കാലം മാത്രമേ മാറുന്നുള്ളൂ
ചെറുപ്പത്തിൽ ബസ്സ് യാത്രകളിൽ, ഡ്രൈവർ സീറ്റിന് പിന്നിലെ ദൈവങ്ങളുടെ ചിത്രമുള്ള ചില്ലിന് പിന്നിലെ സീറ്റിൽ അമ്മക്കൊപ്പമിരിന്നു മാലചാർത്തിയയാ ചില്ലിലെ പടത്തിന് ഉള്ളിലൂടെ ഡ്രൈവർ എന്താണ് ചെയ്യുന്നത് എന്നു നോക്കിയിരുന്ന്, താനാണ് ആ വണ്ടി ഓടിക്കുന്നത് എന്ന മട്ടിൽ ഗിയർ മാറുന്നത് കൈ കൊണ്ട് ആംഗ്യം കാണിച്ച് തിരിവുകളിൽ സ്റ്റിയറിങ് ആയാസപ്പെട്ട് വളക്കുന്നതായി സങ്കൽപ്പിച്ചു അത് മനസിൽ കണ്ട് ശൂന്യതയിൽ സ്റ്റിയറിങ് തിരിക്കുന്നതായി ഭാവിച്ചു ബ്രേക്ക് ചവിട്ടി, അങ്ങനെ അങ്ങനെ യാത്ര ചെയ്തിരുന്ന കാലം വിദൂരതയിൽ അല്ല എന്ന് തോന്നുന്നുണ്ട്
ഇപ്പോൾ വിമാനയാത്രകളിൽ, വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ, പ്രത്യേകിച്ചും ചിറകിന്റെ പിന്നിലെ സീറ്റിൽ ഇരിക്കുമ്പോൾ ആ ഏലറോണ് ചലിക്കുന്നത് നോക്കി കോക്ക് പിറ്റിൽ പൈലറ്റ് സൈഡ് സ്റ്റിക്ക് റൊട്ടേറ്റ് ചെയ്യുന്ന സമയത്ത് അത് താനാണ് എന്ന ഭാവത്തിൽ, ഹാൻഡ് റെസ്റ്റ് പോക്കുന്നതും, ലാന്റിങിൽ ഫ്‌ളാപ് വണ്, റ്റു എന്നൊക്കെ മനസിൽ പറഞ്ഞ് ഹാൻഡ് റെസ്റ്റ് മെല്ലെ മെല്ലെ മുന്നോട്ടും പിന്നോട്ടും ഒക്കെ അഡ്ജസ്റ്റ് ചെയ്ത്, കൃത്യമായി ലാൻഡ് ചെയ്തത് താനാണ് എന്ന മട്ടിൽ ഒന്ന് തല പൊക്കി നിവർന്നിരിക്കുന്നതും ഒക്കെ വേറെ എന്താണ്.
അതേ കുട്ടിത്തം, അത് ബസ്സ് മാറി വിമാനവും കപ്പലും ഒക്കെ ആയി എന്നതൊഴിച്ചാൽ, മനസ്സ് അന്ന് ബസ്സിൽ പോയ കുട്ടിയുടെ തന്നെയാണ്!
കാലം മാത്രമേ മാറുന്നുള്ളൂ, മനസ്സും സ്വഭാവവും എല്ലാം ഒരേ പോലെ തന്നെ ☺️
കൗതുകമുള്ള, ആർത്തിയുള്ള വെപ്രാളമുള്ള, ചെറിയ പ്രാന്തുള്ള ഒരു കുട്ടി!
*ബസ്സ് ശരിക്കും ഓടിച്ചു തുടങ്ങിയത് കൊണ്ടാണ് ബസ്സിലിൽ ഇപ്പോൾ ആ കൗതകമില്ലാത്തത്.
*എയർ ബസ്സിനാണ് സൈഡ് സ്റ്റിക്ക്, ബോയിങ്ങിൽ പോയിട്ടിപ്പോൾ കുറെ ആയി.
You must be logged in to post a comment.