ആ സംഗതി അതിനുള്ളതല്ല.
കടവന്ത്ര ജങ്ക്ഷനിൽ ബസ് കാത്തു നിക്കവേ കണ്ടതാണ്, നേരെ റോഡിലൂടെ പാഞ്ഞു പോയ പോളോയിൽ ഉള്ളതൊരു ഡോക്ടർ ആണെന്ന് ആ കാറിന്റെ ഗ്ലാസിൽ ഒട്ടിച്ച സ്റ്റിക്കർ വിളിച്ചു പറയുന്നുണ്ട്. പക്ഷെ അവർ ആ ചെയ്തത് ശരിയല്ല. എനിക്കത് ഉറപ്പിച്ചു പറയാൻ പറ്റും. എന്തെന്നാൽ ആ സംഗതി അതിനുള്ളതല്ല.
പലരും പലപ്പോഴും പറഞ്ഞ കാര്യമാണ്, എന്നാലും ഈയുള്ളവൻ കൂടെ അതൊന്നു കൂടി പറയാം എന്ന് വിചാരിക്കുന്നു.
പഴയ കാറുകളിൽ, സ്റ്റിയറിങ്ങ് വീലിന് മുകളിലായും, പുതിയ തലമുറ കാറുകളിൽ ഡാഷ് ബോർഡിലും കാണുന്ന ചുവന്ന ത്രികോണമുള്ള സ്വിച്ച്, അഥവാ ഹസാർട് ലൈറ്റ്. അതാണ് വിഷയം.
നേരത്തെ പറഞ്ഞ ഡോക്ടർ നേരെ പോകുന്നു ഏന്ന് കാണിക്കാനായി, സ്ട്രൈറ്റ് ഇന്റിക്കെറ്റർ ആണെന്ന് തെറ്റിദ്ധരിച്ച്, ഹസാർട് ലൈറ്റ് ഇട്ട് നേരെ പോയ കാര്യമാണ്, ഞാൻ ശരിയല്ല എന്ന് പറഞ്ഞത്.
അതൊരു ഡോക്ടർ ആയിരുന്നു എന്നത് ഒരു ഊഹം മാത്രമാവാം. പക്ഷെ ഭൂരിഭാഗം പേർക്കും ഈ സംഗതിയുടെ ഉപയോഗം ശരിക്ക് അറിയല്ല എന്നത് ഒരു വസ്തുത തന്നെയാണ്. പലപ്പോഴും ടാക്സി വണ്ടികളിലും മറ്റും ഇതേ സംഗതി നേരെ പോകുന്നു എന്ന് കാണിക്കാനായി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. തിരുത്തിയിട്ടുമുണ്ട്.
അത്രേയുള്ളൂ കാര്യം, ആ സംഗതി അതിനുള്ളതല്ല. ചുമ്മാ ഒന്ന് ചിന്തിച്ചാൽ മതി, അതിന്റെ പേരില് തന്നെ ഉപയോഗവും സൂചിപ്പിക്കുന്നുണ്ടല്ലോ. അപകടസാദ്ധ്യതയിൽ മുന്നറിയിപ്പ് നൽകുക എന്നത് മാത്രമാണ് അത്.
എന്ന് വച്ചാൽ, കേടുപാടുകൾ സംഭവിച്ചോ, അപകടം നടന്നതിനു ശേഷമോ പൊതുനിരത്തിൽ നിർത്തിയിടുമ്പോൾ, മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുക എന്നതാണ് ആ ലൈറ്റ്കൊണ്ടുള്ള യഥാർത്ഥ ഉപയോഗം. അതിന്റെ കൂടെ ഒരു വാണിംഗ് ട്രയാങ്കിൾ കൂടെ വണ്ടിയിൽ കാണാം. നോക്കുക രണ്ടും ഒരു പോലില്ലേ?
ഇനി ഇതിന്റെ അപകടം എഎന്താണ് എന്ന് വച്ചാൽ. ഇത് വളരെ ആശയകുഴപ്പം വരുത്തുന്നുണ്ട് എന്നതാണ്. ഹൈവേയിലും മറ്റും ഈ ലൈറ്റ് കത്തിച്ച് ഒരു വണ്ടി കണ്ടാൽ, അത് നിർത്തിയിട്ടിരിക്കുകയാണോ അതോ ഇനി നേരെ പോകുന്നു എന്ന് സൂചിപ്പിക്കുകയാണോ എന്നറിയാതെ വരും. അത് കൂടിയ വേഗതയിൽ വരുന്ന വണ്ടികളെ ആശയകുഴപ്പത്തിൽ പെട്ട് അപകടത്തിനു ഇടയാക്കിയേക്കും.
ഇനി എങ്കിലും, ഇതൊക്കെ ഒന്ന് ശ്രദ്ധിക്കൂ!
You must be logged in to post a comment.