പത്ത് ലക്ഷം തികച്ച് ടിവിഎസ് ഐക്യൂബ്

രാജ്യത്തെ ഇരുചക്ര-മുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറായ ടിവിഎസ് ഐക്യൂബിന്റെ പത്ത്  ലക്ഷാമത് യൂണിറ്റ് ഹൊസൂരിലെ നിർമ്മാണ പ്ലാന്റിൽ നിന്ന് പുറത്തിറക്കി.  

സ്വന്തം നിലയിലുള്ള എഞ്ചിനീയറിംഗ് മികവ്, ഗവേഷണം, നൂതന സാങ്കേതികവിദ്യ എന്നിവയുടെ കരുത്തിലാണ് ടിവിഎസ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത്‌ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ഐക്യൂബ് ആഗോള ഗുണനിലവാരത്തോടെ രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

ടിവിഎസ് ഐക്യൂബ് ഉപഭോക്താക്കൾ ഒന്നിച്ച് വലിയൊരു പരിസ്ഥിതി മാറ്റത്തിനാണ് രാജ്യത്ത് തുടക്കമിട്ടിരിക്കുന്നത്. വിപണിയിലെത്തിയത് മുതൽ ഇതുവരെ ഐക്യൂബ് സ്കൂട്ടറുകൾ ആകെ 1,494 കോടി കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചുകഴിഞ്ഞു. ഈ യാത്രകളിലൂടെ 5,22,969 ടൺ കാർബൺ ഡയോക്സൈഡ്  അന്തരീക്ഷത്തിൽ കലരുന്നത് ഒഴിവാക്കാൻ സാധിച്ചു. ഇത്  ഏകദേശം 2.09 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്.

പത്ത് ലക്ഷം ടിവിഎസ് ഐക്യൂബുകൾ നിരത്തിലിറങ്ങിയത് ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്. വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കുതിക്കുമ്പോൾ  ഭാവി യാത്രാ സൗകര്യങ്ങളിൽ ആഗോള തലത്തിൽ തന്നെ ഒരു ലീഡറായി മാറാൻ രാജ്യത്തിന് മികച്ച  അവസരമുണ്ട്. ഇന്ത്യയെ ആഗോള മൊബിലിറ്റി ഹബ്ബാക്കി മാറ്റാൻ ടിവിഎസ് മോട്ടോർ പ്രതിജ്ഞാബദ്ധമാണെന്ന് ടിവിഎസ് മോട്ടോർ കമ്പനി ചെയർമാൻ സുദർശൻ വേണു പറഞ്ഞു.

2020-ൽ അവതരിപ്പിച്ചതു മുതൽ ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഫാമിലി ഇവി ആയി ഐക്യൂബ് മാറി. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ ബാറ്ററി കപ്പാസിറ്റി, റേഞ്ച്, കണക്റ്റഡ് ഫീച്ചറുകൾ എന്നിവയിൽ സ്കൂട്ടർ ലഭ്യമാണ്. നിലവിൽ രാജ്യത്തെ 3,000-ത്തിലധികം നഗരങ്ങളിലായി 3,300-ൽ പരം സെയിൽസ് – സർവീസ് കേന്ദ്രങ്ങളുടെ ശക്തമായ ശൃംഖല ടിവിഎസ് ഐക്യൂബിനുണ്ട്.

പ്രശസ്തമായ ഡെമിംഗ് പ്രൈസ് നേടിയിട്ടുള്ള ഏക ഇരുചക്ര വാഹന കമ്പനിയായ ടിവിഎസ് മോട്ടോറിന്   നിലവിൽ ലോകമെമ്പാടുമുള്ള 90-ലധികം രാജ്യങ്ങളിൽ  സാന്നിധ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *