Citroën India – India Reveals its Changing ‘Comfort Zones’

ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന ‘കംഫര്‍ട്ട് സോണുകള്‍’ വെളിപ്പെടുത്തി സിട്രോണ്‍ ഇന്ത്യ പഠനം

കൊച്ചി: ഇന്ത്യക്കാര്‍ ജീവിതത്തില്‍ ഏറ്റവും സൗകര്യപ്രദമായിരിക്കുന്ന അവസ്ഥയെ കുറിച്ച് സിട്രോണ്‍ ഇന്ത്യ നടത്തിയ പഠനങ്ങളുടെ ഫലം പുറത്തു വിട്ടു. പ്രായം, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് മനസമാധാനം ലഭിക്കുന്ന സാഹചര്യങ്ങളെ കുറിച്ചും അവയുടെ കാര്യത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും ഈ പഠനം വിശദമായി ചൂണ്ടിക്കാട്ടുന്നുണ്ട്. മുംബൈയിലെ ഇന്നവോറ്റീവ് റിസര്‍ച്ച് സര്‍വ്വീസസ് രാജ്യത്തെ പത്തു നഗരങ്ങളിലായി 1801 പേരെ ഇന്റര്‍വ്യൂ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണത്തിലെ കണ്ടെത്തലുകള്‍. മഹാമാരിയെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ചിന്താഗതിയില്‍ ഉണ്ടായ മാറ്റങ്ങളും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

റോഡ് യാത്രയ്ക്ക് മനസമാധാനവുമായി ബന്ധപ്പെട്ടുള്ള ബന്ധവും ഇവിടെ ചൂണ്ടിക്കാട്ടുന്നുണ്ട്. ജോലിക്കായുള്ള യാത്രയാണ് ഏറ്റവും സൈ്വര്യം കെടുത്തുന്നതെന്നാണ് 19 ശതമാനം പേര്‍ ചൂണ്ടിക്കാട്ടിയത്. കുഴികളും മറ്റും ഈ വേളയെ ഏറ്റവും വിഷമം പിടിച്ചതാക്കി മാറ്റുന്നു. പുറത്തു നിന്നുള്ള ബഹളവും ശബ്ദങ്ങളും മൂലം ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്തതാണ് ഈ യാത്രയിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന് 29 ശതമാനം പേര്‍ പറയുന്നു. ഇതിനിടെ സുഹൃത്തുക്കളെ വിളിച്ചും മറ്റും പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നവരാണ് 16 ശതമാനം പേര്‍. പക്ഷേ പുറത്തു നിന്നുള്ള ശല്യങ്ങള്‍ മൂലം ഇതും ബുദ്ധിമുട്ടാകുകയാണ് പതിവ്. 49 ശതമാനം ഇന്ത്യക്കാര്‍ക്കും ഡ്രൈവിങിനിടെ പുറം വേദന, കഴുത്തു വേദന മറ്റു ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാകാറുണ്ട്.

കോവിഡിനു മുന്‍പുള്ള കാലത്ത് മൂന്നു കിലോമീറ്റര്‍ വരെയുള്ള ചെറിയ യാത്രകള്‍ക്കായുള്ള സ്വകാര്യ കാര്‍ യാത്രകള്‍ സുഖകരമായി കരുതുന്നവര്‍ 25 ശതമാനമായിരുന്നു എങ്കില്‍ അതിപ്പോള്‍ 34 ശതമാനമായെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സിട്രോണ്‍ ഇന്ത്യ വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് റോളണ്ട് ബുച്ചാറ ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്ത് ജോലിയും വീടും അടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ സംതൃപ്തി കണ്ടെത്തുന്നതില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സിട്രോണ്‍ ഇന്ത്യ നടത്തിയ പഠനത്തിന്റെ പൂര്‍ണ റിപോര്‍ട്ട് ഈ മാസം പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *