711 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന പുതിയ ഇലക്ട്രിക് എസ്‌യുവി! 

മെഴ്‌സിഡസ് ബെൻസിന്റെ പുതിയ ഇലക്ട്രിക് ജിഎൽസി എസ്‌യുവി പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സുനേത്ര പവാറും ചേർന്നാണ് ആദ്യമായി ഇന്ത്യയിൽ നിർമിച്ച ഇലക്ട്രിക് ജിഎൽസി എസ്‌യുവി പുറത്തിറക്കിയത്.

പൂനെയിലെ ചക്കാനിലുള്ള അത്യാധുനിക നിർമ്മാണ കേന്ദ്രത്തിൽ പുതിയ ഇലക്ട്രിക് ജിഎൽസി എസ്‌യുവിയുടെ പ്രാദേശിക ഉൽപ്പാദനത്തിനും കമ്പനി ഔദ്യോഗികമായി തുടക്കം കുറിച്ചു.

മെഴ്‌സിഡസ് ബെൻസ് എജിയുടെ സൂപ്പർവൈസറി ബോർഡ് ചെയർമാൻ മാർട്ടിൻ ബ്രൂഡർമുള്ളർ, ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ ഒല കല്ലേനിയസ്, ചീഫ് ടെക്‌നോളജി ഓഫീസറും ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗവുമായ ഡോ. ജോർഗ് ബർസർ, മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ, എക്‌സിക്യൂട്ടീവ് ഡയറക്ടറും ഓപ്പറേഷൻസ് മേധാവിയുമായ വ്യങ്കടേഷ് കുൽക്കർണി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കമ്പനിയുടെ പുതു തലമുറ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമായ എംബി.ഇഎ-എം അടിസ്ഥാനമാക്കി ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ മെഴ്‌സിഡസ് ബെൻസ് എസ്‌യുവിയാണ് ഇലക്ട്രിക് ജിഎൽസി. വാഹനത്തിന് ഒറ്റ ചാർജിൽ 711 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 78.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ബുക്കിംഗ് ആരംഭിച്ച് 36 മണിക്കൂറിനുള്ളിൽ 550-ലധികം ഓർഡറുകളാണ് ലഭിച്ചത്. 2026 നവംബർ പകുതിയോടെ വാഹനത്തിന്റെ വിതരണം ആരംഭിക്കും.

ഡ്യുവൽ മോട്ടോറുകൾ വഴി 360 കിലോവാട്ട് കരുത്തും 800 എൻഎം ടോർക്കുമുള്ള ഈ വാഹനത്തിന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.3 സെക്കൻഡ് മതി. 94 കിലോവാട്ട് അവർ ബാറ്ററിയിയാണ് വാഹനത്തിലുള്ളത്. 800 വോൾട്ട് സാങ്കേതികവിദ്യയുള്ള വാഹനത്തിൽ 330 കിലോവാട്ടിൻ്റെ ഡിസി ഫാസ്റ്റ് ചാർജിങ്ങും സാധ്യമാണ്. അനുയോജ്യമായ ചാർജറിലൂടെ 10 മിനിറ്റ് ഫാസ്റ്റ് ചാർജ് ചെയ്താൽ 303 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും.

39.1 ഇഞ്ച് എംബിയുഎക്സ് ഹൈപ്പർസ്‌ക്രീൻ, 942 പിക്സലുകളുള്ള പ്രകാശിത ഗ്രിൽ, നക്ഷത്രങ്ങൾ പ്രകാശിക്കുന്ന സ്കൈ കൺട്രോൾ പനോരമിക് റൂഫ് എന്നിവയും വാഹനത്തിലുണ്ട്. പുനരുപയോഗം ചെയ്ത വസ്തുക്കളും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന ഘടകങ്ങളും വാഹനത്തിലുണ്ട്. പുണെയിലെ ചക്കൻ നിർമാണശാലയിൽ മെഴ്‌സിഡസ് ബെൻസിന്റെ ഐസിഇ വാഹനങ്ങൾ നിർമിക്കുന്ന അതേ ഉൽപ്പാദന നിരയിലാണ് ഇലക്ട്രിക് ജിഎൽസിയും നിർമിക്കുന്നത്. ഇതോടെ ഐസിഇ വാഹനങ്ങളും ബാറ്ററി അധിഷ്ഠിത വൈദ്യുത വാഹനങ്ങളും ഒരേ നിർമാണശാലയിൽ ഒരുമിച്ച് ഉൽപ്പാദിപ്പിക്കുന്ന അപൂർവ നേട്ടവും കമ്പനി കരസ്ഥമാക്കി.

ഇതുവരെ ഇന്ത്യയിൽ 2.40 ലക്ഷത്തിലധികം വാഹനങ്ങൾ മെഴ്‌സിഡസ് ബെൻസ് വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിലെ നിർമാണശാലയിലാണ് ഉൽപ്പാദിപ്പിച്ചത്. ചക്കൻ നിർമാണശാലയിൽ മെഴ്‌സിഡസ് ബെൻസ് ഇതുവരെ 3,200 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 2026ൽ പുതിയ ഉൽപ്പന്നങ്ങളുടെ നിർമാണം ആരംഭിക്കുന്നതിനും ഉൽപ്പാദന പ്രവർത്തനങ്ങൾക്കും നിർമാണ പ്രക്രിയകളുടെ ഡിജിറ്റൽവൽക്കരണത്തിനുമായി 200 കോടി രൂപയുടെ അധിക നിക്ഷേപവും നടത്തി.

ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് സൗജന്യ എസി വാൾ ബോക്സിന് പകരമായി എംബി.ചാർജ് പബ്ലിക് ചാർജിങ് ക്രെഡിറ്റുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *