പേര് മാറി, വണ്ടിയോ?

കിയാ ഇന്ത്യ തങ്ങളുടെ കിയാ കാരൻസിനു ഒരു ഫേസ്‌ലിഫ്റ്റ് കൊണ്ട് വന്നിരിക്കുകയാണ്. പക്ഷെ അതിന്റെ കൂടെ അവരെന്തിനാണ് പേര് കൂടെ മാറ്റിയത്. കിയാ ഇന്ത്യ ബാംഗ്ലൂർ വച്ച് നടത്തിയ മീഡിയ ഡ്രൈവിൽ വണ്ടി വിശദമായി കാണുകയും ഓടിക്കുകയും ചെയ്തു. വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്.

കിയാ കാരൻസിന് നൽകിയ പുതിയ വാൽ, ക്ലാവിസ് എന്നാണ്. അതൊരു ലാറ്റിൻ വാക്കാണ്, ഗോൾഡൻ കീ അഥവാ സ്വർണ താക്കോൽ എന്നാണാ വാക്കിനർത്ഥം. പുതിയ ഒരു വാതിൽ തുറക്കാനുള്ള പ്രാപ്തി ആ സ്വർണ താക്കോലിനുണ്ടോ?

അതെന്തോ ആവട്ടെ, ഒരു കാര്യം ആദ്യമേ പറയാം, ഇതൊരു പുതിയ വണ്ടിയല്ല, എൻജിനുകൾ, ഗിയർ ബോക്സുകൾ എല്ലാം തന്നെ കാരൻസിൽ കണ്ടത് തന്നെയാണ്, ടർബോ പെട്രോൾ മോഡലിൽ ഒരു മാനുവൽ വേരിയന്റ് വന്നു എന്നതാണ് പവർ ട്രെയിനുകളിലെ വ്യത്യാസം.

എഡാസ് ലെവൽ 2 കൂടെ കിയാ ക്ലാവിസിൽ നൽകിയിട്ടുണ്ട്, ഇരുപതോളം അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സവിശേഷതകളാണ് ക്ലാവിസിൽ ഉള്ളത്. അതിൽ എനിക്ക് ഏറ്റവും ഉപകാരപ്രദം എന്ന് തോന്നിയത്, സ്മാർട്ട് ക്രൂയിസ് കണ്ട്രോൾ ആണ്. ലൈൻ കീപ് അസിസ്റ്റും ലൈൻ ഡിപ്പാർച്ചർ വാർണിംഗും, ഓട്ടോ ബ്രേക്കിങ്ങും അടക്കം സുരക്ഷാ സംവിധാനങ്ങൾ ഒരുപാടുണ്ട് ക്ലാവിസിൽ, ആറു എയർ ബാഗുകളും കൂടെ നാലു വീലിലും ഡിസ്ക് ബ്രേക്കുമുണ്ട്. സ്റ്റിയറിംഗ് സിസ്റ്റം കാരൻസിൽ നിന്ന് വ്യത്യസ്തമാണ്, ഇപ്പൊ മോട്ടോർ ഡ്രൈവൻ പവർ സ്റ്റിയറിംഗ് ആണ്, എഡാസ് സവിശേഷതകൾക്കു വേണ്ടിയാണാ മാറ്റം.

പിന്നെ സസ്‌പെൻഷനിൽ കൂടെ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് പുതിയ 17 ഇഞ്ച് വീലുകൾ കൂടിയ മോഡലിൽ കിട്ടും, 15 ഇഞ്ച് 16 ഇഞ്ച് 17 ഇഞ്ച് വീലുകൾ വകബദ്ധങ്ങൾക്ക് അനുസൃതമായി ലഭിക്കും. വെന്റിലേറ്റഡ് സീറ്റും, പവർ അഡ്ജസ്റ്മന്റ്റും, തണുപ്പിക്കാവുന്ന കപ്പ് ഹോൾഡറും പിന്നിലെ സ്റ്റോറേജ് സ്‌പേസും എല്ലാം ഒരു പ്രാക്ടിക്കൽ വണ്ടിക്കു വേണ്ടുന്നതാണ്. വലിയ ആം റെസ്റ്റുമുണ്. അതിലെ ട്രെ നമുക്ക് ഊരി എടുത്തു വൃത്തിയാക്കാനാവും.

