ഹിന്ദുസ്ഥാൻ അംബാസഡർ, ഇന്ത്യൻ റോഡുകളിലെ രാജാവ് (ദി കിംഗ് ഓഫ് ഇന്ത്യൻ റോഡ്സ്) എന്ന് അറിയപ്പെട്ടിരുന്ന, ശ്രെഷ്ടമായ ചരിത്രമുള്ള, പാരമ്പര്യമുള്ള ഇന്ത്യയിലെ കാർ!. എന്താണാ ചരിത്രം, എന്ത് കോണ്ട് ഈ ഇന്ത്യയുടെ വണ്ടിക്ക് നിരത്തു വിടേണ്ടി വന്നു.
യൂ ക്കെ യിൽ നിന്നും വന്ന വണ്ടി കുറച്ചു കാലം ഇന്ത്യയിൽ ഉണ്ടാക്കി യൂകെയിലേക്ക് തന്നെ കയറ്റി വിട്ടിരുന്നു എന്നറിയാമോ.
അംബാസഡറിന്റെ ചരിത്രവും നാൾ വഴികളും, അവസാനവും എല്ലാം പറയാം, വണ്ടിപ്രാന്തനിലേക്ക് സ്വാഗതം.
1958ല് ഹിന്ദുസ്ഥാൻ മോട്ടോർസ് ഉണ്ടാക്കി തുടങ്ങിയ കാറാണ് അംബാസഡർ. ബ്രിട്ടീഷ് കാറായ ഓക്സ്ഫോർഡ് സീരീസ് 3 എന്ന കാറിനെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ കാറാണ്, ഹിന്ദുസ്ഥാൻ അംബാസഡർ

57 വർഷം വില്പനയിലുണ്ടായിരുന്നു എന്ന് പറയുമ്പോൾ തന്നെ മനസിലാകും, ഇന്ത്യക്കീ കാർ എത്ര മാത്രം പ്രാധാന്യമുള്ളതായിരുന്നുവെന്ന്. 1958 മുതൽ അവസാന വണ്ടി ഉണ്ടാക്കിയ 2014 വരെയായിരുന്നുവാ അമ്പത് വർഷം. അംബാസിഡറിന്റെ അമ്പതു വർഷം!
1950 – ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മോറിസ് മോട്ടോർസ് ലിമിറ്റഡിൽ നിന്നും നിന്നും അംബാസഡർ ഉണ്ടാക്കാനുള്ള റൈറ്സും അതിനുള്ള ഉപകരണങ്ങളും ഹിന്ദുസ്ഥാൻ മോട്ടോർസ് വാങ്ങുന്നു. ഈ മോറിസ് ഓക്സ്ഫോർഡ് 3 എന്ന മോഡൽ യു കെ യിലെ കൗലി ഓക്സ്ഫോർഡ് എന്ന സ്ഥലത്തുള്ള മോറിസ് മോട്ടോർസ് ലിമിറ്റഡ് 1956 മുതൽ 1959 വരെയുണ്ടാക്കിയിരുന്ന കാറായിരുന്നു.
അംബാസിഡർ ഉണ്ടാക്കിയിരുന്നത് ഇന്ത്യയിൽ കൊൽക്കത്തയിലെ ഉത്തർപാറ എന്ന സ്ഥലത്തായിരുന്നു. വെസ്റ്റ് ബംഗാളിലാണിത്!
യൂ ക്കെ യിൽ നിന്നും വന്ന വണ്ടി കുറച്ചു കാലം ഇന്ത്യയിൽ ഉണ്ടാക്കി യൂകെയിലേക്ക് തന്നെ കയറ്റി വിട്ടിരുന്നു എന്നറിയാമോ. 1992 ലാണത്. ഫുൾ ബോർ മാർക്ക് 10 എന്ന പേരിലായിരുന്നത്. ഇന്ത്യയിലെ വണ്ടി യൂ ക്കെയിൽ വെറുതെ അങ്ങനെ വിൽക്കാൻ ഒന്നും പറ്റില്ലല്ലോ, തധ്വരാ സീറ്റ് ബെൽറ്റും അത് പോലെ ഹീറ്ററും ഒക്കെ ഫിറ്റ് ചെയ്ത് അവിടത്തേക്കു പറ്റിയ വണ്ടിയാക്കിയാണ് വീണ്ടും യൂ ക്കെയിലേക്ക് അത് കയറ്റി വിട്ടത്. വളരെ കുറച്ച് വണ്ടി മാത്രം വിറ്റ്, അത് ഇമ്പോർട് ചെയ്യാൻ ശ്രമിച്ചയാളുടെ കട പൂട്ടികെട്ടുകയാണുണ്ടായത്.
അംബാസഡറിന്റെ നാൾ വഴികളിലൂടെ കണ്ണോടിച്ചാൽ.
1948 – ഹിന്ദുസ്ഥാൻ ലാൻഡ്മാസ്റ്റർ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ആദ്യ കാർ അതായിരുന്നു. അംബാസിഡറിന്റെ മുൻഗാമി. വലിയ ട്രങ്ക് ഉള്ള, ബ്രിട്ടീഷ് പാർട്ടുകളൊക്കെ ഉപയോഗിച്ചിരുന്ന ലാൻഡ് മാസ്റ്റർ ഇന്ത്യയിലെ അന്നത്തെ റോഡിൽ ഓടാൻ പ്രാപ്തമായിരുന്നു. ഒഫീഷ്യൽസ്, ടാക്സി അങ്ങനെ പല വിധമായാ ഉപയോഗത്തിന് ലാൻഡ്മാസ്റ്റർ ഉപയോഗിച്ചിരുന്നത്രെ. മോറിസ് ഓക്സ്ഫോർഡ് 2 എന്ന കാറിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ലാൻഡ് മാസ്റ്റർ നിർമിച്ചത്.
1957 – മോറിസ് ഓക്സ്ഫോർഡ് 3 യുടെ റൈറ്സും ടൂൾസുമൊക്കെ ഹിന്ദുസ്ഥാൻ മോട്ടോർസ് സ്വന്തമാക്കുന്നു. അംബാസിഡർ ഇവിടെ ഇന്ത്യയിൽ ഉണ്ടാക്കി തുടങ്ങുന്നു.
1958 – അംബാസഡർ മാർക്ക് 1 നിരത്തിലെത്തുന്നു. അതെ തുടരും സിനിമയിലൊക്കെ കണ്ട അതേ കാർ. ഇന്ത്യയുടെ ചിത്രമായ കാർ എന്നൊക്കെ അതിനെ വിളിക്കാം. ഇന്നലെ കണ്ട ഹിറ്റ് സിനിമയിലും നിങ്ങളാ കാർ കണ്ടില്ലേ. അതിൽ പരം എന്ത് പറയാൻ. കൗതുകമുള്ള രൂപമായിരുന്നു മാർക്ക് 1 ന്, ഇന്ന് നമുക്ക് ആ വണ്ടി തരുന്ന കൗതുകം മുൻ വശത്തേക്കാൾ പിൻ വശത്തിനാണ്. അംബാസിഡറിൽ ഏറ്റവും കൂടുതൽ മാറിയതും അങ്ങനെ നോക്കിയാൽ പിൻ ഭാഗമല്ലേ?
ഓസ്റ്റിൻ മോട്ടോഴ്സിൽ നിന്നും കടം കൊണ്ട 1476 സിസി സൈഡ് വാൽവ് എൻജിനാണ് മാർക്ക് 1 നുണ്ടായിരുന്നത്. പിന്നീടത് 1489 സി സി എഞ്ചിനിലേക്ക് മാറി. 55 ബി എച്ച് പി ബി സീരീസ് എൻജിൻ.
ഈ അംബാസിഡർ ബോഡി ഓൺ ഫ്രേം എന്നോ മോണോ കോക്ക് എന്നോ വിളിക്കാൻ പറ്റാത്ത നിർമിതിയാണെന്നറിയാമോ?. സെമി മോണോകോക്ക് ചാസിസ് അതായത്, മോണോകോക്കും ചാസിസിയും കൂടിയ തരത്തിലുള്ള നിർമിതിയായിരുന്നു അംബാസിഡറിന്റെ. മാർക്ക് 1 ന്റെ സ്റ്റിയറിംഗ് വീലും കൗതുകമുള്ളതായിരുന്നു.
ഈ അംബാസഡറിന്റെ പഴയ മോഡലുകളിൽ സ്റ്റിയറിങ് ഇച്ചിരി ചെരിഞ്ഞിരിക്കും. അതിനെന്താണ് കരണമെന്നറിയാമോ?
പഴയ കാറുകളിൽ കൊളാപ്സിബിൾ സ്റ്റിയറിംഗ് കോളമൊന്നും അല്ല നേരിട്ടൊരു പൈപ്പിലൂടെ സ്റ്റിയറിംഗ് ലേക്ക് നേരിട്ടായിരുന്നു കണക്ഷൻ ഒരിടിയിൽ നെഞ്ച് തുളക്കാൻ കഴിയുന്ന ആ റോഡ് ടയറിൽ തട്ടാതെ വക്കാൻ ചെരിച്ച് വക്കുക മാത്രമേ മാർഗമുണ്ടായിരുന്നുള്ളൂ!
1962 ല് അംബാസിഡർ മാർക്ക് 2 പുറത്തിറങ്ങി. മോറിസ് മിനിയുമായി സാമ്യമുള്ള മുൻവശവും ഈ മോഡലിലാണ് വരുന്നത്, സാമ്യം പക്ഷെ രൂപത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ വലിപ്പത്തിൽ ഇല്ലായിരുന്നു. ഡാഷ് ബോർഡും ഇന്റീരിയറും എല്ലാം മാറി. ആദ്യം സൺ മൈക്ക ഷീറ്റും പിന്നീട് വുഡ് ഗ്രൈൻ കോട്ട് ചെയ്ത പ്ലൈവുഡും അലുമിനിയം ബസലും മായിരുന്നു ഡാഷ്‌ബോർഡ്. മാർക്ക് 2 വന്നതോടെയാണ് മാർക്ക് 1 എന്ന പേര് മുൻ മോഡലിന് കിട്ടുന്നത് തന്നെ. അത് വരെ അത് വെറും അംബാസഡർ ആയിരുന്നു.
1975 വരെ ചെറിയ മാറ്റങ്ങളൊക്കെയായി മാർക്ക് 2 നിലകൊണ്ടു. നമ്മൾക്ക് സുപരിചിതമായ പിൻ വശവും നമ്പർ പ്ളേറ്റ് ബസലും എല്ലാം ഈ മോഡലിലാണ് വരുന്നത് . പിൻ ലൈറ്റും ഇന്റികേറ്ററോട് കൂടിയ ടൈൽ ലൈറ്റും അങ്ങനെയുള്ള ചെറിയ മാറ്റങ്ങൾ 1975 ല് മാർക്ക് 3 വരുന്നത് വരെ മാർക്ക് 1, മാർക്ക് 2 മോഡലുകൾക്ക് കിട്ടി. അന്ന് വരേയ്ക്കും എതിരാളികൾ ഇല്ലാതെ നിന്ന വണ്ടി എന്ന് തന്നെ അംബാസിഡറിനെ വിശേഷിപ്പിക്കാം. പ്രീമിയർ പത്മിനി, അല്ലെങ്കിൽ സ്റ്റാൻഡേർഡ് ഗസൽ എന്നീ മോഡലുകൾ മാത്രമാണ് അംബാസിഡറിനോട് മത്സരിക്കാനുണ്ടായിരുന്നത്.
കുറച്ചു കാലം മാത്രം നിർമാണത്തിലുണ്ടായിരുന്ന എസ്റ്റേറ്റ് വാഗൺ വേർഷനായ അംബാസഡർ എസ്റ്റേറ്റും ഈ കാലഘട്ടത്തിലാണ് ജനിക്കുന്നത്.

1975 ലാണ് മാർക്ക് 3 വരുന്നത്. മുൻഭാഗത്തെ മാറ്റമായിരുന്നു പ്രധാനം. അകത്തും പുറത്തുമുള്ള മാറ്റങ്ങൾ അംബാസഡറിനെ ആധുനികനാക്കി. ഡാഷ്‌ബോർഡ് ഡിസൈൻ മാറി. മുന്നിൽ ഗ്രിൽ മാറി. നമ്പർ പ്ളേറ്റ് ബസൽ മാറി. അങ്ങനെ മാറ്റങ്ങൾ കുറച്ചുണ്ടായിരുന്നു മാർക്ക് 3 ക്ക്. അലുമിനിയം സ്ട്രിപ്പ് ഒക്കെ ഈ മോഡലിലാണ് വരുന്നത്.
1978 ഓടെ, മാർക്ക് 3 ക്ക് രണ്ടു വേർഷനുകളുണ്ടായി. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നിങ്ങനെയായിരുന്നത്. ഡീലക്സ് വേർഷനിലാണ് സ്പീഡോ മീറ്ററും കൂടെ നാലു മീറ്ററുമൊക്കെയുള്ള ഡാഷ്‌ബോർഡ് ഉള്ളത്. പിന്നീട് മാർക്ക് 4 വരുന്നതിനു മുന്നേതന്നെ മാർക്ക് 3 യുടെ വൈപ്പർ ഡിസൈൻ മാറി, ഒരേ വശത്തേക്ക് തുടക്കുന്ന വൈപ്പർ വന്നു, അത് വരെ ബട്ടർഫ്‌ളൈ വൈപ്പർ ആയിരുന്നല്ലോ അംബാസഡറിന്.
മാർക്ക് 3 യുടെ വളരെ കുറച്ച് കാലത്തേ തേരോട്ടത്തിനു വിരാമമിട്ട്, 1979ല് മാർക്ക് 4 അംബാസഡർ നിരത്തിലേക്ക് വന്നു.
1979 മുതലാണ് മാർക്ക് 4 നിരത്തിലെത്തുന്നത്. 1990 വരെ മാർക്ക് 4 നിരത്തിൽ തുടരുകയും ചെയ്തു. 2014 വരെ നമ്മൾ കണ്ട ഡിസൈൻ ചേഞ്ച് വരുന്നത് മാർക്ക് 4 ലാണ്. നമ്മടെ ഓർമയിലെ അംബാസഡർ അതാണ് എന്ന് പറയാം. ഗ്രിൽ ചെറുതായി, പാർക്ക് ലാംപ് മാറി. മുന്നിൽ ചെറിയ ലിപ് സ്പോയ്ലർ വന്നു, ഇന്റികേറ്ററുകൾ മാറി. അത് വരെയുണ്ടായിരുന്ന പെട്രോൾ എഞ്ചിന് കൂടെ ഒരു ഡീസൽ എഞ്ചിൻ കൂടെ വന്നു. 1980 ലാണത്. 1488 സൈസ് ബി എം സി ബി സീരീസ് ഡീസൽ എൻജിൻ ആയിരുന്നത്. 37 ബി എച്ച് പിയായിരുന്നു അതിനു പവർ. അതായിരുന്നു ഇന്ത്യയിലെ ആദ്യ ഡീസൽ കാർ എന്നറിയാമോ. ഇന്ത്യക്കാർ ഇരു കയ്യും നീട്ടി ആ വണ്ടി സ്വീകരിക്കുകയും ചെയ്തു.

ബി വൈ ഡി ഇന്ത്യയിൽ ഇ 6 കൊണ്ട് വന്ന പോലെ അന്ന് അംബാസഡർ ഡീസലും ടാക്സിക്കാർക്ക് മാത്രമേ വാങ്ങാൻ പറ്റുമായിരുന്നുള്ളൂ, അതല്ലങ്കിൽ ഗവണ്മെന്റ് ഉപയോഗത്തിനും. അംബാസിഡർ ഡീസൽ ആയിരുന്നത്രേ അന്നത്തെ ഇന്ത്യയിൽ നിർമിച്ച ഏറ്റവും വില കൂടിയ കാർ. പെട്രോൾ കാറിനേക്കാൾ 25 ശതമാനത്തോളം വില കൂടുതലായിരുന്നു ഡീസലിന്.
