ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍റെ ആദ്യത്തെ ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹരിയാനയില്‍ തുറന്നു
ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ (എച്ച്ഐഎഫ്) ഹരിയാന സര്‍ക്കാരുമായി ചേര്‍ന്ന് തങ്ങളുടെ ആദ്യത്തെ ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐഡിടിആര്‍ ) ഇന്‍സ്റ്റിറ്റ്യൂട്ടും കമ്മ്യൂണിറ്റി പാര്‍ക്കും തുറന്നു. അപകടരഹിത സമൂഹത്തെ കെട്ടിപ്പടുക്കുകയും കമ്പനിയുടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയുമാണ് ഹരിയാനയിലെ കര്‍ണാലില്‍ ആരംഭിച്ച ഐഡിടിആറിന്‍റെ ലക്ഷ്യം.
9.25 ഏക്കറിലായി കര്‍ണാല്‍ ബാല്‍ദി ബൈപാസിലെ ഇന്ദ്രി റോഡില്‍ സ്ഥാപിച്ച ഐഡിടിആര്‍ നൈപുണ്യവും ആത്മവിശ്വാസവുമുള്ള റൈഡര്‍മാരെ വാര്‍ത്തെടുക്കാന്‍ സഹായകമാകും. ശാസ്ത്രീയമായി രൂപകല്പന ചെയ്ത റിഫ്രഷര്‍, ലേണര്‍ കോഴ്സുകളില്‍ തിയറി, സിമുലേറ്റര്‍, പ്രായോഗിക പരിശീലനം എന്നിവയെല്ലാം ഉള്‍പ്പെടും.
ഐഡിടിആറിലെ അത്യാധുനിക സിമുലേറ്ററുകള്‍ റോഡിലെ യഥാര്‍ത്ഥ റൈഡിങ് അനുഭവമായിരിക്കും റൈഡര്‍മാര്‍ക്ക് നല്കുക. ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്ക് (എഡിടിടി) സജ്ജീകരിച്ചിട്ടുള്ള ആദ്യത്തെ സ്ഥാപനമെന്ന പ്രത്യേകതയും കര്‍ണാലിലെ ഐഡിടിആറിനുണ്ട്. ഇതിന് പുറമെ, കോര്‍പ്പറേറ്റുകള്‍ക്കും ഫ്ളീറ്റ് ഉടമകള്‍ക്കും പ്രത്യേക പരിശീലന പരിപാടികളും സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. ഈ രംഗത്തെ വിദഗ്ധരാണ് റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് പരിശീലനം നല്കുക. കര്‍ണാലിലെ സെക്ടര്‍ ഏഴിലുള്ള കമ്മ്യൂണിറ്റി പാര്‍ക്ക് പൂര്‍ണമായും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഓപ്പണ്‍ എയര്‍ ജിം, റണ്ണിങ് ട്രാക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൗരന്മാരെ ഉത്തരവാദിത്തമുള്ള ഡ്രൈവര്‍മാരും റൈഡര്‍മാരുമായി മാറ്റുന്നതിനുള്ള മറ്റൊരു ചുവടുവെയ്പ്പാണ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടെന്നു ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു. റോഡ് സുരക്ഷയും പരിസ്ഥിതിയും ഞങ്ങളുടെ ദീര്‍ഘകാല ദൗത്യത്തിലെ നെടുംതൂണുകളാണെന്നും സാമൂഹികപ്രതിബദ്ധതയുള്ള ഒരു കോര്‍പ്പറേറ്റ് എന്ന നിലയില്‍ കാര്‍ബണ്‍ സാന്നിധ്യം കുറയ്ക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐഡിടിആര്‍), കമ്മ്യൂണിറ്റി പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഹരിയാന സംസ്ഥാന ഗതാഗത മന്ത്രി മൂല്‍ചന്ദ് ശര്‍മ, ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അറ്റ്സുഷി ഒഗാറ്റ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായ വിനയ് ധിംഗ്ര, കത്സുയുകി ഒസാവ, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സിഎസ്ആര്‍ കമ്മിറ്റി അംഗം വി.ശ്രീധര്‍, ഹരിയാന സര്‍ക്കാരിലെ മറ്റു വിശിഷ്ട വ്യക്തികള്‍, ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
You must be logged in to post a comment.