Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Honda 2Wheelers India leads industry growth

ജൂലൈയില്‍ 3.85 ലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി ഹോണ്ട ടൂവീലേഴ്സ്

കൊച്ചി: വില്‍പനയില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2022 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്ക് പ്രവേശിക്കുന്നു. 2021 ജൂലൈയില്‍ ഹോണ്ട ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്ന്, ഒരു ലക്ഷം അധിക യൂണിറ്റുകളാണ് ഹോണ്ട ടൂവീലേഴ്സ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. 385,533 യൂണിറ്റാണ് ഹോണ്ട ടൂവീലേഴ്സിന്റെ ജൂലൈയിലെ മൊത്തം വില്‍പ്പന. 2021 ജൂണിനെ അപേക്ഷിച്ച് 66% വളര്‍ച്ചയും രേഖപ്പെടുത്തി. 45,400 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍, ആഭ്യന്തര വിപണിയില്‍ 340,133 യൂണിറ്റുകളുടെ വില്‍പനയാണ് നടത്തിയത്.

ചെന്നൈയിലും ചണ്ഡിഗഢിലും കമ്പനിയുടെ പുതിയ ബിഗ്വിങ് ഔട്ട്ലൈറ്റുകള്‍ തുറന്നതും, ഹോണ്ട ബിഗ്വിങ് സര്‍വീസ് ഓണ്‍ വീല്‍സ് സംരംഭം തുടങ്ങിയതും 2021 ജൂലൈയിലാണ്. ഇതിന് പുറമെ ഹോണ്ട സിബി 650 ആര്‍, സിബിആര്‍ 650 ആര്‍ എന്നിവയുടെ ഉപഭോക്തൃ ഡെലിവറി, പുതിയ ഓണ്‍ലൈന്‍ സര്‍വീസ് ബുക്കിങ് സൗകര്യം, ഹോണ്ട ടൂവീലേഴ്സ് പാര്‍ട്സ് ആപ്പ് എന്നിവയ്ക്ക് തുടക്കിമട്ടതും ജൂലൈയിലാണ്. ഗുജറാത്തില്‍ 50 ലക്ഷം ഇരുചക്ര വാഹന ഉപഭോക്താക്കളെന്ന നാഴികക്കല്ല് പിന്നിടുന്നതിനും ജൂലൈ സാക്ഷ്യം വഹിച്ചു.

വിപണി സാഹചര്യം വിലയിരുത്തി ഉത്പാദനം ക്രമേണ വര്‍ധിപ്പിക്കുകയാണെന്നും, ജൂലൈയിലെ വില്‍പന നാല് ലക്ഷം യൂണിറ്റിലേക്ക് അടുത്ത് ഹോണ്ടയുടെ വില്‍പന വേഗത ദ്രുതഗതിയിലാവുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. കമ്പനിയുടെ ഡീലര്‍ ശൃംഖലയില്‍ ഭൂരിഭാഗവും രാജ്യത്തുടനീളം പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ, സ്‌കൂട്ടറുകള്‍ക്ക് പിന്നാലെ മോട്ടോര്‍സൈക്കിളുകളുടെയും അന്വേഷണങ്ങളില്‍ വലിയ കുതിപ്പിന് സാക്ഷ്യംവഹിക്കുകയാണ്. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി വിപണിയില്‍ വേഗത്തിലുള്ള വീണ്ടെടുക്കല്‍ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

leave your comment


Top