Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

പുതിയ ജീപ്പ് കോമ്പസ്സ് കൊണ്ടൊരു നൈറ്റ് ഡ്രൈവ്

പുതിയ ജീപ്പ് കോമ്പസ്സ് കൊണ്ടൊരു നൈറ്റ് ഡ്രൈവ്

ചില ദിവസങ്ങൾ വളരെ സാധാരണമായിരിക്കും കടന്ന് പോകുന്നത്, അത് ചിലപ്പോൾ വളരെ പെട്ടെന്നാവും അസാധാരണമാവുന്നത്.

ഇന്നത്തെ ആ അസാധാരണ സംഗതിക്ക് ജീപ്പ് കോമ്പസ്സ് എന്നാണ് പേര് പുതിയ മോഡല് വന്നു എന്ന് കേട്ടപ്പോൾ മുതലുള്ള കാത്തിരിപ്പാണ്. ഒരിത്തിരി വൈകിയാണ് വണ്ടി കയ്യിൽ കിട്ടുന്നത് ഏകദ്ദേശം പത്തുമണിയാകുന്നു.

എന്തായാലും ഇന്നിനി ഉറങ്ങുന്നില്ല എന്ന് തീരുമാനിച്ചു. നേരെ വിടുകയാണ്, വാഗമൺ വഴി കുട്ടിക്കാനം അവിടെ പോയി ഒരു ചായ കുടിക്കണം തിരിച്ച് കോട്ടയം വഴി കൊച്ചി, അപ്പോഴേക്കും നേരം വെളുക്കുമായിരിക്കും.

പുതിയ ജീപ്പ് കോമ്പസ് അതിന്റെ ഏറ്റവും പുതിയ നിറമായ പച്ച കളറിലാണ് വന്നിരിക്കുന്നത് പഴയ വണ്ടിയിൽ കണ്ട കറുത്ത ക്ലാഡിങ് ഇപ്പോൾ ഇല്ല പകരം അതും ബോഡി കളർ തന്നെ.

ബാഗ് എടുത്ത് ബൂട്ടിൽ വക്കാൻ ബൂട്ട് തുറക്കാൻ ശ്രമിക്കുമ്പോഴാണ് പുതിയ ജീപ്പ് കോമ്പസ്സിന് ഓട്ടോമാറ്റിക് ആയി തുറക്കുന്ന പവേർഡ് പിൻ വാതിലാണ് എന്ന് മനസിലായത്. തുറക്കാൻ ബൂട്ട് ലീഡിൽ ഉള്ള ചെറിയ സെൻസർ പ്രസ് ചെയ്‌താൽ മതിയാകും പക്ഷ അടക്കാൻ ഉള്ള ബട്ടൺ ടൈൽ ഗേറ്റിൽ അല്ല പകരം അകത്ത് ഇടതു വശത്തു ഒരു പാനലിൽ ആണ് എന്ന് കണ്ടത്, അതിത്തിരി അസൗകര്യം തന്നെയാണ്.

അകത്തു കയറുന്നതിനു മുന്നേ ചുറ്റുമൊന്നും നടന്നു, മുന്നിലെ ഗ്രില്ലിൽ കാര്യമായ മാറ്റമുണ്ട്, അടച്ചു കെട്ടിയ ഗ്രിൽ ആണെന്ന് കാണാം, കൂട്ടത്തിൽ ഗ്രില്ലിനു നടുവിലായി ഒരു ക്യാമറയും കണ്ടു. 360 ഡിഗ്രി പാർക്കിങ് ക്യാമറയുടെ ഭാഗമാണത് പക്ഷെ മുൻപിൽ പാർക്കിങ് സെൻസറുകൾ കണ്ടുമില്ല

വലിയ എൽ ഇ ഡി പ്രൊജക്ടർ ഹെഡ് ലാമ്പുകളും, നല്ല വെളിച്ചവും നൽകുന്ന കുഞ്ഞൻ ഫോഗ് ലാമ്പുകളും വിസ്തൃതിയേറിയ ജീപ്പിന്റെ തനതായ 7 സ്ളാട്ടുക്കൾ ഉള്ള ഗ്രില്ലും കോമ്പസിന്റെ മുൻവശത്തിനു ഗാംഭീര്യമേകുന്നുണ്ട്.

വശങ്ങളിൽ കാര്യമായ മാറ്റം എന്ന് പറയാൻ പുതുതായി വന്ന അലോയ് വീലുകളും, ബോഡി കളറിലേക്കു മാറിയ ബോഡി ക്ലാഡിങ്ങും മാത്രം.

18 ഇഞ്ച് അലോയ് വീലുകൾ കാഴ്ചക്ക് നല്ല ഭംഗിയുണ്ട്. ഓടിക്കുമ്പോൾ എന്താണ് അവസ്ഥ എന്നത് പിന്നീട് പറയാം

ബോഡി കളറിൽ തന്നെയാണ് ഡോർ ഹാൻഡിലുകൾ, കോമ്പസ് എന്നയാ നാമകരണം, അതങ്ങനെ തന്നെയുണ്ട് ഡോറിൽ

പിൻ വശത്തു കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല, ടൈൽ ലാമ്പുകൾ എൽ ഇ ഡിയാണ് കൂടെ പിൻ വൈപ്പറും വാഷുമുണ്ട് കൂട്ടത്തിൽ കാമറ പിന്നിലും കാണാം. വശങ്ങളിൽ കണ്ണാടികൾക്കടിയിലും കാമറ കാണാം

ഇതിൽ വിട്ടു പോകാൻ പാടില്ലാത്ത ഒരു പുതിയ കാര്യം വലിയ പനോരമിക് സൺറൂഫാണ്, റൂഫ് റയിലുകൾക്കിടയിലാണ് എന്നത് കൊണ്ട് പെട്ടെന്ന് കണ്ണിൽ പെടില്ലയെങ്കിലും സംഗതി ജോറാണ്.

ഒരു ഷാർക്ക് ഫിൻ ആന്റിനയുമുണ്ട്.

അകത്തു കേറിയപ്പൊഴാണ് ഇത് പഴയ കോമ്പസ്സുമായി ഒരു ചായയും ഇല്ലല്ലോ എന്ന തോന്നൽഉളവാക്കിയത്, തികച്ചും പുതിയ സ്റ്റിയറിംഗ് കൂടെ ഒരുപാടു തരത്തിൽ ക്രമീകരിക്കാവുന്ന ഡിജിറ്റൽ മീറ്റർ കൺസോൾ, പുതിയ വലിയ സ്ക്രീൻ കൂടെ മെറ്റാലിക് ഇൻസേർട്ടുകൾ ഉള്ള പ്രീമിയം എന്ന ഫീൽ ഒറ്റ നോട്ടത്തിൽ തന്നെ നൽകുന്ന വലിയ ഡാഷ് ബോർഡ്.

അത്യാവശ്യം റെസ്പോൺസീവ് ആയ മീഡിയ സ്ക്രീൻ, അതിന്റെ കൂടെ 9 സ്പീക്കറുകളോട് കൂടിയ മികച്ച സൗണ്ട് സിസ്റ്റം. യു കണക്ട് ഉള്ള 25.6 സെന്റിമീറ്റർ വലിപ്പമുള്ള ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും അടങ്ങിയ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റമാണത്, കാണാൻ മാത്രമല്ല കാര്യത്തിലും കൊള്ളാം എന്ന് സാരം

സീറ്റുകൾ വെന്റിലേറ്റഡ് ആണ്, തണുപ്പിക്കാൻ ഉള്ള സൗകര്യമുണ്ട് എന്ന് സാരം, അവിടെയൊരു പ്രെശ്നം കണ്ടത്, സീറ്റുകൾ തണുപ്പിക്കാൻ പ്രത്യേകമായി ബട്ടണുകൾ ഇല്ല, അത് ആ മീഡിയ സ്‌ക്രീനിലാണ്. ഓട്ടത്തിനിടയിൽ അതും ഒരിത്തിരി അസൗകര്യം തന്നെ.

ലെതർ സീറ്റുകളാണ്, ഇലക്ട്രിക്ക് അഡ്ജസ്റ്മെന്റ് ഉണ്ട്, 8 വിധത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന തരമാണ് അത്

വലിയൊരു സെന്റർ കൺസോൾ രണ്ടു സീറ്റുകൾക്ക് നടുവിലായി നീണ്ടു നിവർന്ന് കിടക്കുന്നുണ്ട്. അതിനറ്റത്ത് ക്രമീകരിക്കാവുന്ന ആം റെസ്റ്റും കാണാം.

സവിശേഷതകൾ അവസാനിക്കുന്നില്ല, വയർലെസ്സ് ചാർജിങ്ങ്, കപ്പ് ഹോൾഡറുകൾ പിന്നെ ലെതർ വ്രാപ്പ് ചെയ്ത റ്റിൽറ്റും, റീച്ചും അഡ്ജസ്റ് ചെയ്യാവുന്ന സ്റ്റിയറിങ്ങും എല്ലാം ഇതിൽ പെടും.

എന്തായാലും യാത്ര തുടങ്ങേണ്ടതുണ്ട്. പുഷ് ബട്ടൺ ഞെക്കി വണ്ടി സ്റ്റാർട്ട് ആക്കി, വലിയ നാടകീയതയില്ലാതെ പുതിയ കോമ്പസ് സ്റ്റാർട്ട് ആയി, ചെറുതായി ഒന്ന് വിറച്ചു എന്ന് തോന്നി. അതത്ര അറിയുന്നൊന്നും ഇല്ല തന്നെ.

ടോപ് ഏൻഡ് മോഡലാണ് നാല് വീൽ ഡ്രൈവ് ഉള്ള എസ് വേരിയന്റ് ഡീസലാണ് ഇന്ധനം, കൂടെ ഒരു 9 സ്പീഡ് ടോർക്ക് കൺവെർട്ടെർ ഗിയർ ബോക്‌സും, അതെ ട്രയൽ ഹോക്കിൽ കണ്ട അതെ എൻജിനും ഗിയർ ബോക്‌സും.

