ടാറ്റ മോട്ടോഴ്സിന്റെ പുതിയ മോഡൽ ആൽട്രോസ് റേസർ, വാഹന പ്രേമികളുടെ ഹൃദയം കീഴടക്കാനുള്ള ഒരുക്കത്തിലാണ്. അൾട്രോസ് റേസർ ടീസർ വന്നു കഴിഞ്ഞു, ജൂൺ മാസത്തിൽ വണ്ടിയും വരും. മികച്ച പ്രകടന ശേഷിയും ആകർഷകമായ രൂപകൽപ്പനയുമായാണ് ടാറ്റ ആൽട്രോസ് റേസർ എത്തുന്നത്. ആധുനിക സാങ്കേതികവിദ്യകളും പ്രീമിയം ഫീച്ചറുകളും ഈ മോഡലിലുണ്ടാവും.
പവർഫുൾ പെർഫോമൻസ്
ടാറ്റ ആൽട്രോസ് റേസറിന്റെ ഏറ്റവും പ്രധാന സവിശേഷത അതിന്റെ കരുത്തുറ്റ എഞ്ചിനാണ്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വാഹനത്തിന് വലിയ പവർ നൽകുന്നു. 120 bhp പവർ ഉൽപാദിപ്പിക്കുന്ന ഈ എഞ്ചിൻ, അതിവേഗം സഞ്ചരിക്കാൻ കഴിവുള്ളതും മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്നതുമാണ് എന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. മോണോക്കോക്ക് ഷാസിയും, മികച്ച സസ്പെൻഷനും വാഹനത്തിന് യാത്ര സുഖവും ഹാൻഡ്ലിങ്ങും നൽകും.
ആകർഷകമായ ഡിസൈൻ
ആൽട്രോസ് റേസർ അതിന്റെ സ്മാർട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. സ്പോർട്ടി ബോഡി കിറ്റും, ബ്ലാക്ക് ആക്സെൻറ്റുകളോടെയുള്ള ഡിസൈനും, വലിയ അലോയ് വീലുകളും ഈ മോഡലിന് സ്പോർട്ടി കാർ ലുക്കും ഫീലും നൽകുന്നു. LED ഹെഡ്‌ലാമ്പുകളും, DRL ലൈറ്റുകളും, സ്മോക്ക്ഡ് ടെയിൽലാമ്പുകളും വാഹനത്തിനു പുറത്തു വിട്ട ഫോട്ടോകളും എക്സ്പോയിൽ കണ്ട ഓർമയും വച്ച് പറയുന്നു, ഒരു പ്രീമിയം ടച്ച് കൊടുക്കുന്നുണ്ട്.
അകത്തുള്ളത്
ടാറ്റ ആൽട്രോസ് റേസറിന്റെ അകത്തും സവിശേഷതകളാൽ സമ്പന്നമാണത്രെ. സ്പോർട്ടി ബാക്കി സീറ്റുകൾ, പ്രീമിയം അപ്ഹോൾസ്റ്ററി, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമുണ്ടാകും. 8 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ക്ലൈമേറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ഇതിനോടൊപ്പം ഉണ്ട് എന്നാണ് അറിയുന്നത്.
സാങ്കേതികവിദ്യയും സുരക്ഷയും
ആധുനിക സാങ്കേതികവിദ്യകളും, ഫീച്ചറുകളുമായി ടാറ്റ ആൽട്രോസ് റേസർ ജൂൺ മാസത്തിൽ എത്തും. 360 ഡിഗ്രി ക്യാമറ, ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), വിവിധ ഡ്രൈവിംഗ് മോഡുകൾ എന്നിവ ഉൾപ്പെടുത്തിയാണ് ഈ മോഡൽ വിപണിയിലെത്തുന്നത്. ABS, EBD, 6 എയർബാഗുകൾ എന്നിവയുള്ളത് വഴി സുരക്ഷിതത്വം ഉറപ്പാക്കുന്നു, കൂടാതെ ടാറ്റയുടെ 5 സ്റ്റാർ സേഫ്റ്റിയും.
രത്‌നച്ചുരുക്കം
ടാറ്റ ആൽട്രോസ് റേസർ, നല്ല പ്രകടനവും ആകർഷകമായ രൂപകൽപ്പനയുമുള്ള ഒരു പ്രീമിയം ഹാച്ച്ബാക്കായിരിക്കും.കരുത്തുറ്റ എഞ്ചിനും, ആധുനിക സാങ്കേതികവിദ്യകളും, സുരക്ഷാ സവിശേഷതകളും കൊണ്ട് ഈ മോഡൽ ടാറ്റ മോട്ടോഴ്സിന്റെ കാറുകളുടെ കൂട്ടത്തിൽ ഒരിത്തിരി പുതുമയുള്ള അനുഭവം ആൽട്രോസ് റേസർ നൽകുമെന്ന് കരുതാം.
