1998 ലാണ് ടാറ്റ സഫാരി നിരത്തിൽ ഇറങ്ങുന്നത്, ഒരു 2 ലിറ്റർ ഡീസൽ എൻജിനും കൂടെ ഒരു 2.1 ലിറ്റർ പെട്രോൾ എഞ്ചിനുമായിട്ടായിരുന്നു സഫാരി വന്നത്, അത് പിന്നീട് ഡൈക്കോർ എന്ന നാമത്തിൽ 3 ലിറ്റർ പിന്നീട് 2.5 ലിറ്റർ എന്നിങ്ങനെയുള്ള വകഭേദങ്ങളിൽ സഫാരിയെ നയിച്ചു. പിന്നീട് സ്‌ട്രോം എന്ന പേരിൽ ഒരു മുഖം മാറ്റം കൂടെ സഫാരിക്കുണ്ടായി, 400 എൻ എം വെരിക്കോർ എൻജിൻ കൂടെ സ്ട്രോമിൽ വന്നിരുന്നു. ഹൌ എവർ 2019ൽ ആദ്യ തലമുറ സഫാരി നിരത്തൊഴിഞ്ഞു.
ഇത് പുതിയ സഫാരി, പുതിയത് എന്ന് വെറുതെ അങ്ങ് പറഞ്ഞാ പോരാ, പഴയതുമായുള്ള സാമ്യം ആ പേരിൽ മാത്രമേ ഉള്ളൂ ബോഡി ഓൺ ഫ്രേം ഡിസൈൻ മോണോകോക്ക് ആയി, തേർഡ് റോ സിറ്റിങ് മുന്നോട്ട് എന്ന നിലക്കായി മൊത്തത്തിൽ പരുക്കൻ ആയിരുന്ന സഫാരി തികച്ചും സോഫ്റ്റ് ആയി അങ്ങനെ അങ്ങനെ സാമ്യം തീരെ ഇല്ലാതായി എന്ന് തന്നെ പറയാം.
സഫാരിക്ക് പഴയ സഫാരിയുമായി തീരെ സാമ്യം ഇല്ല എന്ന് പറഞ്ഞില്ലേ, ആ സാമ്യമില്ലായ്മ മറ്റൊരു സാമ്യതയിലേക്കാണ് നയിച്ചിട്ടുള്ളത്, ഒറ്റ നോട്ടത്തിൽ ഒരിച്ചിരി വലുതായ ഹാരിയർ അതാണ് പുതിയ സഫാരി; ഹരിയെർ പ്ലസ് എന്നോ മറ്റോ ആയിരുന്നു പേര് എങ്കിൽ തികച്ചും ഉചിതമായേനെ.
രൂപഭംഗി
മുന്നിൽ നിന്ന് നോക്കിയാൽ ഗ്രിൽ മാത്രമാണ് സഫാരിക്ക് ഹരിയറിൽ നിന്നുള്ള അകെ വ്യത്യാസം. മുകളിൽ ഡേ ടൈം റണ്ണിങ് ലൈറ്റ് ഇൻഡിക്കേറ്റർ കോംബോ, അതിനു താഴെ ബമ്പറിൽ ഇറങ്ങി നിൽക്കുന്ന പ്രൊജക്ടർ ഹെഡ് ലൈറ്റ് അസംബ്ലി. താഴെ ഒരു ചെറിയ എയർ ഡാം ഉണ്ട് അതിനു താഴെ പേരിനു മാത്രം എന്നോണം ഒരു സ്കിഡ് പ്ളേറ്റ് കൂടിയുണ്ട്.
വലിയ ബോണറ്റ് ഏരിയയും അതിനു മുകളിൽ കാണുന്ന ബോഡി ലൈനുകളും എല്ലാം സെയിം സെയിം (കുട്ടികളുടെ ഭാഷ കടമെടുത്തതാണ്) വലിയ ഗ്ലാസ് ഏരിയ കാണാം, ഓട്ടോ ഹെഡ് ലാമ്പുകളും വൈപ്പറുകളും സഫാരിക്കുണ്ട്. അതിനു മുകളിൽ വല്യ ഒരു പനോരമിക് സൺ റൂഫ് കൂടെ കാണാം, ആന്റി പിഞ്ച് സവിശേഷതയുള്ള ആ സൺറൂഫ് വണ്ടി ലോക്ക് ചെയ്താലും അല്ലെങ്കിൽ മഴ പെയ്‌താലുമൊക്കെ തനിയെ അടയും.
വശങ്ങളിൽ ആണ് ശരിക്കും മാറ്റം, മൂന്നാം നിര സീറ്റുകൾ തികച്ചും വൃത്തിയായി തന്നെയാണ് സഫാരിയിൽ ഉൾപെടുത്തിയിട്ടുള്ളത്, സംഗതി ഹാരിയറുമായി ചായയുണ്ട് എന്നൊക്കെ പറയാം എങ്കിലും, ആ മൂന്നാം നിര സീറ്റിനു വേണ്ടി ക്രമീകരിച്ച വശങ്ങൾ വാഹനത്തിനു തികച്ചും ഒരു സ്വത്വം നൽകുന്നുണ്ട്.