1956 സിസി നാലു സിലിണ്ടർ ഡീസൽ എൻജിൻ ആണിത്, കുറച്ചു കാലം മുന്നേ വരെ 1.3 മൾട്ടിജെറ്റ് എൻജിൻ ആയിരുന്നു ഇന്ത്യയുടെ നാഷണൽ എൻജിൻ എന്ന് കേൾവി കേട്ടിരുന്നതെങ്കിൽ ഇന്നതേ 2 ലിറ്റർ എൻജിൻ ആണെന്ന് അതിശയോക്തിയോടെ പറയാം, കാരണം ജീപ്പ് കോമ്പസ്സിൽമാത്രമല്ലിതുള്ളത്, സഫാരിയിലും ഹരിയറിലും, എം ജി ഹെക്ടറിലും ഹെക്ടർ പ്ലസ്സിലും എല്ലാം ഇതേ എൻജിനാണ് ഉള്ളത്

170 പി എസ് പവറും 350 എൻ എം ടോർക്കുമാണ് ഈ എൻജിൻ പ്രധാനം ചെയുന്നത്. അത്യാവശ്യത്തിന് ഇന്ധനക്ഷമതയുമുണ്ട്.

ഡ്രൈവിനെ കുറിച്ച് പറഞ്ഞാൽ, ഹാൻഡ്ലിങ് കേമമാണ്, വാഗമണ്ണിലെ വളവുകളിലും കുട്ടിക്കാനത്തേക്കുള്ള മോശം റോഡിലും എല്ലാം മികച്ച അനുഭവമാണ് കോമ്പസ് തന്നത്.

സ്റ്റിഫ് ആണ് സസ്‌പെൻഷൻ, വലിയ വീലുകളുമാണല്ലോ തധ്വരാ വളവുകളിൽ വീശി എടുത്ത് പോകാൻ സ്പീഡ് ഒന്നും കോമ്പസ്സിന് ഒരു തടസ്സമേയല്ല. മോശം റോഡുകൾ താണ്ടാനും ഇനിയിപ്പോൾ റോഡുകൾ ഇല്ലാത്ത സ്ഥലങ്ങളിലാണ് എങ്കിലും സ്ഥലകാലബോധമില്ലാത്ത വിധം ഓടിച്ചു കൊണ്ട് നടക്കാൻ ഉതകുന്ന വണ്ടിയാണ് കോമ്പസ് എന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ല.

മികച്ച സ്റ്റീയറിങ്ങും, പിടിച്ചാൽ പിടിച്ചിടത്തു നിൽക്കുന്ന വിധം ആത്മവിശ്വാസം നൽകുന്ന ബ്രേക്കുകളും കോമ്പസ്സിന്റെ മറ്റു പ്രത്യേകതകളാണ്.

ഒരൊറ്റ പോക്കിൽ 6 മണിക്കൂറോളം തുടർച്ചയായി വണ്ടിയോടിച്ചു. മോശം റോഡുകൾ ഉണ്ടായിരുന്നു കിടിലൻ ഹൈ വേ ഉണ്ടായിരുന്നു കയറ്റിറക്കങ്ങൾ ഉണ്ടായിരുന്നു

ജീപ്പ് എന്നതൊരു വികാരമാണ്, അത് ജീപ്പ് എന്ന ലോഗോയുള്ള ഏതൊരു വണ്ടിയോടും അതങ്ങനെ തന്നെയാണ്,

ഭൂരിഭാഗമുള്ള മറ്റു ബോഡി ഓൺ ഫ്രേം 4×4 ഓഫ് റോഡറുകൾക്ക് വിഭിന്നമായി മോണോകോക്ക് നിർമ്മിതിയാണ് ജീപ്പ് കോമ്പസ്, അത് കൊണ്ട് തന്നെ നിഷ്പ്രയാസമായി ഓടിക്കാൻ കഴിയുന്ന നല്ല ഫൺ ഫാക്ടർ ഉള്ള ഒരു എസ് യു വി എന്ന വിശേഷണമാണ് കോമ്പസ്സിന് ചേരുന്നത്.

കൂടിയ വിലയാണ് ആകെയുള്ള പ്രെശ്നം.

ഇനി യാത്രയുടെ കാര്യം, നല്ല റോഡ് തന്നെയാണ് വാഗമൺ വരെ, അവിടന്നങ്ങോട്ട് പണി നടക്കുന്നുണ്ട്. വഴി ഒന്ന് തെറ്റി പീരുമേട് റോഡിൽ കേറി കുറെ വളഞ്ഞു തിരിഞ്ഞാണ് കുട്ടിക്കാനത്ത് എത്തുന്നത്. അവിടന്നങ്ങോട്ട് കോട്ടയം വഴി കിടിലൻ റോഡ് ആണ് പെർഫോമൻസ് ഒക്കെ നോക്കാൻ പറ്റിയ വഴി. എന്തായാലും യാത്ര അടിപൊളിയായിരുന്നു..

*ഏകദേശം 4 മണിയോട് കൂടി കൊച്ചിയിൽ തിരിച്ചെത്തി

പഴയ വീഡിയോ റിവ്യൂ വീഡിയോ കാണൂ

leave your comment


Top