽ അത് സാധ്യമല്ല എന്നത് മാത്രമല്ലത്. കാണാൻ എന്തൊക്കെയുണ്ട് എന്ന കാര്യത്തിലെ അറിവില്ലായ, നാനോ കാർ എങ്ങനെ ഈ യാത്രയോടു പ്രതികരിക്കും എന്നിങ്ങനെയുള്ള കാര്യങ്ങളിലെ വ്യക്തതയില്ലായ്മ്മയും കൂടെയും കൊണ്ടാണത്. 

ഒരു ചോദ്യം ഉണ്ടാവാൻ സാധ്യത ഞാൻ കാണുന്നുണ്ട്. ഇന്ത്യ കാണുക എന്നതാണോ ഇന്ത്യ ഒട്ടുക്കു വണ്ടിയോടിക്കുക എന്നതാണോ ലക്‌ഷ്യം.

രണ്ടുമുണ്ട്. വണ്ടി ഓടിച്ചു കൊണ്ട് കാണുക എന്നതിലാണല്ലോ അതിലെ രസം ഇരിക്കുന്നത് 

എന്ത് കൊണ്ട് നാനോ?

കാരണമുണ്ട്, അല്ലെങ്കിൽ കാരങ്ങളുണ്ട്, ഒന്ന് രത്തൻ ടാറ്റ കണ്ട സ്വപ്നം വിജയിക്കാതെ പോയത് ആ വണ്ടിയുടെ കുറവ് കൊണ്ടല്ല എന്ന ഉത്തമ ബോധ്യം, ഞാൻ ഇന്നും അതിനു കാരണമായി കരുതുന്നത്, ഇന്ത്യക്കാർക്ക് ഒരു വീട് എന്നത് കഴിഞ്ഞാൽ ഒരു കാർ എന്നതൊരു സ്റ്റാറ്റസ് സിമ്പൽ ആണ് എന്നത് കൊണ്ട് തന്നെ ചീപ്പ് കാർ വാങ്ങി അതിൽ യാത്ര ചെയ്യുന്നതിനേക്കാൾ, രത്തൻ ടാറ്റ എന്ത് കൊണ്ട് നാനോ നിർമിക്കാൻ തീരുമാനിച്ചുവോ, അത്, എന്ന് വച്ചാൽ സ്കൂട്ടറിൽ പൊത്തിപിടിച്ചു നാല് പേർ  ആണെങ്കിലും പോകുന്നത് തന്നെയാണ് അഭിമാനമായി കാണുന്നത് എന്നത് കൊണ്ടാണ് എന്നതാണ്. 

എന്റെ തോന്നൽ മാത്രമല്ലിത്, ഒരു പരിധിവരെ സത്യവുമാണ് ഉദാഹരണം പറഞ്ഞാൽ, ജർമനിയിൽ എങ്ങനെ വോക്‌സ് വാഗൺ ബീറ്റിൽ അതായത് പ്യൂപ്പിൾസ് കാർ വിജയിച്ചുവോ അത് പോലെ നാനോ വിജയിച്ചില്ല എന്നത് കൊണ്ട് കൂടെയാണ്.

ജർമനി ഒരിക്കൽ സന്ദർശിക്കാൻ ഇട വന്നിട്ടുണ്ട്, സന്ദർഭവശാൽ അത് കൂടിയാണ് നാനോയോടുള്ള ഇഷ്ട കാരണം എന്നും പറയാം എന്ന് തോന്നുന്നു. അഭിമാനം വേണം എന്നാൽ ദുരഭിമാനം എന്തിനാണ്, എനിക്ക് നാനോ പ്രൈഡ് ആണ്, യാത്ര നാനോയിൽ തന്നെയാകാം എന്ന് തീരുമാനിക്കുകയും ചെയ്തു,

നാനോയെക്കുറിച്ച് ഒരു അദ്ധ്യായം തന്നെ എഴുതാനുണ്ട്, ആയതിനാൽ ഈ ഒരു തുടക്കവും അതിനായി വിനിയോഗിക്കാം എന്ന് കരുതുകയാണ്.

നാനോ ഇന്ത്യക്ക് വേണ്ടി അല്ലെങ്കിൽ ഇന്ത്യക്കാർക്ക് വേണ്ടി നിർമിച്ച കാറാണ്. ഒരു കുടുംബം, അതായത് ഒരു  അച്ഛനും അമ്മയും രണ്ട് കുഞ്ഞുങ്ങളും കൂടെ മഴയത്തു  സ്‌കൂട്ടറിൽ പോകുന്നത്  രത്തൻ ടാറ്റ കാണുകയും, അദ്ദേഹത്തിന് അത് കണ്ടിട്ട്, സ്‌കൂട്ടർ ഉപയോഗിക്കുന്ന ആളുകൾക്ക് വേണ്ടിയെങ്കിലും വില കുറച്ച് ഒരു കാർ നിർമ്മിക്കണം എന്ന ആഗ്രഹം ഉണ്ടാവുകയും തൽഫലമായി ഒരു ലക്ഷം രൂപക്ക് ഒരു കാർ എന്ന നിലയിൽ നാനോ ഉണ്ടാക്കുകയും ചെയ്തു.

പക്ഷെ നാനോ ഒരു വിജയമായില്ല, ചീപ്പ് കാർ എന്ന പേര് അത്രക്ക് ഉണ്ടാക്കിയിരുന്നു ഹാനി.

പക്ഷെ ലോകത്തിനു മുന്നിൽ അതൊരു ചെറിയ കാര്യമായിരുന്നില്ല എന്നത് വേറെ കാര്യം.

പിന്നീടങ്ങോട്ട് ട്വിസ്റ്റ്, ജെൻ എക്സ് എന്നിങ്ങനെ രണ്ടു മോഡലുകളും കൂട്ടത്തിൽ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് എന്ന നിലയിൽ ഒരു എ എം റ്റി മോഡലും വന്നെങ്കിലും രണ്ടായിരത്തി പത്തൊൻപതിൽ അരങ്ങൊഴിഞ്ഞു പോവാനായിരുന്നു നാനോയുടെ വിധി 

ഇന്ത്യ കാണുക എന്നത് ഒരു ഇന്ത്യൻ കാറിൽ അതും ചരിത്രത്തിന്റെ ഭാഗമായ കാറിൽ തന്നെ വേണം എന്നുള്ളത് ഒരു സ്വപ്നമായിരുന്നു. അന്ന് നാനോ വാങ്ങാൻ കഴിയാത്തത് ദുരഭിമാനം കൊണ്ടായിരുന്നില്ല പക്ഷെ അത്രയും പൈസ കൊടുത്തൊരു വണ്ടി വാങ്ങുക എന്നത് തീരെ സാധിക്കാത്ത ഒരു കാര്യമായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. 

അങ്ങനെയാണ് നാനോ ഇറങ്ങിയ വർഷം ഇന്ത്യയുടെ ചരിത്രം തന്നെയായ ഒരു മാരുതി 800 പഴയത് എസി പോലും ഇല്ലാത്ത ഒരു മോഡൽ ഒരു ബൈക്കിന്റെ വിലക്ക് വാങ്ങിയതും 

എന്തായാലും യാത്ര പോകുക എന്നത് തീരുമാനമായി, പക്ഷെ വണ്ടി ഇല്ല. നിർമാണത്തിൽ ഇല്ലാത്ത വണ്ടി എന്നതിനാൽ കമ്പനിയോടോ, ഡീലർഷിപ്പിലോ ഒരു വണ്ടി ചോദിച്ച് അതെടുത്തു പോകുക എന്നത് നടപ്പുള്ള കാര്യവുമല്ല.

അങ്ങനെയാണ് പഴയ നാനോ വാങ്ങുക എന്ന സ്വപ്നം പൊടി തട്ടി എടുക്കുന്നത്., 

തദ്വാരാ തേടിപ്പിടിച്ച് ഒരു നാനോ വാങ്ങിച്ചു, നീല കളറിൽ തിളങ്ങി നിൽക്കുന്ന ഒരെണ്ണം. കുറച്ച് തട്ടുമുട്ടുകൾ ഉണ്ടായത് പെയിന്റ് ചെയ്തു, മറ്റു പണികൾ എല്ലാം തീർത്തു, പോകാൻ തക്ക വണ്ണം നാനോ റെഡിയാക്കി. മൊത്തത്തിൽ ഒരു 200 സിസി ബൈക്കിന്റെ വിലയിൽ നാനോ റെഡി.

