Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

യാത്രകൾ ഓർമകളാണ്, അനുഭവങ്ങൾ സമ്പാദ്യങ്ങളും! .

യാത്രകൾ ഓർമകളാണ്, അനുഭവങ്ങൾ സമ്പാദ്യങ്ങളും! .

യാത്രകൾ ചെയ്യാനും ചെയ്തതിനെക്കുറിച്ച് അയവിറക്കാനും രസമ ണല്ലോ.  ഈയിടക്ക് ഏതോ ഒരു യാത്രവിവരണം വായിക്കവേയാണ് പ്രേമൻ ഒരിച്ചിരി പരിഹാസ സ്വരത്തിൽ നിനക്ക് യാത്ര ഉറക്കമാണ് എന്ന് പറയുന്നത്. ആണ് എന്നല്ല ആയിരുന്നു എന്നതാണ് കൂടുതൽ ശരി!

ഇപ്പൊ തിരിച്ചറിവുകളുണ്ട്, യാത്രകളെ ഡെസ്റ്റിനേഷൻ എന്നതിലുപരി സഞ്ചാരം കൂടെ ആസ്വദിക്കുമ്പോൾ മാത്രമേ അത് പൂർണമാകൂ എന്നറിയാം, അങ്ങനെയൊക്കെ ചിന്തിക്കവേയാണ് ഗൂഗിൾ ഫോട്ടോസിൽ ജർമനി യാത്രക്കിടെ ആസ്ട്രിയയിലെ ഇൻസ്ബ്രൂക്ക്  പോയ ഫോട്ടോസ് കാണുന്നത്. ശരി എന്തായാലും ഓർമകൾ തികട്ടി വരുന്നുണ്ട്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ചു എഴുതണം എന്ന് തോന്നുന്നു, എഴുതുന്നു.

ജോലി സംബന്ധമായ യാത്രയായതിനാൽ അന്നന്നത്തെ ചിലവിനു തരുന്ന പൈസയാണ് യാത്രക്കുള്ള ഉപാധി എന്ന് പറയുന്നത്. അതിനാൽ തന്നെ ചെലവ് കുറച്ചു വേണം യാത്രകൾ ചെയ്യാൻ, പാരീസ്, സ്വിട്സർലാൻഡ് എന്നീ സ്ഥലങ്ങൾ ആദ്യമേ വേണ്ടാന്ന് വച്ചു. പിന്നെ പ്രാഗ് ആണ്, അവിടെ പ്രേമൻ ഒറ്റക്കാണ് പോയത്. കൂടെ പോകാൻ കഴിഞ്ഞുമില്ല. ജീവിതത്തിലെ തീരാ നഷ്ടങ്ങളിൽ ഒന്നാണത്, എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ ഒരിക്കൽ പോകാൻ കഴിഞ്ഞേക്കും എന്നാലും അന്ന് അവൻ കൂടെ ഉണ്ടാവാൻ ചാൻസ് തീരെ കുറവാണു എന്നത് കൊണ്ടാണത്.

എന്തായാലും ചിലവ് കുറക്കാൻ എന്താണ് വഴി എന്നാലോചിച്ചു തല പുണ്ണാക്കിയൊന്നുമില്ല. നേരെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ചെയ്യുന്നിടത്തേക്കു ചെന്നു, മ്യൂണിച്ചിലെ ഹാപ്പനോഫ് ട്രെയിൻ സ്റ്റേഷനാണ്. അവിടെ ഇൻഫർമേഷൻ അറിയാൻ ടോക്കൺ സിസ്റ്റം ഒക്കെയാണ്, 5 ആയിരുന്നു നമ്പർ. അവിടെ ചെന്ന് കാര്യം പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചു. ജർമൻ ആണ് ഒഫീഷ്യൽ ഭാഷ എന്നാലും ഇന്ത്യക്കാർ ആണെന്ന് പറഞ്ഞപ്പോൾ അവിടെ ഇരുന്ന പുള്ളിക്ക് വല്ലാത്ത സ്നേഹം, പിന്നീട് അങ്ങോട്ട് പുള്ളി ഇംഗ്ലീഷ് ആണ് സംസാരിച്ചത് (ക്രിസ് എന്നായിരുന്നു അയാളുടെ പേര് എന്നാണ് ഓർമ)

ഏറ്റവും കുറഞ്ഞ ഒരു ടിക്കറ്റ് തന്നെ അയാൾ പറഞ്ഞു തന്നു 32 യൂറോ രണ്ടു പേർക്ക്.

