സ്വീഡിഷ് കാർ നിർമാതാക്കളായ വോൾവോ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ചിട്ടുണ്ട്, മികച്ച സുരക്ഷയും അതിനൊത്ത ആഡംബരവും റിലയബിലിട്ടിയും എല്ലാം തികഞ്ഞതായിരുന്നിട്ടു കൂടി തന്റെ ജർമ്മൻ എതിരാളികൾകൾക്ക് മുന്നിൽ പകച്ചു നിന്നിരുന്ന വോൾവോ ഇന്നിപ്പോൾ എതിരാളികൾക്ക് പേടി സ്വപ്നമാവുന്ന ലക്ഷണമാണ്., പുതിയ താരങ്ങളെ അവതരിപ്പിച്ചു കൊണ്ടും പഴയ താരങ്ങളെ മുഖം മിനുക്കിയും എല്ലാം വോൾവോ പോരിനിറങ്ങിയിരിക്കുന്നു., അക്കൂട്ടത്തിൽ ഇറങ്ങി വന്ന വോൾവോ എസ് 80 ഡി5 ന്റെ ടെസ്റ്റ് ഡ്രൈവിലേക്ക്.
രൂപഘടന
എസ് 80 ഒരു വലിയ കാറാണ്, ആഡംബരവും സുരക്ഷയും കൂടെ സ്പോര്ടിനെസ്സും കൂടിച്ചേർന്ന ഒരു പാക്കേജ് ആണത്. കാഴ്ചക്ക് ചന്തവും പ്രകടനത്തിൽ മികച്ചു നിൽകുന്നതുമായ ഒരു ലക്ഷ്വറി സെഡാൻ.
അഴകളവുകളിൽ ആകാരവടിവിന്റെ അതിപ്രസരമില്ലാത്ത രൂപഖടനയാണ് എസ്80യുടേത് , ലളിതം സുന്ദരം. ബോഡി ലൈനുകളും സൈഡ് സ്കർട്ടും അടങ്ങിയ പക്വതയുള്ള ഡിസൈൻ. മുൻവശം മുഴുവനായി നിറഞ്ഞു നിൽകുന്നുണ്ട് വോൾവോയുടെ തനതായ വലിയ ഗ്രിൽ തികച്ചും പുതിയതാണത്, പഴയ എസ് 80 യിൽ നിന്നും വ്യത്യസ്തമായി ഗ്രില്ലിന് ഉയരം കുറച്ചു വീതി കൂട്ടിയിട്ടുണ്ട് വോൾവോ. അതിനോട് ചേർന്ന് ആക്റ്റീവ് ബെന്ടിംഗ് സവിശേഷതയോട് കൂടിയ ഇരട്ട സെനോണ്‍ ലൈറ്റുകൾ., അതിനു താഴെ കൊത്തിയെടുത്ത വണ്ണം ഭംഗിയുള്ള മുൻ ബമ്പർ. ഇത്രയുമാണ് പഴയ മോഡലിൽ നിന്നും പ്രകടമായ വ്യത്യാസം പേറുന്ന ഖടകങ്ങൾ., ഡേ ടൈം റണ്ണിംഗ് ലൈറ്റും പുതിയ എസ് 80 ക്ക് വോൾവോ നൽകിയിട്ടുണ്ട്
വശങ്ങളിലേക്ക് വരുമ്പോൾ വീലുകൾക്കാണ് പഴയ മോഡലിൽ നിന്നും കാര്യമായ മാറ്റം വന്നിരിക്കുന്നത് എന്ന് കാണാം. ഈ ഡിസൈൻ തികച്ചും പുതിയതാണ്. കാഴ്ചക്ക് മനോഹരവും. അതിന്റെ കൂടെ കൊത്തിയെടുത്ത ബോഡി ലൈനുകളും വീൽ ആർച്ചുകളും, സൈഡ് സ്കര്ട്ടും എല്ലാം വോൾവോ എസ് 80 യുടെ വശങ്ങൾക്കു മാറ്റു കൂട്ടുന്നുണ്ട്.
