കന്യാകുമാരിയിലേക്ക്
കന്യാകുമാരിയിൽ ഇതാദ്യമല്ല, പലവട്ടം വന്നിട്ടുണ്ട്, എന്നാലിത് അങ്ങനെയല്ലല്ലോ. ഒരു തുടക്കം എന്ന നിലയിൽ ഈ യാത്രയിൽ ഏറ്റവും പ്രാധാന്യമുളള സ്ഥലമാണിത്. ഏറെക്കുറെ എട്ട് മണിക്കൂറോളം വണ്ടിയോടിച്ചു. ഉച്ചയോടെ, അല്ല, ഉച്ചക്ക് ശേഷം എന്ന് തന്നെ പറയാം രണ്ടരയോടെയാണ് നമ്മൾ കന്യാകുമാരിയിൽ എത്തുന്നത്. ഹൈവേക്ക് പകരം തീരദ്ദേശപാത തിരഞ്ഞെടുക്കാൻ കാരണം ഗൂഗിൾ മാപ്പ് തിരക്ക് കുറവാണ് എന്ന് പറഞ്ഞതിനാൽ ആയിരുന്നു. തിരക്ക് കാര്യമായി ഉണ്ടായില്ല എങ്കിലും ചെറിയ വഴിയും അതിലെ മോശം ടാറിംഗും, യാത്രക്ക് കാര്യമായ ഒരു വേഗത തന്നില്ല. കടൽ കാറ്റും കടലിന്റെ ദൂരകാഴ്ചയും യാത്രയെ വിരസയില്ലാത്തതാക്കാൻ സഹായിച്ചു എന്നത് വേറെ കാര്യം.
തുടക്കം കൊച്ചിയിൽ നിന്നായിരുന്നുവല്ലോ, നാനോയുടെ പള്ളയിൽ കഷ്ടപ്പെട്ട് കുത്തി നിറച്ച ഇരുപത്തിയഞ്ച് ലിറ്റർ പെട്രോൾ ഉണ്ടായിരുന്നു, ഇനി മധുരയിൽ നിന്ന് നിറക്കാം എന്നുമാണ് തീരുമാനിച്ചിരുന്നത്. കന്യാകുമാരിയിൽ എത്തുമ്പോൾ ഏറെക്കുറെ 230 കിലോമീറ്ററോളം പിന്നിട്ടിരുന്നൂ, എന്നാലും ടാങ്കിൽ നാല് കട്ട പെട്രോൾ ബാക്കിയുണ്ടായിരുന്നു.
നനോയിൽ പെട്രോൾ അടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല, ഒന്നാമത് ബോണറ്റിൽ ആണ് ഫില്ലർ. പെട്രോൾ അടിക്കാൻ ഓരോ തവണയും അത് മാത്രമല്ല ബോണറ്റ് കൂടി തുറക്കുകയും വേണം എന്നാൽ അത് മാത്രം പോര താനും. പരന്ന് ഏകദേശം ഒരു ഇഞ്ച് മാത്രം ഉയരമുള്ള ടാങ്ക് ആണ് നാനോയിൽ, അത് ഫ്ലൂറിന് താഴെയുമാണ്, ഇലക്ട്രിക് കാറുകളുടെ ബാറ്ററി പോലെ. അതിലേക്ക് പെട്രോൾ എത്തുന്നത് വലിയ ട്യൂബിൽ കൂടിയാണ്. ആദ്യ പതിനഞ്ച് ലിറ്റർ വേഗം അടിക്കാം, പിന്നീട് തുളുംബി പോകും. പെട്രോൾ ടാങ്ക് കപ്പാസിറ്റി അറിയാത്തവർ ടാങ്ക് നിറഞ്ഞെന്ന് തന്നെ കരുതും. പക്ഷേ കാര്യം അങ്ങനെയല്ല. മെല്ലെ മെല്ലെ അടിച്ച് അടിച്ച് മുകളറ്റം വരെ നിറച്ചാൽ ഇരുപത്തി അഞ്ച് ലിറ്ററോളം അകത്ത് കേറ്റാം. തദ്വാരാ നാനൂറു കിലോമീറ്ററിന് പുറത്ത് നാനോ ഒരു ഫുൾടാങ്കിൽ ഓടും. ഏറെക്കുറെ ഇരുപത് ഒക്കെയാണ് മൈലേജ് അതും ചവിട്ടി വിട്ട് പോയിട്ടും.