മാർക്ക് കാറുകൾ അഥവാ 1 മുതൽ നാലു വരെ, മാർക്ക് 4 ആയിരുന്നു അതിലവസാന കണ്ണി. പിന്നീടത് ഡീലക്‌സും അവിടുന്നു നോവ എന്ന പേരിലും വിറ്റിരുന്നു. ആദ്യ മോഡല് പോലെതന്നെയായിരുന്നു ഈ കാറുകൾ എല്ലാം എന്നതാണ് ഇതിലെ രസം. വളരെ ചെറിയ മാറ്റങ്ങളാൽ അംബാസഡർ ആങ്ങനെ നില കൊള്ളുകയായിരുന്നു. ഏകദേശം ആ സമയത്താണ് കോണ്ടസ്സ കൂടെ ഹിന്ദുസ്ഥാൻ മോട്ടോർസ് ഉണ്ടാക്കി തുടങ്ങുന്നത്. അംബാസഡറിന് പകരമായാണ് കോണ്ടസ ആദ്യം ഉദ്ദേശിച്ചതെന്നറിയാമോ പിന്നീട് അംബാസഡറിന്റെ പോപ്പുലാരിറ്റിയിൽ അത് വേറെ ഒരു മോഡലായി വിൽക്കുകയായിരുന്നു ഹിന്ദുസ്ഥാൻ മോട്ടോർസ്
1990 മുതൽ 1999 വരെ അംബാസിഡർ നോവ നിരത്തിൽ ഉണ്ടായി. 1489 സിസി 55 ബി എച്ച് പി പെട്രോളും 1489 സിസി 37 ബി എച്ച് പി ഡീസലുമായി രണ്ട് എൻജിനുകൾ നോവയിലുണ്ടായിരുന്നു. ഡീസൽ വേർഷനെ ഡീസൽ ഡി എക്സ് എന്നായിരുന്നു വിളിച്ചിരുന്നത്. പുതിയ ഡിസൈൻ സ്റ്റിയറിങ് വീലും. പുതിയ സ്റ്റിയറിങ് കോളവുമൊക്കെ നോവയിൽ വന്നു. ബ്രെക്കുകൾ നന്നാക്കി. ഇലെക്ട്രിക്കൽ സിസ്റ്റം മാറി, ഡൈനാമോ ഓൾട്ടനെറ്റർ ആയി. മുകളിൽ നിന്ന് താഴേക്കായി ബ്രെക്ക് പെഡൽ, ക്ലച്ച് പെടൽ താഴെ തന്നെ തുടർന്നു. ആ സ്റ്റിയറിംഗ് കോളം പോകുന്ന വഴിക്ക് ക്ലച്ച് പെഡൽ തൂക്കിയിടാൻ പറ്റില്ല എന്നതായിരുന്നു അതിനു കാരണം എന്ന് വേണം കരുതാൻ.
ഇരു വശത്തും ഗ്ലോ ബോക്സുകളും നടുവിലെ മീറ്റർ സങ്കരവും മാറ്റി. ഡ്രൈവർക്ക് മുന്നിൽ മീറ്ററുകൾ എന്ന നിലയിൽ കോൺവെൻഷനാലായി ഡാഷ് ബോർഡ് മാറ്റി. ഒരു ഗ്ലോ ബോക്സ് നഷ്ടപ്പെട്ടെങ്കിലും വണ്ടി ആധുനികനായി എന്ന് പറയാമോ? ഇല്ല എന്നതാണ് സത്യം.
പുതിയ ഗ്രില്ലും നോവയിൽ വന്നു.

ഇതിനിടയിൽ 1992 ല് 1800 ഐ എസ് സെഡ് എന്ന പേരിൽ ഒരു മോഡൽ കൂടെ ഹിന്ദുസ്ഥാൻ മോട്ടോർസ് അംബാസിഡറിന് നൽകുകയുണ്ടായി. ഇസുസു 4 സിലിണ്ടർ 1817 സിസി 75 ബി എച്ച് പി എൻജിനും അഞ്ച് സ്പീഡ് മാനുവൽ ഫ്ലോർ മൗണ്ടഡ് ഗിയർ ബോക്സുമുണ്ടായിരുന്ന ഈ മോഡൽ ബക്കറ്റ് സീറ്റുകളും പുനർനിർമിച്ച ഡാഷ്‌ബോർഡും സീറ്റ് ബെൽറ്റുകളും ഒക്കെയായിട്ടാണ് വന്നത്. കോണ്ടസയിൽ ഉപയോഗിച്ചിരുന്ന 1.8 ജി എൽ 88 ബി എച്ച് പി എൻജിൻ തന്നെയായിരുന്നത്, ചെറുതായി ഒന്ന് പവർ കുറച്ചിരുന്നു എന്ന് മാത്രം.