ഇത്തരുണത്തിൽ പറയേണ്ടുന്ന മറ്റൊരു കാര്യം, സംഗതി നാനോ സ്റ്റോറി ഒരു പഴയ പ്ലാൻ ആയിരുന്നു. സുഹൃത്ത് ഉമ്മർ അതിനുള്ള സ്ക്രിപ്റ്റ് ഒക്കെ എഴുതിയും വച്ചിരുന്നതാണ്. എന്നാലും ഈ യാത്ര ഇന്ന് പോകുമ്പോൾ ഒരു ഓട്ടോ ജേര്ണലിസ്റ് എന്ന നിലയിൽ നിർമാണത്തിൽ ഉള്ള ഒരു വണ്ടി എടുത്തു പോയാൽ ഉള്ള പ്രെശ്നം അതൊരു പ്രമോഷൻ യാത്രയാകും എന്നതാണല്ലോ ഇതിപ്പോൾ അങ്ങനെ ഒരു പ്രശ്നവുമില്ല തന്നെ.

എന്നിരുന്നാലും നമുക്ക് ഈ യാത്രയിൽ ഒന്ന് രണ്ടു സ്പോൺസർമാരുണ്ട്, വിഡിയോയകൾക്ക് ആണത്.ആയതിനാൽ അവർക്കുള്ള നന്ദി മാത്രം ഇവിടെ പറയാം.

യാത്ര ഒറ്റക്കല്ല എന്നതും ഇവിടെ പറയണം, നാനോയിലാണ് യാത്ര എന്ന് പറഞ്ഞിട്ടും കൂടെ വരാനും കാര്യങ്ങൾ എല്ലാം ഒപ്പം നിന്നു നടത്തിതരാനും  തയ്യാറായി അനു വാസുദേവരൂ എന്ന അനു തയ്യാറായി, ഈ യാത്ര ഇത്ര പെട്ടെന്ന് നടക്കാൻ അതും ഒരു കാരണമാണ്. ഒറ്റക്കാണ് എങ്കിൽ ഇതെങ്ങനെ അവസാനിച്ചേനെ? എനിക്ക്  അറിയില്ല.

നാനോ വാങ്ങി  എന്ന് പറഞ്ഞില്ലേ, വാങ്ങിയാൽ മാത്രം പോരായിരുന്നു, വണ്ടിയെക്കുറിച്ഛ് എല്ലാം അറിയാം എന്നഹങ്കരിക്കുന്ന എനിക്ക് അത്യാവശ്യം പണി തന്നു കൊണ്ടാണ് ആ വണ്ടി കയ്യിലേക്ക് വന്നത്, പക്ഷെ ഈ യാത്രയിൽ ആ വണ്ടി ഒരു പണിയും തന്നതും ഇല്ല എന്നതാണ് രസം.

ജൂലൈ 22, വൈകുന്നേരം കൊച്ചിയിലെ ടാറ്റ ഡീലർഷിപ്പിൽ നിന്ന് ചിലർക്കെങ്കിലും ടാറ്റായുടെ സ്‌പോൺസേർഡ് വണ്ടിയാണ് എന്ന തോന്നലുണ്ടാക്കി യാത്രയുടെ ഫ്ലാഗ് ഓഫ് നടന്നു.

വിവേക് വേണുഗോപാൽ എന്ന വിവേക് ജി, സന്തോഷത്തോടെ കൊടി വീശി ഞങ്ങളെ യാത്രയാക്കി.

ആരാണ് വിവേക്, ഒരു നല്ല സുഹൃത്താണ്, അത് മാത്രമല്ല ക്വാട്ടർ മൈൽ  എന്ന ഇംഗ്ലീഷ് ഓട്ടോ മാഗസിൻ വിവേകിന്റെയാണ്. വാഹനങ്ങളെ അരച്ച് കലക്കി കുടിച്ച ഒരാൾ, ഒരു എൻസൈക്ലോപീഡിയ.

യാത്ര തുടങ്ങിയത് കൊച്ചിയിൽ നിന്നാണ്, എന്നാലും യാത്ര തുടങ്ങേണ്ടത് കന്യാകുമാരിയിൽ നിന്നും, ഇന്നത്തെ യാത്ര ചെന്നിത്തല വരെയാണ്. അവിടെയാണ് അനു താമസിക്കുന്നത്, അവിടെനിന്നു നാളെ പുലർച്ചെ കന്യാകുമാറിയിലേക്ക് പോകണം.

കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്നും ചായ കുടിച്ച് പോകുന്ന വഴിക്കു ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെകുറിച്ച് സംസാരിച്ചു കൂടെ ഉണ്ടായിരുന്നവരും, വിവേകും പിരിഞ്ഞു. യാത്ര തുടങ്ങുന്നു, നാനോ ഓടിത്തുടങ്ങി, അല്ല നാനോ ഞാൻ ഓടിച്ചു തുടങ്ങി.

leave your comment


Top