ഇന്ന് യാത്ര തുടങ്ങിയത് ചെന്നിത്തലയിലേ അനുവിൻന്റെ വീട്ടിൽ നിന്നയിരുന്നു. അനുവാണെങ്കിൽ പോകുന്ന വഴിയിൽ ഉള്ള എല്ലാ ബന്ധുവീട്ടിലും കേറാം എന്നൊരു രഹസ്യ അജണ്ട കൂടെ വച്ചിരുന്നു. താമസം ഭക്ഷണം എന്നീ കാര്യങ്ങളെക്കുറിച്ച് പലയിടത്തും ഒന്ന് ചിന്തിക്കേണ്ടി പോലും വന്നില്ല എന്നതാണ് ഇത് കൊണ്ട് ഉണ്ടായ നേട്ടം. നേരിട്ട് കാണാത്ത എന്നാല് നല്ലണം അറിയുന്ന പലരെയും നേരിട്ട് കാണാനും അവരുടെ കൂടെ താമസിക്കാനും കഴിഞ്ഞു എന്നതാണ് മറ്റൊരു നേട്ടം. എല്ലാവരും സ്നേഹത്തോടെ നല്ലവണ്ണം പരിചരിച്ച് സന്തോഷത്തിലാണ് യാത്രയാക്കിയതും.
തിരുവനന്തപുരത്ത് അങ്ങനെ രണ്ട് വീടുകൾ ഞങ്ങൾ സന്ദർശിച്ചു. അതിലൊന്ന് എൻന്റെ ഒരു മെന്റെർ ആയ കിരൺ ഭായിയുടെ വീടായിരുന്നു. അദ്ദേഹത്തിന്റെ പുതിയ വീട്ടിൽ ആദ്യമായി പോകുന്നത് തന്നെ ഈ യാത്രയിലാണ്. അഡ്വക്കറ്റ് ആയ കിരൺ ഞങ്ങൾക്ക് വേണ്ടി കാത്ത് നിന്നിരുന്നു. അവിടെ നിന്ന് അവരെയും കണ്ട് ഒരു ചായയും കുടിച്ച് ഞങൾ നേരെ എടിനോറയിലേക്ക് പോയി
എടിനോറ ഒരു ടൂത്ത് പേസ്റ്റ് ആണ്, ഓർഗാനിക് ആയ ഭക്ഷിക്കാൻ പറ്റിയ ഒരു ടൂത്ത് പേസ്റ്റ്. ടൂത്ത് പേസ്റ്റ് എന്തിനാണ് ഭക്ഷിക്കുന്നത് എന്നാണ് എങ്കിൽ. അഥവാ അകത്ത് പോയാലും കുഴപ്പമില്ല എന്ന് കണ്ടാൽ മതി
അവർ നമ്മുടെ സ്പോൺസർ ആണ്. ചെറിയ ചിലർ വേറെയും ഉണ്ടെങ്കിലും തത്വത്തിൽ പറഞ്ഞ കാര്യം ചെയ്ത സ്പോൺസർ എന്ന നിലയിൽ തീർത്തും ഈ യാത്രയിൽ സഹായമായി വർത്തിച്ചത് അവരുടെ സ്പോൺസർഷിപ്പ് ആയിരുന്നു എന്ന് തന്നെ പറയണം.
അവിടുത്തെ പ്രഭാകരൻ സാറ് ഒരു രസികനാണ്, പ്രവീൺ ഒരു നല്ല സുഹൃത്തും. അവിടെനിന്ന് വണ്ടിയിൽ ചെറിയ തോതിൽ ബ്രാൻഡിംഗ് എല്ലാം ചെയ്ത് ഒരു നല്ല കേക്ക് ഒക്കെ മുറിച്ച് കുറച്ച് പേസ്റ്റും കയ്യിൽ എടുത്ത്, പ്രഭാകരൻ സാറ് വാങ്ങി തന്ന നല്ല ഭക്ഷണവും കഴിച്ച് പോകാൻ റെഡിയായി.