ഡാഷ് ബോര്ഡിലെ വിപ്ലവകരമായ മാറ്റം സ്വാഹതാർഗമാണ്. കിയയുടെ തന്നെ സിറോസ് എന്ന മോഡലിൽ നിന്ന് കടം കൊണ്ട പോലുള്ള ഡാഷ്‌ബോർഡ് ഡിസൈൻ അതിലെ ബുദ്ധിപരമായ ഇന്റഗ്രേഷൻ, കൂടാതെ ഡോർ പാടുകളിലെ സ്റ്റോറേജ് സംവിധാങ്ങൾ എല്ലാം കൊള്ളാം.

12.25 ഇൻഫോടൈന്മെന്റ് സ്ക്രീനും അതെ വലിപ്പമുള്ള ക്ലസ്റ്ററും, പഴയ കാരൻസ് ഉപയോഗിച്ചവർക്ക്, അകത്തു കേറുമ്പോൾ തന്നെ ഇതൊരു പുതിയ വണ്ടിയാണല്ലോ എന്ന തോന്നലുളവാക്കാൻ സഹായിക്കും. സ്റ്റിയറിംഗ് വീൽ സിറോസിലെ പോലെ തന്നെയാണ്, ടിൽറ്റും, റീച്ചും ക്രമീകരിക്കാവുന്ന സ്റ്റീരിങ് വീലും, വിവിധമായ ക്രമീകരണങ്ങളുള്ള സീറ്റും കൂടി ചേരുമ്പോൾ, ഇരിക്കാനും, യാത്ര ചെയ്യാനും ഉതകുന്ന ഒരു വണ്ടിയായി കാരൻസ് ക്ലാവിസ് മാറുന്നു.

അവിടിവിടെയായി ചില ചെലവ് ചുരുക്കലുകളും കാണാം, സൺ വൈസറുകൾ തികച്ചും ബേസിക് ആണ്, നല്ല ക്വാളിറ്റിയുള്ള ബേസിക് സൺ വൈസറുകൾ എന്ന് പറയാം. കണ്ണാടിയുണ്ട്, ഒരെണ്ണം. അതിൽ ലൈറ്റുമില്ല!

ബോസ് 8 സ്പീക്കർ സൗണ്ട് സിസ്റ്റം കൂടിയ മോഡലിലുണ്ട്. കൂടാതെ 6 എയർ ബാഗുകൾ സ്റ്റാൻഡേർഡ് ആണ്. പനോരാമിക് സൺ റൂഫും ക്ലാവിസിലുണ്ട്. പിന്നിൽ എ സി വെന്റുകൾ വശങ്ങളിലേക്ക് മാറി എന്നതൊഴിച്ചാൽ വലിയ മാറ്റങ്ങളില്ല. രണ്ടു കളറുകളിൽ ഇന്റീരിയറും, അത് പോലെ മൂന്നു കളറിൽ സീറ്റുകളും, വേരിയന്റുകൾക്ക് അധിഷ്ഠിതമായി കിയാ ക്ലാവിസിൽ നൽകുന്നുണ്ട്.

പവർ സീറ്റാണ് ഡ്രൈവർ സീറ്റെങ്കിലും, ഉയരം ക്രമീകരിക്കുന്നത് മാനുവൽ ആയി തന്നെ വേണം. ഒരു ചെറിയ ഡെഡ് പെഡൽ കൂടെ കാരൻസിലെ പോലെ ക്ലാവിസിലും കാണാം.

ഡാഷ് ബോർഡിന് താഴെ, വിവിധ കളറുകളിൽ ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റുകൾ കൂടെ കൊടുത്തിട്ടുണ്ട്. ഡാഷ് ബോർഡിലെ താഴെ വശം മാറിയിട്ടില്ല എന്ന് തോന്നി, കാരൻസിലെ പോലെ തന്നെയാണത്.

പാസഞ്ചർ സീറ്റിൽ ബോസ് മോഡുണ്ട്. പിൻസീറ്റിൽ ഇരുന്നു മുൻ സീറ്റ് മുന്നിലേക്ക് നീക്കാനാവും എന്നതാണത്. മാനുവൽ ആണത് ഇലക്ട്രിക്ക് സ്വിച്ച് അല്ല.

ഡാഷ്ബോർഡിൽ കൊടുത്ത സ്വിച്ച് പാനൽ എന്റെ ശ്രദ്ധയാകർഷിച്ചു. ക്ലൈമറ്റ് കണ്ട്രോൾ സ്വിച്ചുകളും, മീഡിയ കണ്ട്രോളും കൂടെ ഒരൊറ്റ പാനലിൽ നൽകിയിരിക്കുകയാണ്. കിയാ അതൊരു വലിയ സവിശേഷതയിട്ടാണ് പറയുന്നത്. സംഭവം കൊള്ളാം. കൂടാതെ ഇൻഡക്ഷൻ ചാർജിങ് അടക്കം പല വിധം ചാർജിങ് സംവിധാങ്ങളും ക്ലാവിസിലുണ്ട്.

