അനിയന്റെ സിനിമ, അണ്ണന്റെ സമ്മാനം, സംവിധായകന് എസ് യു വി!

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തിയുടെ, അതായത് സൂര്യയുടെ സഹോദരനായ കാർത്തിയുടെ മെയ്യഴകൻ തികച്ചും സെന്റിമെന്റൽ വാല്യൂ ഉള്ള ഒരു നല്ല സിനിമയായിരുന്നു. മെയ്യഴകൻ പോലെയുള്ള പടത്തിൽ അഭിനയിക്കാൻ കാർത്തിക്ക് കഴിയും എനിക്ക് ചിലപ്പോൾ കഴിയില്ല എന്ന് സൂര്യ തന്നെ പറഞ്ഞിട്ടുണ്ടത്രെ.

മെയ്യഴകൻ സംവിധാനം ചെയ്തത് സി പ്രേം കുമാർ ആണ്, ജ്യോതികയും സൂര്യയും കൂടെയാണ് ആ സിനിമ നിർമ്മിച്ചതും. ഇതേ സംവിധായകന്റെ മറ്റൊരു സിനിമ വിജയ് സേതുപതിയും ജ്യോതികയും അഭിനയിച്ച 96 ആണ്.

സി പ്രേം കുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് മഹീന്ദ്രയുടെ എസ് യു വി അപ്രതീക്ഷിതമായി സമ്മാനമായി ലഭിച്ച കാര്യം പങ്കു വച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വലിയ ഒരു സ്വപ്നമായിരുന്നത്രെ മഹിന്ദ്ര താർ റോക്സ് എന്ന മഹീന്ദ്രയുടെ വലിയ ജനപ്രീതിയുള്ള എസ് യു വി, ആ വണ്ടി പെട്ടന്ന് കിട്ടാനായി അദ്ദേഹം ശ്രമിക്കുകയും, കാശ് ഒക്കെ തയ്യാറാക്കി താർ ന്റെ അഞ്ചു ഡോർ പതിപ്പായ റോക്സിന് വേണ്ടി കാത്തിരിക്കുകയും എന്നാൽ ലോഞ്ചിന് ശേഷം വണ്ടി കിട്ടാനുള്ള കാത്തിരിപ്പ് ഇനിയും ഒരു വർഷം കൂടെ നീളുമെന്ന് അറിഞ്ഞ് പെട്ടെന്ന് വണ്ടി കിട്ടാനായി താൻ സിനിമ നിർമാതാവും, വിതരണക്കാരനുമായ രാജ സാറിന്റെ സഹായം തേടുകയും തനിക്ക് വേണ്ടത് താർ റോക്സിന്റെ എ എക്സ് 5 4X4 മോഡലാണ് എന്നറിയിക്കുകയും ചെയ്തത്രേ.

അദ്ദേഹം അതിനു വേണ്ടി കഠിനമായി ശ്രമിക്കുകയും ചെയ്തു എന്നാണ് സി പ്രേം കുമാർ പറയുന്നത്, പക്ഷെ വേരിയന്റ് കിട്ടുമ്പോൾ വണ്ടിക്ക് ഉദ്ദേശിച്ച വെള്ള കളറില്ല, ഇനി വെള്ള കളറുണ്ടെങ്കിൽ വേരിയന്റ് ആവശ്യമുള്ളതായിരുന്നില്ല എന്നിങ്ങനെ പല പ്രശ്നങ്ങളാൽ വണ്ടി കിട്ടാത്ത അവസ്ഥയുണ്ടായി. അതോടു കൂടെ തന്റെ ക്ഷമ നശിച്ചെന്നും, എന്നിരുന്നാലും രാജ സാർ വീണ്ടും അതിനു വേണ്ടി ശ്രമിച്ചിരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.

ഒരു ഘട്ടത്തിൽ സാഹചര്യങ്ങൾ മാറി വേറെ ആവശ്യങ്ങൾ വന്നപ്പോൾ, ഞാൻ താർ റോക്സിനു വേണ്ടി കരുതിവച്ച തുക ചെലവാക്കേണ്ടതായി വന്നു. അങ്ങനെ ആ സ്വപ്നം പിന്നെയും വൈകുമെന്ന നിലക്കായി. ഞാൻ അത് രാജാ സാറിനെ അറിയിച്ചപ്പോൾ അദ്ദേഹം ഒന്നുമൊന്നും പറഞ്ഞില്ല. ആ നിശബ്ദതയ്ക്ക് ഒരു പദ്ധതി ഉണ്ടായിരുന്നു..

പോസ്റ്റിൽ പറയുന്നത് രണ്ടു ദിവസങ്ങൾക്ക് മുൻപ് സുര്യ അണ്ണൻ ഒരു വൈറ്റ് താർ റോക്ക്സ് AX5L 4×4 ന്റെ ഫോട്ടോ, ‘അത് വന്നിട്ടുണ്ട്’ എന്ന സന്ദേശത്തോടെ തനിക്ക് അയച്ചു എന്നാണ്. ഞെട്ടിപ്പോയ താൻ ഉടൻ രാജാ സാറിനെ വിളിച്ചു പറഞ്ഞു ‘ഇത് വാങ്ങാൻ എന്റെ കയ്യിൽ ഇപ്പൊ പണം ഇല്ല’. അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു: ‘പ്രേം, ഇത് സുര്യ സാറിന്റെ നിനക്കുള്ള സമ്മാനമാണ്’. ഞാൻ വാക്കുകളില്ലാതെ നിന്നു പോയി.

അതിനുശേഷം എനിക്ക് ലക്ഷ്മി ഇല്ലത്തേക്ക് ക്ഷണമുണ്ടായി. ഗേറ്റുകൾ തുറന്നപ്പോൾ, അവിടെ ഒരു വെള്ള താർ റോക്ക്സ് AX5L 4×4 എന്നെ കൂടെ കൂട്ടി നീണ്ട യാത്ര തുടങ്ങാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അതിനടുത്ത് എന്റെ പ്രിയപ്പെട്ട മെയ്യഴകൻ കാർത്തി ചേട്ടനും, അദ്ദേഹം എനിക്ക് എന്റെ സ്വപ്നങ്ങളുടെ താക്കോൽ കൈമാറി. ഞാൻ അകെ നിശ്ചലനായി നിന്നുപോയി.

അവിടുന്ന് ഞങ്ങൾ ഒരു ചെറിയ യാത്ര പോയി, പിന്നീട് എന്റെ ഓഫീസിലേക്കും. കുറച്ചു ദിവസങ്ങൾ കൊണ്ട് മാത്രം ഞാൻ താർ 50 കിലോമീറ്ററോളം ഓടിച്ച് കഴിഞ്ഞു

ഇപ്പോഴും അതെനിക്കൊരു സ്വപ്നം പോലെയാണ് തോന്നുന്നത്!

ഞാൻ ഇതൊരു സമ്മാനമയിട്ടല്ല കാണുന്നത്, ഇത് മൂത്ത സഹോദരൻ ഇളയ സഹോദരന്റെ സ്വപ്നം നടത്തി കൊടുത്തതായിട്ടാണ്.

നന്ദി സൂര്യ അണ്ണാ
നന്ദി കാർത്തി അണ്ണാ
നന്ദി രാജ സാർ

സി പ്രേം കുമാറിന്റെ പോസ്റ്റ് ഇങ്ങനെയാണ് അവസാനിക്കുന്നത്!

Leave a Reply

Your email address will not be published. Required fields are marked *