എടുത്ത പേസ്റ്റ് ഉപയോഗത്തിന് പുറമെ ചിലർക്കൊക്കെ സമ്മാനിക്കുകയും ചെയ്യുകയുണ്ടായി, അതിനെക്കുറിച്ച് വഴിയേ പറയാം.
എല്ലാ ദിവസവും ഓരോ അദ്യായമായി വീഡിയോ ചെയ്യണം എന്ന ഒരു ലക്ഷ്യം ഈ യാത്രയിൽ പ്രധാനമാണ്. പക്ഷേ ഇതെങ്ങനെ തുടങ്ങണം എന്തൊക്കെ കാണിക്കണം എന്നൊന്നും അറിയില്ല, എന്നിരുന്നതിനാലും, സാധാരണ ചെയ്യുന്ന ഒരു കാര്യം വാഹന നിരൂപണം ആയത് കൊണ്ടും ഒരു വണ്ടി റിവ്യൂ ചെയ്ത് കഴിഞ്ഞാൽ വീഡിയോയിൽ ഇടാമല്ലോ എന്ന് കരുതി, പ്രവീൺ ഉപയോഗിക്കുന്ന ഡസ്റ്റർ ഒരു ചെറിയ വീഡിയോയിലാക്കി കയ്യിലെടുത്ത്, വണ്ടി എടുത്തു. ഇനി കന്യാകുമരിയിലെ ഒഫിഷ്യൽ തുടക്കം. അതെങ്ങനെയാവണം.
അതിനി അവിടെ ചെന്നിട്ട് തീരുമാനിക്കാം!
എന്തായാലും, പെട്ടെന്നുണ്ടായയാത്രയാണ്. അതെങ്ങനെ സംഭവിച്ചു എന്നത് ഇത്തരുണത്തിൽ പറയാം.
ഉദ്യോഗം കളഞ്ഞ്, എന്താണ് ചെയ്യേണ്ടത് എന്ന് കൂലങ്കഷായി ചിന്തിക്കുന്ന ഒരു സമയമായിരുന്നു. നാനോ കൊണ്ട് ഇന്ത്യ കാണണം എന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും, കാലങ്ങൾ പിന്നിട്ടപ്പോൾ അത് ചെറുതായി മങ്ങി പോയിരുന്നു എന്നതാണ് സത്യം.
കയ്യിൽ കുറച്ച് പണം ഉണ്ട്, യാത്ര ചെയ്യേണ്ടത് ഇപ്പൊൾ തന്നെയാണ് എന്ന് മനസ്സ് പറഞ്ഞ് കൊണ്ടുമിരുന്നീരുന്നു. ഏത് വണ്ടിയിൽ പോകണം എന്നൊന്നും തീരുമാനിക്കാൻ കഴിയുന്നുമുണ്ടായില്ല. കയ്യിലുള്ള വണ്ടിയിൽ പോയാൽ അതിൽ വലിയ പ്രത്യേതയൊന്നും ഉണ്ടെന്ന് തോന്നിയതുമില്ല. ബൈക്കിൽ പോകാൻ അത്ര വലിയ കൗതുകം ഒന്നും ഉണ്ടായതുമില്ല
അങ്ങനെയാണ് പഴയ നനോയാത്ര ഇപ്പൊൾ എന്ത് കൊണ്ട് നടത്തിക്കൂടാ എന്ന തോന്നൽ വരുന്നത്. അങ്ങനെയാണ് നാനോ വാങ്ങുന്നത്!
ഇതിൽ ഒരു ചെറിയ സംഭവം കൂടെയുണ്ട്. ഈ നാനോ വാങ്ങണം യാത്ര പോണം എന്ന ആഗ്രഹം ഞാൻ ആദ്യം പറയുന്നത് വിവേകിനോടാണ്. സാധാരണ ഞാൻ ഇങ്ങനെ ഉള്ള പ്രാന്തൻ കര്യങ്ങൾ വിളിച്ച് പറയാറുണ്ട്, ഒന്നും പക്ഷേ നടക്കാറുമില്ല. എന്തായാലും ആ സമയം അദ്ദേഹം എന്തോ തിരക്കിൽ ഇരിക്കുകയായിരുന്നുവത്രെ മാത്രമല്ല എന്റെ ഒരു ആഗ്രഹം മുളയിലേ നുള്ളണ്ട എന്നും കരുതിയിട്ടാണത്രെ, നല്ല കാര്യമാണ് നീ പോ എന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത്, തത്ഫലമായി അത് ഈ യാത്രയുടെ കൊടി വീശലിൽ തന്നെ പുള്ളിയെ കൊണ്ടെത്തിച്ചു.
