Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Isuzu V-Cross: A Capable Pickup with Rugged Appeal

Isuzu V-Cross: A Capable Pickup with Rugged Appeal

നമ്മൾ വാഹന പ്രേമികൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതിനേക്കാൾ ആ യാത്ര, അഥവാ ഡ്രൈവ് ആസ്വദിക്കുക എന്നതാണ് പ്രധാനം, വണ്ടികൾ ഏതായാലും ഡ്രൈവ് നന്നായാൽ മതി എന്ന നിലക്കാണ് നമ്മുടെ ഓരോ കാര്യങ്ങളും. ഇത്തവണ യാത്രക്ക് പോകാൻ വലിയ ഒരു വണ്ടിയാണ് ഉള്ളത്. ഏതു വണ്ടിയാണ് അത് എന്നതല്ലേ? അത് വഴിയേ പറയാം, ആദ്യം യാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങാം.

കൊച്ചിയിൽ നിന്ന് തുടങ്ങി, വാഗമൺ പോയി തിരിച്ചു വരുക, അതിനിടയിൽ ഒരു ചെറിയ ഓഫ്‌റോഡ് ഡ്രൈവിങ്ങും. ഇതാണ് യാത്രയുടെ ഉദ്ദേശം

രാവിലെ തന്നെ പുറപ്പെട്ടാൽ, മൂന്നു മൂന്നര മണിക്കൂറിൽ വാഗമൺ ചെല്ലാം, പുലർചെയ്യുള്ള ഇളം കുളിർകാറ്റു കൊണ്ട് ഹൈവേയിലൂടെ പോയി, മൂലമറ്റം കഴിഞ്ഞു കാനന പാതയിൽ കയറിയാൽ, രാവിലത്തെ മഞ്ഞും കാണാം, വണ്ടി ഓടിത്തുടങ്ങി. ഒരു പതിഞ്ഞ താളത്തോടെ.

ഇനി വണ്ടിയെകുറിച്ചാണ്, ഇത് ഒരു കാറല്ല, ഒരു എസ് യു വിയുമല്ല പിന്നെ? ഇതൊരു പിക്ക് അപ്പ് ട്രക്ക് ആണ്, വലിയ ഒരു വണ്ടി.ഇസുസു ഇന്ത്യയുടെ വി ക്രോസ്സ് ആണ്, അഞ്ചു പേർക്ക് ഇരിക്കാവുന്ന, എന്ത് വേണമെങ്കിൽ കയറ്റി കൊണ്ട് പോകാവുന്ന, റോഡും കാടും തോടും ഒന്നും ഒരു പ്രശ്നമേ അല്ലാത്ത നാല് വീൽ ഡ്രൈവ് ഉള്ള കരുത്തനായ വണ്ടി, ഒരു ലൈഫ് സ്റ്റൈൽ പിക്ക് അപ്പ് ട്രക്ക്.

കേരളത്തിൽ ഈ വക വണ്ടികൾ അനുഭവിച്ചു കൊണ്ടിരുന്ന ഒരു പ്രശ്നം, ഇവക്കത്ര ജനകീയ സ്വീകാര്യത ഇല്ല എന്നതായിരുന്നു. വണ്ടിയെക്കുറിച്ച് അറിയുന്നവർ വാങ്ങും, വാങ്ങിയവർ ഈ വണ്ടിയുടെ മൂല്യങ്ങൾ അനുഭവിക്കും അതായിരുന്നു കഥ.

ടൊയോട്ട തങ്ങളുടെ ഹൈലക്സ് പിക്ക് അപ്പ് കൂടെ ഇറക്കിയപ്പോൾ ഇച്ചിരി കൂടി കാര്യങ്ങൾ എളുപ്പമാകുന്ന ലക്ഷണമുണ്ട്. ടാറ്റ സെനോൺ അല്ലെങ്കി മഹിന്ദ്ര സ്കോർപിയോ ഗെറ്റ് എവേ ഒന്നും കഷ്ടപ്പെട്ട മാതിരി വിറ്റു പോകാൻ ഇനി പിക്ക് അപ്പ്കൾക്ക് കഷ്ടപ്പെടേണ്ടി വരുമെന്ന് തോന്നുന്നില്ല

വി ക്രോസ്സ് അത്യാവശ്യം വിറ്റു പോകുന്ന വണ്ടി തന്നെയാണ്. കരുത്തിനുപരി, കാര്യങ്ങൾ നടത്താൻ ആ വണ്ടിക്ക് പ്രത്യേക സവിശേഷതകൾ ഉള്ളത് കൊണ്ട് തന്നെയാണത്.