1985 മുതൽ നിർമാണത്തിൽ ഉണ്ടായിരുന്ന, സ്പെഷ്യൽ ഓഡറുകളിൽ മാത്രം അംബാസഡറിൽ ലഭ്യമായിരുന്ന ഈ ഒരു ഇസുസു എൻജിനാണ് ജാപ്പനീസ് കാറുകളോട് പോലും മുട്ടി നിൽക്കാനുള്ള അംബാസിഡറിന്റെ തുരുപ്പു ചീട്ട് എന്നാണ് പറയുന്നത്.
പിന്നീട് 1998 ക്ലാസിക് ആയി മാറുന്നത് ഈ മോഡലാണ്. 1998 ഡൽഹി മോട്ടോർഷോയിലായിരുന്നു ക്ലാസിക് എന്ന പേര് അംബാസിഡറിന് കിട്ടുന്നത്. അവിടുന്നങ്ങോട്ട് അംബാസിഡറിൽ പല എൻജിനുകളും പല ഇന്ധനങ്ങളും നമ്മൾ കണ്ടു. മാറ്റഡോർ ഡീസൽ എൻജിൻ ഘടിപ്പിച്ച അംബാസഡറുകൾ നമ്മൾ കണ്ടു.
ഒറ്റ നോട്ടത്തിൽ ഇതേത് മോഡൽ എന്ന് മനസിലാക്കാൻ പറ്റാത്ത വിധത്തിൽ പല വിധത്തിൽ ആളുകൾ അംബാസിഡർ കൊണ്ട് നടന്നിരുന്നു. ഈയിടെ എന്നോട് ഒരാൾ പറഞ്ഞത്, അദ്ദേഹത്തിന്റെ അംബാസിഡറിലെ ബോഡി പലയിടത്തും പിച്ചളയായിരുന്നു എന്നാണ്.
ബക്കറ്റ് സീറ്റ് വച്ച, എയർ കണ്ടീഷണർ ഘടിപ്പിച്ച ഭംഗിയുള്ള, വികൃതമാക്കിയ അങ്ങനെ പല വിധം അംബാസഡറുകൾ നമ്മൾ നിരത്തിൽ കണ്ടിട്ടുണ്ട്. നല്ല സ്റ്റോക്ക് കണ്ടിഷണനിൽ കൊണ്ട് നടക്കുന്ന അംബാസിഡറുകൾ എന്നും വാഹനപ്രേമികൾക് കണ്ണിന് കുളിർമയാണ്.
അവസാന അംബാസിഡർ ജനെറേഷൻ ഏതായിരുന്നു?

ഈ വണ്ടി അതായത് അംബാസിഡർ ഗ്രാൻഡ് ആയിരുന്നത്. 2003 ലാണ് ഗ്രാൻഡ് വരുന്നത്. തൊട്ടു മുന്നത്തെ മോഡലിനേക്കാൾ 137 മാറ്റങ്ങൾ ഗ്രാൻഡിൽ ഉണ്ട് എന്നാണ് ഹിന്ദുസ്ഥാൻ മോട്ടോർസ് അവകാശപ്പെട്ടിരുന്നത്. മുന്നിലെ ബമ്പറുകളും ഇന്റീരിയറും. മോൾഡ് ചെയ്ത ഡോർ പാഡും റൂഫും. വലിയ വീൽ ഡ്രമ്മുകളും, മാറ്റങ്ങൾ വരുത്തിയ സസ്പെൻഷനുകളും, ആന്റി റോൾ ബാറും, മെറ്റ്ലോൺ ബുഷുകളും സെൻട്രൽ ലോക്കും. മ്യൂസിക് സിസ്റ്റവും ഓപ്‌ഷണലായി സൺറൂഫ് വരെയുള്ള സംവിധാനങ്ങളും ഗ്രാൻണ്ടിലുണ്ടായിരുന്നു. ഇൻസുലേഷൻ ഒക്കെ മികച്ചതാക്കി. അതിന് ഫ്രാൻസിലുള്ള ഒരു കമ്പനിയുടെ സഹായവും ഹിന്ദുസ്ഥാൻ മോട്ടോർസ് തേടിയിരുന്നത്രെ. ഗ്രാൻഡിൽ രണ്ടു എൻജിനുകൾ ഉണ്ടായിരുന്നു. 2 ലിറ്ററും 1.8 ലിറ്ററും. പിന്നീട് 2007ൽ 1.5 എൻജിനും വന്നു.