മൂന്നാം നിര സീറ്റുകൾക്ക് മാറ്റമില്ല, പിന്നിൽ എസി വെന്റുകളുണ്ട്. ചാർജിങ് പോർട്ടുകളും, കപ്പ് ഹോൾഡേഴ്‌സുമുണ്ട്. മൂന്നാം നിരയിൽ തരക്കേടില്ലാതെ ഇരിക്കാവുന്ന വണ്ടിയായിരുന്നു കാരൻസ്, ക്ലാവിസും അങ്ങനെ തന്നെ.

ആറു, ഏഴ് സീറ്റുകളിൽ ലഭിക്കുന്ന ക്ലാവിസിന്റെ ആറു സീറ്റർ വേരിയന്റ് ആണ് നല്ലതെന്നു തോന്നി, ഒറ്റ ക്ലിക്കിൽ മറിച്ചിട്ട് പിന്നിലേക്ക് കേറാവുന്ന ഇടത് സീറ്റ് രണ്ടു വകബേധങ്ങളിലുമുണ്ട്

വണ്ടി സവിശേഷതകളാൽ സമ്പന്നമാണ്. യാത്ര ചെയ്യാനും കൊള്ളാം. പിന്നിലെ ഇടത് വശത്തെ ട്രേ ഉപയോഗപ്രദമാണ്. വലത് വശത്തു പക്ഷെ ആ സ്ഥാനത്ത് എയർ പ്യൂരിഫയർ ആണ്. എന്നിരുന്നാലും സ്ഥലം അപഹരിക്കുന്നൊന്നുമില്ല. പിന്നിലെ എ സി ക്കും കൺട്രോളുകളുണ്ട്.

അകത്ത് ഇങ്ങനൊയൊക്കെയാണെങ്കിൽ പുറത്തോ? പുറത്തു ബമ്പർ ഹെഡ്ലാംപ് ആണ് മുന്നിലെ മാറ്റം. ഐസ് ക്യൂബ് എൽ ഇ ലൈറ്റുകളാണ് ടോപ് മോഡലിൽ, സീറ്റുകളും വീലുകളും പോലെ ലൈറ്റും വകബദ്ധങ്ങൾക്ക് അനുസൃതമാണ്.

ഇലക്ട്രിക്ക് കാറുകളോട് രൂപ സാദ്രശ്യമുള്ള നിർമിതിയാണ് കാരൻസിന്റെ, പ്രേത്യേകിച്ചും മുന്നിൽ നിന്ന് നോക്കുമ്പോൾ. സിറോസിനോട് സാമ്യമുണ്. വലിയ എൽ ഇ ഡി ബാർ ഹെഡ് ലാമ്പുകൾ ബന്ധിപ്പിക്കുന്നുണ്ട്. പാർക്കിങ് സെൻസറുകളും 360 ഡിഗ്രി ക്യാമെറകളും കാണാം. ഈ ക്യാമെറകളാൽ കിയാ കണക്ട് ആപ്പ് ഉപയോഗിച്ച് വണ്ടിയുടെ ചുറ്റും നമുക്ക് കാണാനാവും, അഥവാ മോണിറ്റർ ചെയ്യാനാവും. ഒരു കാമറ കൂടെയുണ്ട്, അത് എഡാസ് ക്യാമറയാണ് അത് എല്ലാ വണ്ടിയിലെയും പോലെ ചില്ലിനു പിന്നിൽ ഒളിച്ചിരിക്കുകയാണ്. കൂടാതെ അകവും പുറവും റെക്കോർഡ് ചെയ്യാവുന്ന ഡാഷ് ക്യാമറയും ക്ലാവിസിലുണ്ട്.

വശങ്ങളിലെ മാറ്റം വീലുകളിലാണ്, റൂഫ് റെയ്‌ൽസ്‌ ഉണ്ട്. പിന്നിലെ സൈഡ് വിൻഡോകൾക്ക് സൺ സ്ക്രീൻ കൊടുത്തിട്ടുണ്ട്. ചുറ്റപ്പെട്ട ക്ലാഡിങ്ങും കാരൻസിലെ പോലെ ക്ലാവിസിൽ കാണാം.

പിന്നിൽ സ്റ്റാർ മാപ്പ് എന്ന് വിളിക്കുന്ന എൽ ഇ ഡി ബാറാണ്, കാണാൻ നല്ല ഭംഗിയുണ്ട്. സ്പോയ്ലർ നൽകിയിട്ടുണ്ട് കൂടാതെ ഷാർക്ക് ഫിൻ ആന്റിനയും കാണാം.