നമ്മൾ ഈ പോകുന്ന ഇസുസു വിക്രോസ്സ് ഓട്ടോമാറ്റിക് ആണ്, തദ്വാരാ ഇതൊടിക്കാൻ തീരെ ബുദ്ധിമുട്ടില്ല. പുറത്തു നിന്ന് നോക്കിയാൽ കാണുന്ന വലിപ്പമൊന്നും ഇതൊടിച്ചു കൊണ്ട് നടക്കുമ്പോൾ തോന്നില്ല എന്ന് സാരം. റൈഡ് ഒക്കെ കൊള്ളാം, ഒരു എസ് യു വിയോടൊന്നും ഉപമിക്കണ്ട പക്ഷെ യാത്ര സുഖമുണ്ട്. പിന്നിൽ ലീഫ് സ്പ്രിങ് ആ സസ്‌പെൻഷൻ, അതിന്റെ സുഖമേ കാണൂ എന്ന് മാത്രം

കീ ലെസ്സ് എൻട്രി പോലെ, ബ്ലൂടൂത്ത് സ്റ്റീരിയോ പോലെയുള്ള സവിശേഷതകൾ ഉണ്ട്, എന്നാലും ലാളിത്യമാണ് ഈ വണ്ടിയുടെ മുഖമുദ്ര. ഫോൾഡ് ചെയ്യാവുന്ന കണ്ണാടികൾ, എളുപ്പത്തിൽ സെലക്ട് ചെയ്യാവുന്ന നാലു വീൽ ഡ്രൈവ് സെക്ടർ, ഓട്ടോ സ്റ്റാർട്ട് സ്റ്റോപ്പ് എന്നിങ്ങനെ ഒരു വണ്ടിക്ക് വേണ്ടുന്ന സവിശേഷതകൾ ഈ വണ്ടിക്കുണ്ട്. മാത്രവുമല്ല പിന്നിലെ ബെഡ് എന്ന് വിളിക്കുന്ന ലോഡിങ് ഏരിയക്ക് ഒരു നല്ല കവർ കൂടി അക്‌സെസ്സറിസ് ഡിപ്പാർട്മെന്റിൽ നിന്ന് വാങ്ങി വച്ചിട്ടാണ് ഈ വണ്ടി എനിക്ക് തന്നിട്ടുള്ളത്. ഹൈഡ്രോളിക് സ്ട്രറ്റ് ഒക്കെയുള്ള ഈ മൂടി പൂട്ടി വാക്കാണ് വേറെ താക്കോലാണ്, സെൻട്രൽ ലോക്കിൽ അത് പെടുന്നില്ല.

ഡാഷ്ബോർഡ് ഡിസൈൻ കാണാൻ ഭംഗിയുണ്ട്, പ്രത്യേകിച്ച് ആ വട്ടത്തിലുള്ള എ സി കോൺട്രോളുകൾ, പറയാൻ വിട്ടു പോയി, ഈ വണ്ടിയിൽ ഓട്ടോമാറ്റിക്ക് എയർ കണ്ടീഷണർ ആണുള്ളത്. ഹിൽ ഡീസന്റ് കണ്ട്രോൾ പോലുള്ള സവിശേഷതകളുമുണ്ട്.