റീജിയോ എന്നാണ് ആ ട്രെയിന്റെ പേര്. കാശ് കുറഞ്ഞ ട്രെയിൻ ആയതിനാൽ ഇടക്ക് ഗാർമിഷ്‌ പാർക്ക് എന്ന സ്ഥലത്തു നിന്ന് വേറെ ഒരു ട്രെയിനിലേക്ക് ഒന്ന് മാറിക്കേറണം എന്നൊരു പ്രെശ്നം മാത്രമേ ഉള്ളൂ.

ഞങ്ങൾ രണ്ടും ചിലവ് കുറക്കാൻ എന്തിനും റെഡി ആയിരുന്നു. ഒരൊറ്റ സങ്കടം ഉണ്ടായിരുന്നത് ബുള്ളറ്റ് ട്രെയിനിൽ പോകാൻ കഴിഞ്ഞില്ല എന്നതായിരുന്നു, അത് പിന്നീടാവാം എന്ന് സമാധാനിച്ചുകൊണ്ട് 32 യൂറോക്ക് രണ്ടു പേർക്ക് ടിക്കറ്റെടുത്തു. ഇനി പിറ്റേന്ന് രാവിലെ 4.50 നു ട്രെയിൻ കേറാൻ വരണം.

ഞങ്ങൾ താമസിക്കുന്ന സ്ഥലത് നിന്നും യു ബാൻ എന്ന മെട്രോയും പിന്നെ എസ് ബാൻ എന്ന ട്രെയിൻ സർവീസുമാണ് ഉള്ളത്. മെട്രോ തുടങ്ങുന്നത് 6 മണിക്ക് ശേഷം മാത്രം ആയതിനാൽ എസ് ബാൻ മാത്രമേ ഉള്ളൂ ടാക്സിയൊന്നും ആശ്രയിക്കാൻ കഴിയാത്ത അത്രയും കാശ് ആണ് അത് കൊണ്ട് തന്നെ ആ ഒരൊറ്റ ഓപ്‌ഷൻ മാത്രമേ ഉള്ളു, എസ് ബാൻ ലോക്കൽ ട്രെയിൻ.

3.30 നു എണീറ്റ് റെഡി ആയി എസ് ബാൻ കേറാൻ നടന്നു തുടങ്ങി. രണ്ടു രണ്ടര കിലോമീറ്റർ നടക്കാൻ ഉണ്ട് പക്ഷെ അവിടുത്തെ ഒരു സാഹചര്യം വച്ച് ദിവസം മുഴുവൻ നടന്നാലും വല്യേ പ്രെശ്നം ഒന്നുമില്ല.

ജർമൻസ് എപ്പോഴും മഴ പ്രതീക്ഷിക്കുന്നു (Germans always expect rain) എന്നാണ് പറയുക അത് കൊണ്ട് താന്നെ കുട എടുത്തേ പറ്റൂ എന്ന് അവൻ വാശി പിടിച്ചത് കൊണ്ട് നനയാതെ സ്റ്റേഷനിൽ എത്താനായി. എസ് ബാൻ കേറി, മ്യൂണിക് സ്റ്റേഷൻ എത്തി റിജിയോ കണ്ടു പിടിച്ചു സീറ്റിൽ ഇരിപ്പുറപ്പിച്ചു. സീറ്റിനു നമ്പർ ഒന്നുമില്ല. ഇഷ്ടപെട്ട ഒരു സീറ്റിൽ അങ്ങ് ഇരുന്നു.

പറഞ്ഞ സമയത്ത് വണ്ടി എടുത്തു ടിക്കറ്റ് വില കുറവാണു എന്നൊന്നും എൻജിൻ അറിഞ്ഞ ഭാവമില്ല, വണ്ടി പറ പറക്കുകയാണ്. വളരെ കുറഞ്ഞ സ്റ്റെഷനുകളിൽ മാത്രമേ നിർത്തുന്നുള്ളു. ബോറടിക്കാത്ത യാത്ര. കാറുകൾ ട്രക്കുകൾ ഒക്കെ കെട്ടി വച്ചുകൊണ്ട് ഓപ്പോസിറ് വരുന്ന ട്രെയിനുകൾ കാണാൻ നല്ല രസം.

പുലർച്ചെ എണീറ്റ് നടന്നതിനാൽ ആവണം, ഈയുള്ളവൻ ചെറുതായി ഒന്ന് മയങ്ങി. പക്ഷെ അവൻ എന്റെ ചവിട്ടി എണീപ്പിച്ചു.