കന്യാകുമാരിയിൽ എത്തി ആദ്യ ലക്ഷ്യം ഉച്ച ഭക്ഷണമായിരുന്നു. ആദ്യം കണ്ട വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഊണ് തന്നെ കഴിച്ചു. യാത്രയിൽ പച്ചക്കറി മതി എന്ന് തീരുമാനിച്ചിരുന്നു, വേറെ കാര്യമൊന്നുമില്ല അനു വെജിറ്റേറിയനാണ് അത് കൊണ്ട് ഞാനും കൂടെ കൂടുന്നു എന്ന് മാത്രം
ഇനി ഇവിടന്നങ്ങോട്ട് കിട്ടുന്ന ഭക്ഷണം എന്താവും എന്നും അറിയില്ലല്ലോ, അത് കൊണ്ട് തന്നെ വിശാലമായി ഊണ് കഴിച്ചു
ബോട്ടിന് ടിക്കറ്റ് എടുക്കാൻ നല്ല തിരക്കായിരുന്നു, ആ തിരക്കിൽ തിക്കി തിരക്കി രണ്ട് ടിക്കറ്റും ഒപ്പിച്ച് അനു വരുമ്പോഴേക്കും നല്ല ഒരു സ്ഥലം കണ്ടെത്തി നനോയെ ഞാൻ അവിടെ തളച്ചു
ക്യാമറ രണ്ട് ലാപ്ടോപ്പ്, കുറച്ച് കിടി പിടികൾ എന്നിങ്ങെയുളള സംഗതികൾ വണ്ടിയിൽ ഉണ്ട്. നനോക്ക് സെൻട്രൽ ലോക്ക് ഒക്കെയുണ്ട് പക്ഷേ ഒരു വലി വലിച്ചാൽ ചിലപ്പോൾ അത് തുറന്നേക്കും എന്നൊരു പേടിയുള്ളത് കൊണ്ട്, കൺ വെട്ടത്ത് തന്നെ പാർക്ക് ചെയ്യുന്നതാണ് ബുദ്ധി.
ബോട്ടിൽ കേറി നേരെ വിവേകാനന്ദപ്പാറയിലെത്തി, എല്ലാം നടന്ന് കണ്ടൂ മണ്ഡപത്തിന് അകത്ത് കേറി ആ നിശബ്ദതയിൽ കുറച്ച് നേരം നിന്ന് പുറത്തിറങ്ങി, അടുത്ത ബോട്ടിൽ വണ്ടിക്കടുത്ത് വന്ന് വണ്ടിയെടുത്ത് വിവേകാനന്ദപാറ നേരെ മുന്നിൽ കാണാവുന്ന മണൽതിട്ടയിൽ കാറു കൊണ്ടിട്ട് കുറച്ച് ചിത്രങ്ങൾ പകർത്തി. എന്നിട്ട് നേരെ റെയിൽവേസ്റ്റേഷനിലേക്ക് പോയി.
അവിടെ ചെന്ന് അകത്ത് കയറി റയിൽ പാലം തുടങ്ങുന്നയിടത്ത്. അതായത് ഇങ്ങേ അറ്റത്ത് റയിൽ പാലത്തിൻ തുടക്കത്തിൽ നിന്ന് കൊണ്ട് ഞങൾ അങ്ങേ അറ്റത്തെക്കുള്ള യാത്ര തൂടങ്ങുകയായിരുന്നു
ഫോട്ടോ എടുത്ത് പുറത്ത് വന്ന് നനോയിലേക്ക് കയറി. ഇനി മധുരയാണ് ലക്ഷ്യം. ഏകദേശം അഞ്ചുമണിയാവുന്നു, ഇപ്പൊ പുറപ്പെട്ടാൽ രാത്രി അംഗെത്താം.
നാനോ വീണ്ടും ചീറിപായാൻ തുടങ്ങി!
You must be logged in to post a comment.