പിന്നിലെ ബമ്പറും തികച്ചും പുതിയതാണ്. അതിൽ ഇരട്ട എക്സ് ഹോസ്റ്റ് പൈപ്പുകളും നൽകിയിരിക്കുന്നു. പഴയ മോഡലിന് സമാനമായി പിന്നിൽ വലിയ വോൾവോ ലോഗോയും അതിനു താഴെ വലിയ നമ്പർ പ്ലേറ്റ് വക്കാനുള്ള പ്രൊവിഷനും നൽകിയിരിക്കുന്നു. അതിനു ഇരുവശവും മനോഹരമായി ഡിസൈൻ ചെയ്തിട്ടുള്ള ടൈൽ ലാമ്പുകൾ. എസ് 80 ക്ക് വോൾവോ ചെറിയൊരു ലിപ് സ്പോയിലെർ പിൻവശത്ത് നൽകിയിരിക്കുന്നത് സ്പോര്ടിനെസ്സ്കൂ ട്ടാനായിരിക്കണം.
വലിയ ഗ്ലാസ്സുകൾ, അതിനു ചേർന്ന് ഒഴുകി ഇറങ്ങിയിരിക്കുന്ന പോലുള്ള രൂഫ് ലൈൻ, അതിനു മുകളിലായി പിൻ വശത്ത് ഷാർക്ക് ആന്റിനയും. എങ്ങനെ നോക്കിയാലും മുൻ തലമുറ എസ് 80 യിൽ നിന്നും ഇവന് വലിപ്പത്തിൽ ഉള്ള വ്യത്യാസം പ്രകടവുമാണ്.
ഇന്റീരിയർ/കംഫർട്ട്
ഉള്ളിലാണ് പ്രകടമായ മാറ്റങ്ങൾ. കാഴ്ചക്ക് വളരെ മനോഹരവും ലളിതവുമായ ഡിസൈൻ എന്ന് പറയാം. വുഡണ്‍ ഇൻസർട്ടുകളോട് കൂടിയ കറുത്ത തീമിലാണ്സ് 80 യുടെ ഉൾവശം വോൾവോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒഴുകി ഇറങ്ങുന്ന പോലെയാണ് സെന്റർ കണ്‍സോൾ. കണ്ട്രോൾ ബട്ടണുകൾ എണ്ണത്തിൽ കുറവും കാര്യത്തിൽ കൂടുതലും എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. മൂന്നു മോഡുകൾക്ക് മൂന്നു കളർ തീമുകൾ ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അതി മനോഹരമാണ്. സീറ്റുകൾക്ക് കൂളിംഗ്/ഹീറ്റിങ്ങ് സംവിധാനവും പുതിയ എസ് 80യിൽ വോൾവോ നൽകിയിട്ടുണ്ട്.
മൂന്നു ഡ്രൈവ് മോഡുകളാണ് മൂന്നു കളറുകളിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ പ്രകടമാകുന്നത്. കൂടിയ പെർഫോമൻസ് അല്ലെങ്കിൽ മികച്ച ഇന്ധനക്ഷമത എന്നിവയ്ക്ക് വേണ്ടി ഡ്രൈവർക്ക് ഇഷ്ടാനുസരണം ക്രെമീകരിക്കാവുന്ന വിധമാണ്ഈ മോഡുകൾ. നല്ല കംഫർട്ട് ഉള്ള സുഗകരമായി യാത്ര ചെയ്യാൻ ഉതകുന്ന മികച്ച സീറ്റുകളാണ്, മെമ്മറി സംവിധാനവും, ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റും എല്ലാം മറ്റു ലക്ഷ്വറി കാറുകൾ തുല്യമായി തന്നെ എസ് 80യ്യിലുമുണ്ട്. ലെഗ് സ്പേസ് ഇഷ്ടം ഒക്കെ പോലെയുണ്ട്, പിൻ സീറ്റ് യാത്രക്കുള്ള സുഖം അനുപമാണ്.
സവിശേഷതകൾ.
എസ് 80 സവിശേഷതകളാലും സമ്പന്നമാണ്. പെട്ടെന്നുള്ള കൂട്ടിയിടി സ്വയം ഒഴിവാക്കാൻ ഉള്ള സിറ്റി സേഫ്റ്റി എന്ന സവിശേഷത വോൾവോ എസ് 80 യിലുണ്ട്. കൂടാതെ റോഡ് സൈനുകൾ, ബ്ലൈന്റ് സ്പോട്ടുകൾ, ലൈൻ കീപ്പിംഗ് ഐഡ് എന്നിങ്ങനെ എല്ലാ അവസ്ഥകളും സ്വയം അറിഞ്ഞു ഡ്രൈവറെ അലെർട്ട് ചെയ്യുന്ന ഡ്രൈവർ സപ്പോർട്ട് പാക്കേജ്, അഡാപ്പ്റ്റീവ് ക്രൂസ് കണ്ട്രോൾ, പാർക്ക് അസ്സിസ്റ്റ് എന്നിവയും എസ് 80 യിലുണ്ട് സിറ്റി സേഫ്റ്റിപോലെ തന്നെ പ്രധാനമായ മറ്റൊരു സവിശേഷതയാണ് പെഡസ്ട്രിയൻ ആൻഡ് സൈക്ലിസ്റ്റ് ഡിറ്റക്ഷൻ.
കാൽനടയാത്രക്കാരെയും,എമർജൻസി അവസ്ഥയിൽ മുന്നിൽ പെട്ട് പോകുന്ന സൈക്കിൾ റൈഡേഴ്സിനെയും ഒക്കെ സ്വയം സെൻസ് ചെയ്തു തനിയെ ബ്രേക്ക് ചെയ്ത് അപകടം ഒഴിവാക്കുന്ന സംവിധാനമാണിത്. ഹൈഡ്രോളിക് ബ്രേക്ക് അസ്സിസ്റ്റും, എ ബി എസ്സും, അടങ്ങിയ റെഡി അലർട്ട് ബ്രേക്കിംഗ് സിസ്റ്റം, കൂടാതെ ഡൈനാമിക് സ്റ്റബിലിട്ടി ആൻഡ് ട്രാക്ഷൻ കണ്ട്രോൾ,
അഡ്വാൻസ്ട് സ്റ്റബിലിട്ടി കണ്ട്രോൾ, കോർണർ ട്രാക്ഷൻ കണ്ട്രോൾ, എഞ്ചിൻ ഡ്രാഗ് കണ്ട്രോൾ എന്നിവയും കൂടെ സ്പോർട്ട് മോഡും എസ് 60 യിലുമുണ്ട്. ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റവും, പെട്ടെന്നുള്ള ബ്രെക്കിങ്ങിൽ പിന്നിലെ വാഹനത്തിനെ അലർട്ട് ചെയ്യുന്ന എമർജൻസി ബ്രേക്ക് ലൈറ്റും, മറ്റു വാഹനങ്ങളിൽ കാണാൻ കഴിയാത്ത സൈഡ് മാർക്കർ ലാമ്പുകളും സ്60 ക്ക് സ്വന്തമാണ്.
ഇത് കൂടാതെ മറ്റു പ്രീമിയം കാറുകളിൽ കാണുന്ന എയർ ബാഗുകളും മറ്റു സുരക്ഷ സംവിധാനങ്ങളും, സവിശേഷതകളും എല്ലാം എല്ലാ വോൾവോകളെയും പോലെ എസ് 80 യിലുമുണ്ട്.
എഞ്ചിൻ/ഡ്രൈവ്
2 ഡീസൽ എഞ്ചിൻ ഓപ്ഷൻ ആണ് എസ് 80 ക്ക് വോൾവോ നൽകുന്നത്, D4 D5 എന്നിങ്ങനെയാണത്, ഓവർടേക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്തത് D5 എഞ്ചിൻ അടങ്ങിയ ടോപ് ഏൻഡ് എസ് 80 ആയതിനാൽ അതിന്റെ വിശധാംശങ്ങൾ പരിശോധിക്കാം. പഴയ തലമുറ എസ് 80 യിൽ നിന്നും വിപ്ലവകരമായ മാറ്റങ്ങൾ ഈ എഞ്ചിനിൽ ആണ് കാണാവുന്നത്. കൂടിയ കരുത്തും മുന്നിട്ടു നിൽകുന്ന സവിശേഷതകളും ഉള്ള ഈ എഞ്ചിൻ ആസ്വാദ്യകരമായ ഡ്രൈവ് ആണ് പ്രധാനം ചെയ്യുന്നത്. 2.4 ലിറ്റർ അഞ്ചു സിലിണ്ടർ എഞ്ചിൻ ആണിത്. 215 പി എസ് കരുത്തും, 440 എൻ എം ടോർക്കും നൽകുന്നുണ്ട് ഈ എഞ്ചിൻ. പാഡിൽ ഷിഫ്റ്റെർ അടങ്ങിയ ആറ് സ്പീഡ് ഓട്ടോ ഗിയർ ബോക്സ് ഈ കരുത്തനായ എഞ്ചിനോട് കൂടിചേരുമ്പോൾ 0 ത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയാർജിക്കാൻ എസ് 80 ക്ക് വെറും 7.8 സെക്കന്റ് മതിയാകുന്നു, കൂടെ 12.5kmpl ഇന്ധനക്ഷമതയും വോൾവോ എസ് 80ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനത്തിനകത്തുള്ള ലക്ഷ്വറികൾ കണ്ടു മനം മയങ്ങിയാണ് സ്റ്റാർട്ട് ബട്ടണ്‍ അമർത്തിയത്, തികച്ചും നിശബ്ദമായ കാബിൻ ആണ് എസ് 80യുടേത്, ടാക്കോ നീഡിൽ ചലിക്കുന്നത് കണ്ടു മാത്രം എഞ്ചിൻ പ്രവർത്തിക്കുന്നത് മനസിലാക്കാം. ഡ്രൈവ് മോഡിൽ ഇട്ടു എസ് 80 യെ ചലിപ്പിച്ചു തുടങ്ങി, ലിനിയർ ആയ പവർ ഡെലിവറി, മികച്ച ത്രോട്ടിൽ റെസ്പോണ്‍സ്. സ്പോര്ട്സ് മോഡിൽ പാഡിൽ ഷിഫ്റ്റ് ഉപയോഗിച്ച് ഡ്രൈവിംഗ് ന്റെ ത്രിൽ ശരിക്കും അനുഭവിച്ചു.ലക്ഷ്വറി സലൂണ്‍ എന്നതിലുപരി ഒരു ഡ്രൈവേഴ്സ് കാർ എന്ന വിശേഷണവും ഉതകുന്നുണ്ട് എസ് 80ക്ക്.
രസകരമായി ഓടിച്ചു പോകാൻ കഴിയുന്നുണ്ട് ഈ വമ്പൻ കാറിനെ. സ്പോര്ട്സ് മോഡിൽ ഉള്ള ഹൈ സ്പീഡ് ഡ്രൈവിംഗ് ഹരം കൊള്ളിക്കുന്നു. ടാക്കോ നീഡിൽ റെഡ് ലൈൻ ചെയ്യുന്നത് കാണുന്നത് തന്നെ ലഹരിയായ ഈയുള്ളവന് മനസ് നിറഞ്ഞു ഓടിക്കാൻ കഴിഞ്ഞ ഒരു കാർ ആണ് വോൾവോ എസ് 80. കരുത്തുറ്റ ഡി5 എഞ്ചിന് നന്ദി..
ഡ്രൈവേർസ് നോട്ട്
മികച്ചു നിൽക്കുന്ന സുരക്ഷ സംവിധാനങ്ങൾ ഉള്ള ഒരു കാർ ആണ് എസ് 80. ഇലക്ട്രോണിക് സ്റ്റെബിളിട്ടി പ്രോഗ്രാം, തിരിവുകളിൽ സ്വയം അഡ്ജസ്റ്റ് ചെയ്യുന്ന ഹെഡ് ലാമ്പ് പിന്നെ വോൾവോയുടെ സ്വന്തം ഇന്റെലിസേഫ് സംവിധാനം., (അപകടം സ്വയം മനസിലാക്കി ബ്രേക്ക് അപ്ലൈ ചെയ്യുന്നതാണ് ഇന്റെലി സേഫ് സംവിധാനത്തിന്റെ പ്രവർത്തനം) എന്നിങ്ങനെ എണ്ണിയാൽ തീരാത്ത സുരക്ഷ സംവിധാനങ്ങൾ. കൂടെ കാഴ്ചക്ക് ഭംഗിയും അനുപമമായ യാത്രയും പ്രധാനം ചെയ്യുന്ന വോൾവോ എസ് 80 യെ വാങ്ങുന്നത് ആഡംബരത്തിനൊപ്പം സ്വന്തം
സുരക്ഷ കൂടി നോക്കുന്നവരാകും എന്നത് തീർച്ച.