ഇടക്കുള്ള സ്റ്റേഷനിൽ എത്തിയപ്പോൾ മാറി കേറാൻ നിക്കുമ്പോൾ ലഘു ഭക്ഷണം ബ്രേക്ക് ഫാസ്റ്റ് ആക്കി കഴിച്ചു. ഇവിടെ ഫുഡ് ഒരു പ്രശ്നമല്ല. പലതരം ബ്രെഡുകൾ ഉണ്ട്. ഇഷ്ടപെട്ടാൽ പിന്നെ ഒരു വിഷയവും ഇല്ല.

അടുത്ത ട്രെയിൻ കേറി യാത്ര തുടങ്ങി. റോഡുകൾക്ക് അടുത്തൂടെ പോകുന്ന റെയിൽ പാത.

ചിലയിടത്ത് ഗ്രാമ ബാക്കി കാണിച്ചു തന്നുവെങ്കിൽ അടുത്ത നിമിഷം കഥ മാറും, വലിയ മലകളിക്കിടയിലൂടെ തുളച്ചു തുരംഗങ്ങളിലേക്ക് മൂളി കൊണ്ട് കേറി നമുക്ക് എഞ്ചിനീയറിംഗിന്റെ അത്ഭുതങ്ങളെ കാണിച്ചു തരും. താഴെ എയർപോർട്ട് കാണാനായി, ഒരു ഫ്ലൈറ്റ് ടേക് ഓഫ് ചെയ്യുന്നു.

മുകളിൽ നിന്നൊരു ടേക് ഓഫ് ആദ്യ കാഴ്ചയാണ്. അത് മനസിന്റെ ഉള്ളിലേക്ക് എടുത്ത് വച്ചു, ഇനി അതിനുമപ്പുറത്തു ഒരുപാടു താഴെ ഒരു എയ്റോ എക്സ്പ്രസ്സ് ട്രെയിൻ പാഞ്ഞു പോകുന്നു.

മലയിറങ്ങി ട്രെയിൻ ഇൻസ്ബ്രക്ക് സ്റ്റേഷനിൽ എത്തി.

ട്രൈനിറങ്ങി പുറത്തെത്തി. ഇനി ആണ് പണി. എങ്ങോട്ടു പോണമെന്നോ എന്ത് ചെയ്യണം എന്നോ ഒരു ഐഡിയയുമില്ല. സ്റ്റേഷനിലെ വൈ ഫൈ ഊറ്റി അവിടെന്നു തന്നെ ഒരു വിലകൂടിയ കാപ്പിയും കുടിച്ചുകൊണ്ട് ഗൂഗിൾ ട്രിപ്സ് ഇൻസ്റ്റാൾ ചെയ്തു, അടുത്ത കണ്ട ഒരു പുസ്തക കടയിൽ നിന്ന് ഒരു യൂറോ കൊടുത്തൊരു മാപ്പും വാങ്ങി.

ഇനി വേണം തീരുമാനിക്കാൻ, ആദ്യം എന്ത് ചെയ്യണം.

നാടകീയമായി അവൻ ചോയ്ച്, നമുക്ക് കേബിൾ കാറിൽ കേറി നേരെ ആൽപ്സ് നു മോളിൽ കേറാം. 

അവനതു ചോദിക്കാൻ കരണമുണ്ട്. എനിക്ക് ഉയരം പേടിയാണെന്നും ഇത്തവണ അത് മാറ്റുമെന്ന് ആദ്യമേ ഒരു സൂചന തന്നിരുന്നു. 

അങ്ങനെ അത് തീരുമാനമായി, മാപ്പ് നോക്കി കേബിൾ കാർ എവിടെ തുടങ്ങുന്നു എന്ന് നോക്കി. സ്ഥലം കണ്ടുപിടിച്ചു ഇനി ബസ് കേറി പോണം.

ഇവിടെ ചെറുതായി ഒന്ന് പാളി, പക്ഷെ അത് കൊണ്ട് തന്നെ വ്യത്യസ്തമായ ഒരു അനുഭവം ആയി എന്നുള്ളതാണ് സത്യം, അതിനെക്കുറിച്ച് വഴിയേ പറയാം.

നോർഡ്കെറ്റെ എന്ന സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തു നിന്നും കേബിൾ കാറുണ്ട്. ഒന്ന് പുതു പുത്തൻ, ഗ്ലാസ് ഒക്കെ ഇട്ട കിടിലൻ സംഗതി.

മറ്റത് പഴയ ഒരു സെറ്റപ്പ്, ഓടുമ്പോൾ കരകരാ ശബ്ദം ഒക്കെ വരുന്ന ഒരു സെറ്റപ്പ്.