അംബാസിഡർ അവിഗോ, ഇങ്ങനെ ഒരു മോഡലും അംബാസിഡറിൽ വരികയുണ്ടായിട്ടുണ്. 2004 ലാണത്. ഒരിത്തിരി റാഡിക്കളായ രൂപമായിരുന്നാ വണ്ടിക്ക്. ബോഡി പാനലുകളൊക്കെത്തന്നെ അംബാസഡറിലേതായിരുന്നെങ്കിലും, മുൻ പിൻ രൂപം അങ്ങനെ ആളുകൾക്ക് ഇഷ്ടപെട്ടെന്നു തോന്നുന്നില്ല. വിലയും കൂടുതലായിരുന്നു.
പിന്നീട ബി എസ് ഫോർ ആക്കാനായി അംബാസഡർ എൻകോർ എന്ന പേരിൽ 1.5 ലിറ്റർ എഞ്ചിനുമായി മെട്രോ സിറ്റികൾക്കും മറ്റുമായി 2013 ല് ഒരു വരവ് കൂടെ വന്നെങ്കിലും, അത് കുറച്ചൊക്കെ നൈജീരിയ പോലുള്ള സ്ഥലങ്ങളിലേക് കേറ്റി വിടാൻ കഴിഞ്ഞെങ്കിലും 2014 ഓടെ ഹിന്ദുസ്ഥാൻ മോട്ടോർസ് പ്രവർത്തനമവസാനിപ്പിക്കുകയായിരുന്നു.
റിലയബിലിറ്റി ഒരു പ്രശ്നം തന്നെയായിരുന്ന് അംബാസഡറിന്. തുരുമ്പും. എതിരാളികൾ ഇല്ലാതെ വാഴുമ്പോൾ അതൊരു പ്രശ്നമല്ലായിരിക്കാം പക്ഷെ ജാപ്പനീസ് കാറുകളുടെ, മാരുതിയുടെ വരവോടെ, വാഹനമോടിക്കാനും കൊണ്ട് നടക്കാനും വലിയ പ്രയാസമില്ല എന്നാളുകൾ മനസിലാക്കിയപ്പോൾ അത് അംബാസിഡർ പോലുള്ള വണ്ടികളുടെ അവസാനത്തിലേക്കു നയിച്ചു!
കുറെ മാറ്റങ്ങൾ കൊണ്ട് ഗ്രാൻഡ് വന്നു എന്ന് ഹിന്ദുസ്ഥാൻ മോട്ടോർസ് പറഞ്ഞെങ്കിലും, മാരുതി 800 പോലും ഗ്രാൻഡിനേക്കാൾ മികച്ച സവിശേഷതകളുള്ള വണ്ടിയായിരുന്നു.
ടാക്സി മാർക്കറ്റുകളുടെ പ്രിയപ്പെട്ട വണ്ടിയായിരുന്ന അംബാസിഡർ, രാഷ്ട്രീയക്കാരുടെയും പ്രിയവണ്ടിയായിരുന്നു.
ഇന്നും നല്ല അംബാസഡറുകൾ നിരത്തിൽ ഉണ്ട്. ക്ലബ്ബുകൾ ഉണ്ട്. സിനിമയിലൊക്കെ നായകന്റെ വണ്ടിയായും അംബാസഡറിനെ കാണാം.
ഇനി അംബാസിഡർ വരുമോ?
2017 പി എസ് എ ഗ്രൂപ്പ് (സ്റ്റെല്ലാന്റിസ്) അംബാസിഡറിനെ കൈക്കലാക്കിയിട്ടുണ്ട്. ഒരു ഇലക്ട്രിക്ക് കാറായി അംബാസിഡർ പുനർജനിക്കുമോ എന്ന് കാത്തിരുന്ന് കാണാം.