വലിയ ലെതെററ്റെ സീറ്റിൽ ഇരിക്കാൻ നല്ല സുഖമൊക്കെയുണ്ട്. പക്ഷെ തിരിച്ചു ഇറങ്ങുന്ന വഴിക്കുള്ള ചൂടിൽ സെറ്റ് ചൂടായതു പോലെ തോന്നി, അത് എന്ത് കൊണ്ടോ ആ എ സിക്ക് തടുക്കാനായതുമില്ല

കാഴ്ച്ചയിൽ ഒരിത്തിരി ഭീമാകാരനാണ് എങ്കിലും, രൂപത്തിൽ അഴകളവുകൾക്ക് പഞ്ഞമൊന്നുമില്ല. ഉരുണ്ടിരിക്കുന്ന രൂപ ഘടനയാണ്. ബോഡി വേറെ ബെഡ് വേറെ എന്ന നിലയിലാണ് നിർമ്മിതി. പ്രൊജക്ടർ ഹെഡ് ലൈറ്റുകൾ കാണാം, ഫോഗ് ലാമ്പുകൾ ഉണ്ട്. വലിയ ബോണറ്റ് ആണ്. അങ്ങനെ വിവരിക്കാൻ പോയാൽ അത് കുറെ ഉണ്ട് തന്നെ.

അഞ്ച് പേർക്കിരിക്കാം, ബുദ്ധിമുട്ടൊന്നുമില്ല. പക്ഷെ പിന്ന സീറ്റിന്റെ ചാരു ഒരിത്തിരി കുത്തനെയാണ്. ദൂരയാത്രയിൽ ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്.. പിന്നിലെ ആ കൊച്ചു ഗ്ലാസ്സിന് ഒരു ഡി ഫോഗർ കൂടി കണ്ടു.

ഓടിക്കാൻ എളുപ്പമാണ് എന്ന് ഞാൻ പറഞ്ഞില്ലേ, ആറ് സ്പീഡ് ടോർക്ക് കോൺവെർട്ടർ ഓട്ടോമാറ്റിക് ആണ് ഗിയർ ബോക്സ്, ഇതിനു മാനുവൽ മോഡലുമുണ്ട്. നല്ല ടോർക്കുള്ള എൻജിനാണ്, ഡീസൽ. വേരിയബിൾ ജിയോമെട്രിക് ടർബോ ചാർജർ ഉള്ള ഈ ഡീസൽ എൻജിന്റെ സൈസ് എന്ന് പറയുന്നത് 1898 സിസി നാലു സിലിണ്ടറാണ്, നൂറ്റി അറുപത്തി മൂന്നു ബി എച്ച് പി ആണ് ഈ എൻജിന്റെ കരുത്ത് കൂടെ മുന്നൂറ്റി അറുപത് എൻ എം ടോർക്കുമുണ്ട്.

ഡബിൾ വിഷ്‌ബോൺ സസ്‌പെൻഷൻ ആണ് മുന്നിൽ, അത് കൊണ്ട് തന്നെ, ഏതു പാതയും ഈസി ആയി കടന്നു പോകാൻ ഈ വണ്ടിക്ക് കഴിയും നല്ല ഗ്രൗണ്ട് ക്ലീറൻസ് കൂടെ ഇസുസു വി ക്രോസ്സ്ന്റെ സവിശേഷതയാണ്.

കാനനപാത എന്നൊന്നും വിളിക്കാനില്ല, പകരം തെക്കിൽ കാടിനുള്ളിലൂടെയുള്ള വഴിയിലൂടെ വാഗമൺ കയറ്റത്തിലേക്കു വണ്ടി കേറിതുടങ്ങി. തിരിവും വളവുമൊക്കെ ഇച്ചിരി മെനക്കെടുത്തുന്നുണ്ട്. ഹൈഡ്രോളിക്കാണ് പവർ സ്റ്റിയറിങ്, അത് കൊണ്ടാണത്. എന്നാലും ഓട്ടോമാറ്റിക് ആയതു കൊണ്ട് വലിയ ബുദ്ധിമുട്ടില്ല.

മൂന്നര മണിക്കൂറോളമാകുന്നു, നമ്മളീ യാത്ര തുടങ്ങിയിട്ട്, വണ്ടി വാഗമൺ ടൌൺ എത്തുന്നു. ഇനി ഇവിടെ ഒരു നല്ല റെസ്റ്റോറന്റിൽ കയറി പ്രഭാത ഭക്ഷണം കഴിക്കണം, ചെറുതായൊന്നു ഓഫ് റോഡ് ചെയ്യണം,

അതെ ഈ വണ്ടി അതിനുള്ളതാണ്, അത് ചെയ്യുക തന്നെയാണ് ആ വണ്ടിയോടുള്ള നീതി.

റിവ്യൂ വീഡിയോ താഴെ

leave your comment


Top