അവിടെ ബസുകൾക്ക് കളർ കോഡ് ആണ്, ചുവപ്പ്, മഞ്ഞ വെള്ള നീല അങ്ങനെ ജെംസ് മിട്ടായി പോലെ കുറെ ബസ്സുകൾ

ഞങ്ങൾ കറക്റ്റ് ആയിട്ട് തെറ്റിച്ചു വേറെ ഏതോ ബസ്സിൽ കേറി ഈ പഴയ സെറ്റപ്പ് കേബിൾ കാർ തുടങ്ങുന്ന സ്ഥലത്തു എത്തി.

25 യൂറോ കൊടുത്തു കാറിനായി വെയിറ്റ് ചെയ്തു. മലമ്പുഴയിലെ റോപ് വെയ് പോലെ ചെറിയ ഒരു ദൂരം മാത്രമേ കാണാനുള്ളൂ. അത് കൊണ്ട് തന്നെ, ഇതൊക്കെ എന്ത് എന്ന മട്ടിലാണ് ഞാൻ നിന്നത്.

ഒരു കാറിൽ ഞാനും പ്രേമനും മാത്രം.

കുറച്ചു ദൂരം പോയി, കര കര ശബ്ദവും ഇവൻറെ പേടിപ്പിക്കലും എല്ലാം കൂടെ ഞാൻ പേടിച്ചു വിറച്ചു വിയർത്തു നിൽക്കവേ അത് സംഭവിച്ചു. 

കയറ്റം കുത്തനെയായി, മരങ്ങൾക്കു മുകളിലൂടെ കേബിൾ കാർ ആൽപ്സിനു മുകളിലേക്കുള്ള പ്രയാണം തുടങ്ങി. പേടിപ്പിക്കുന്ന ശബ്ദങ്ങൾ ഓരോ തൂണ് താണ്ടുമ്പോഴും ശബ്ദം പേടിപ്പിക്കുന്നുണ്ട് എന്റെ ഉയരാത്തെ പേടി ശരിക്കും അർമാദിക്കുന്നു.

കുറച്ചു പോയപ്പോൾ താഴെ ഹിമമണിഞ്ഞ ആൽപ്സ് കണ്ടു തുടങ്ങി. കുറെ ആളുകൾ സ്കീയിങ് ചെയ്തു കൊണ്ട് ആ വലിയ മല ഇറങ്ങുന്നു.

മുകളിലെത്തി, എവിടെ നോക്കിയാലും ഹിമം മാത്രം. (ഐസ് എന്ന് പറയാൻ ഒരു മടി)

സ്വർഗ്ഗമാണത്.  കുറെ കുഞ്ഞുങ്ങൾ ഉണ്ട്. കുറെ വലിയവരുണ്ട്, എല്ലാരും എന്തൊക്കെയോ വിനോദങ്ങളിലാണ്.

സ്കീയിങ് ആണ് കൂടുതലും പിന്നെ സ്നോ ബോർഡിങ്ങുമുണ്ട്.. 

കേബിൾ കാറിൽ പേടിച്ചു വിറച്ചു വന്ന ഞാൻ, തൂക്കിയിട്ട കസേര പോലുള്ള ചെയർ ലിഫ്റ്റിൽ കേറി വരുന്ന ആളുകളെ കണ്ട് ആരാധനയോടെ നോക്കി.

അങ്ങനെ കുറെ ഏറെ സമയം ആൽപ്സിലെ മഞ്ഞിൽ കളിച്ച് കുറെ പേരെ പരിചയപ്പെട്ട്, പോലീസ് വണ്ടിയിൽ കേറി ഫോട്ടോയെടുത്തു, കേബിൾ കാറിൽ പേടിച്ചു വിറച്ചു മലയിറങ്ങി.  

ഇൻസ്ബ്രൂക്കിൽ വന്നു , സിറ്റിയിൽ കുറച്ചൊക്കെ  കറങ്ങി, കുറെ ഫോട്ടോ എടുത്തു. തണുത്തു മരവിച്ചു നിക്കേ വലിയൊരു ഐസ് ക്രീമും കഴിച്ച് അകത്തും പുറത്തും തണുപ്പാക്കി, സ്റ്റേഷനിൽ എത്തി.

റിജിയോ കാത്തു കിടക്കുന്നു, കുറെ അധികം അനുഭവങ്ങൾ സമ്മാനിച്ച നഗരത്തിനു കൈവീശി ടാറ്റ പറഞ്ഞു.. ട്രെയിൻ പാഞ്ഞു തുടങ്ങി.

വണ്ടിപ്രാന്തൻ.

leave your comment


Top