വലിയ 18ഇഞ്ച് വീലുകളും വീതി കൂടിയ ടയറുകളും സഫാരിക്കു ഒരു ആന ചന്തം നൽകുന്നുണ്ട്. റൂഫ് റയിലുകളും ഉയർന്നു നിൽക്കുന്ന മൂന്നാം നിര സീറ്റിനു മുകളിലുള്ള റൂഫും സഫാരിക്ക് പഴയ സഫാരിയുമായി ഒരു ചെറിയ സാമ്യം നൽകുന്നുമുണ്ട്.
പിന്നിൽ എൽ ഇ ഡി ലൈറ്റുകളും വലിയ സഫാരി ബാഡ്ജും കാണാം, റിവേഴ്‌സ് കാമറ പാർക്കിങ് സെൻസറുകൾ എന്നിവയുമുണ്ട്. ഡിഫിയൂസർ പോലെ കൊടുത്ത സിൽവർ ഫിനിഷുള്ള ബമ്പറിന്റെ താഴ്ഭാഗം ഒരു എസ് യു വി ചായ സഫാരിക്ക് നൽകുന്നുണ്ട്.
അകത്ത്
മൂന്നു നിര സീറ്റുകളാണ് സഫാരിക്കുള്ളത്, മൊത്തം ആറു സീറ്റുകൾ, തീയറ്റർ കണക്കെ ഒന്നിന് ഒരിച്ചിരി മുകളിൽ മറ്റൊന്ന് എന്ന നിലയിലാണ് സീറ്റുകളുടെ ക്രമീകരണം. തദ്ധ്വാരാ, മൂന്നു റോ സീറ്റുകൾക്കും നല്ല പുറം കാഴ്ച കിട്ടും എന്നാണ് ടാറ്റ അവകാശപ്പെടുന്നത്
മുന്നിലേക്കും പിന്നിലേക്കും നീക്കി ക്രമീകരിക്കാവുന്ന രണ്ടാം നിര സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ മുൻ പാസഞ്ചർ സീറ്റ് ഒരു ലിവർ പിടിച്ച മുന്നിലേക്ക് ആക്കാനുള്ള സംവിധാനം കൂടെ ടാറ്റ സഫാരിയിൽ കണ്ടു, ബോസ് മോഡ് എന്നാണ് ടാറ്റ ഈ ഒരു സവിശേഷതക്കു നൽകിയ നാമം
പിന്നിൽ രണ്ട് മൂന്നു നിരകളിലും പ്രത്യേകമായി എയർ കണ്ടീഷണർ നൽകിയിട്ടുണ്ട്. കൂടാതെ യൂ എസ് ബി ചാർജിങ് സോക്കറ്റും സ്റ്റോറേജ് സംവിധാനങ്ങളും സഫാരിയുടെ മൂന്നാം നിരയിൽ കാണാം.
മൂന്നു നിര സീറ്റുകളും ഉപയോഗിക്കുന്നുവെങ്കിൽ കാര്യമായ ഒരു ബൂട്ട് സ്‌പേസ് ഇല്ല എന്ന് കാണാം പക്ഷെ മൂന്നാം നിര സീറ്റുകൾ മറച്ചിട്ടാൽ ഇഷ്ടം പോലെ സ്ഥലവും ഉണ്ട്.
വെള്ള കളറിലാണ് സീറ്റുകൾ, അത് കൊണ്ട് തന്നെ നല്ല തെളിച്ചമുള്ള അകത്തളം ആണ് സഫാരിക്ക്, കൂടെ ഒരുപാട് എലമെന്റുകൾ ഉള്ള ഒരു ഡാഷ് ബോർഡുമുണ്ട്.
വല്യ ഗ്ലോ ബോക്സ് ആണ്. കൂടാതെ വലിയ ഒരു ആം റെസ്റ്റ് കൂടെ സഫാരിക്കുണ്ട്. അതിനകത്തു കൂളിങ് സംവിധാനവും കാണാം.
മൊത്തത്തിൽ ഒരു പാട് സവിശേഷതകളുള്ള മികച്ച ഒരു ടാറ്റ മോട്ടോർസ് കാർ എന്ന് സഫാരിയെ പറയാം.
170 പി എസ് പവറും 350 എൻ എം ടോർക്കുമുള്ള 2 ലിറ്റർ ക്രയോടെക് എൻജിനാണ് സഫാരിക്ക് കരുത്ത് നൽകുന്നത്.
സഫാരിയെക്കുറിച്ച് കൂടുതൽ അറിയാൻ, വീഡിയോ കാണാം