ബൂട്ട് സ്‌പേസിൽ മാറ്റമില്ല, 216 ലിറ്റർ തന്നെയാണ് ക്ലാവിസിലും. സീറ്റുകൾ മറിച്ചിട്ടാൽ വീണ്ടും ബൂട്ട് സ്‌പേസ് കൂട്ടാം.

കാരൻസിലെ പോലെ തന്നെ മൂന്ന് എഞ്ചിനുള്ള ക്ലാവിസിലെ ടർബോ പെട്രോൾ ഓട്ടോമാറ്റിക് ആണ് ഓടിക്കാൻ രസം. ഡീസൽ പ്രാക്ടിക്കലായും നോർമൽ പെട്രോൾ സെഡേറ്റ് ഡ്രൈവിങ്ങിനും ഉപയോഗിക്കാം. ആറ് സ്പീഡ് മാനുവൽ ഗിയർ ബോക്‌സും 7 സ്പീഡ് രണ്ട് ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ ബോക്‌സും ടർബോ പെട്രോളിനുണ്ട്. ഡീസലിൽ അത് ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ആണ്. മാന്വൽ എല്ലാം ആറു സ്പീഡ് തന്നെ.

ഡ്രൈവിങ്ങിൽ വന്ന മാറ്റം എന്ന് പറയുന്നത്, ഹാൻഡ്ലിങ് മികവാണ്, തിരിവിലും വളവിലുമൊക്കെ തീർത്തും രസകരമായി ഓടിക്കാവുന്ന നിലക്ക് ക്ലാവിസ് എന്ന പുതിയ കാരൻസ് മാറി. 17ഇഞ്ച് വീലുകളും അതിലെ 215/55 R17 ടയറുകളും തീർത്തും വണ്ടിയെ മാറ്റി എന്ന് തന്നെ പറയാം. ആകെയുള്ള ചെറിയ പോരായ്മ എന്ന് പറയുന്നത് സ്റ്റിയറിംഗ് കൂടുതൽ ലൈറ്റ് ആണ് എന്നത് മാത്രമാണ്. ഒരിത്തിരി കൂടെ കനം, കൂടിയ സ്പീഡില് സ്റ്റിയറിങ്ങിൽ തോന്നിയിരുന്നെങ്കിൽ എന്ന് തോന്നി. കൂടാതെ നടുവിലായി ഒരിത്തിരി ഡെഡ് ഫീലുമുണ്ട്. പതിനേഴ് ഇഞ്ച് വീലുകൾ ഹാൻഡ്‌ലിംഗിൽ മികവാണ് തരുന്നതെങ്കിലും, റൈഡ് നെ ചെറുതായി ബാധിച്ചിട്ടില്ലേ എന്ന് തോന്നി. കുറഞ്ഞ വേരിയെന്റുകളിൽ തിരിച്ചായിരിക്കും അനുഭവം.

നല്ല മൈലേജുമുണ്ട് കാരൻസ് ക്ലാവിസിന്. ടർബോ പെട്രോൾ സമാധാനമായി ഓടിച്ചാൽ, തീർത്തും ലാഭമാണ്. കാല് കൊടുത്താൽ ലാഭം എന്ന് പറയുന്നത് ഡ്രൈവിംഗ് അനുഭവവും നഷ്ടം മൈലേജിലുമാവും. മൈലേജ് ആണ് നിങ്ങളുടെ ആദ്യ പ്രാധാന്യമെങ്കിൽ ഡീസൽ എടുത്തോളൂ

മൊത്തത്തിൽ നോക്കിയാൽ, തീർത്തും നല്ല ഒരു വണ്ടിയാണ് കാരൻസ് ക്ലാവിസ്. വലിയ കുടുംബത്തിന് യാത്ര ചെയ്യാനും, ഓടിക്കാൻ രസവുമുള്ള ഒരു ആറു ഏഴ് സീറ്റർ. വില വന്നിട്ടില്ല, സെൽറ്റാസിനോട് ചേർന്ന് നിൽക്കുമെന്നാണ് കരുതുന്നത്, അത് അങ്ങനെയെങ്കിൽ ക്ലാവിസ് തീർത്തും ഒരു നല്ല ഓപ്‌ഷനാണ് വാങ്ങാൻ.

വീഡിയോ റിവ്യൂ താഴെ കൊടുക്കാം

YouTube player

Leave a Reply

Your email address will not be published. Required fields are marked *