കടൽ കടന്നു വരുന്നതാണ്, വിലയും കൂടും! പക്ഷെ വണ്ടി കൊള്ളാമോ?

വോൾക്‌സ്‌വാഗൺ ടിഗ്വാൻ R-Line ചുരുക്കി പറഞ്ഞാൽ, ടിഗ്വാന്റെ കുറച്ച് കൂടെ പ്രീമിയമായ, സ്പോർട്ടിയായ ഒരു വേരിയേന്റ് എന്ന് പറയാം, ഈ വണ്ടിക്ക് എന്തൊക്കെയാണ് പ്രത്യേകതകൾ എന്ന് നോക്കാം.

പുറത്ത്
പുതുതായി രൂപകൽപ്പന ചെയ്ത മുൻ പിൻ ബമ്പറുകളും, വലിയ ഗ്ലാസ് ഗ്രില്ലും അതിന്റെ മുകളിലെ ലൈറ്റ് ബാറും, പിന്നെ എൽ ഇ ഡി ഹെഡ്‍ലൈറ്റുകളും മുന്നിൽ കാണാം, സ്‌പോർട്ടിയായ കരുത്തനായ വണ്ടിയാണെന്ന് കാണിക്കാൻ ബമ്പറിൽ എയർ വെന്റുകളുണ്ട്. സാധാരണ സ്പോർട്സ് കാറുകളിലും മറ്റും കാണുന്ന ബ്രെക്ക് തണുപ്പിക്കാനുതകുന്ന വെന്റുകൾ തന്നെ. ഗ്രില്ലിനു മുകളിലായി ആർ ലോഗോയും നൽകിയിട്ടുണ്ട്.

വശങ്ങളിലെ ഫെൻഡറിലും ആർ ലോഗോയുണ്ട്, ഭംഗിയുള്ള അലോയ് വീൽ ഡിസൈൻ ആണ് , എനിക്കത് ഹ്യൂണ്ടായ് അൽകാസാറിലെ വീലുമായുള്ള സാമ്യം കണ്ടെത്താതിരിക്കാനായില്ല. 19 ഇഞ്ച് വീലുകളാണ് ആർ ലൈനിനുള്ളത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും കാണാം.

പിന്നിലെ പരസ്പരം ബന്ധിപ്പിക്കപ്പെട്ട പിൻ ലൈറ്റുകൾക്ക്, വോക്‌സ്വാഗന്റെ തന്നെ ചെറിയ വണ്ടിയായിട്ടുള്ള ടൈഗുണ്‌മായി സാമ്യമുണ്ട്. കാഴ്ചക്ക് കൗതുകമുള്ള ലൈറ്റുകളാണ് പിന്നിലും.

മുന്നിലെ പോലെ തന്നെ, പുതുമയുള്ള ബമ്പറിൽ പാർക്കിങ് സെൻസേർസ് ഉണ്ട്. ക്യാമറയും കാണാം, പക്ഷെ 360 ഡിഗ്രി ക്യാമെറ ഈ വണ്ടിയിൽ ഇല്ല! വീൽ ആർച്ചുകളിൽ പിയാനോ ബ്ലാക്ക് ഫിനിഷ് ആണ് പക്ഷെ റണ്ണിങ് ബോർഡ് ബോഡി കളറിൽ തന്നെയാണ് കൊടുത്തിട്ടുള്ളത്.

അകത്ത്
ഗ്ലാസ് പാനൽ ഒക്കെ നൽകി അലങ്കരിച്ച ഡാഷ്‌ബോർഡാണ് ടിഗ്വാൻ ആർ ലൈനിനുള്ളത്, വലിയ ഇൻഫോടെയ്ൻമെൻറ് സ്‌ക്രീനുണ്ട് അതിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റവും, എയർ കണ്ടീഷണർ ഓപ്‌ഷൻസും നൽകിയിട്ടുണ്ട്, എ സി ക്ക് ഫിസിക്കൽ കൺട്രോൾസ് ഇല്ല എന്നിരുന്നാലും സ്ക്രീനിനു താഴെ ഫിക്സഡ് ആയി തന്നെ ആ ഓപ്‌ഷൻ നൽകിയിരിക്കുന്നത് കൊണ്ട്, ബട്ടൺ അല്ലെങ്കിൽ സ്വിച്ചുകളുടെ അഭാവം നമുക്കത്ര ഫീൽ ചെയ്യില്ല. 15 ഇഞ്ചാണ് ലാപ്ടോപ്പ് സ്ക്രീൻ പോലുള്ള ആ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റത്തിന്റെ വലിപ്പം. വണ്ടിയുടെ ഡ്രൈവ് മോഡുകൾ കൂടെ ഉൾപ്പെടുത്തിയിട്ടുള്ള ഈ സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ വയർ ഇല്ലാതെ തന്നെ കണക്ട് ചെയ്യാൻ പര്യാപ്തമാണ്.

ഡിജിറ്റൽ കോക്ക്പിറ്റ് എന്ന് വിളിക്കുന്ന ക്ലസ്റ്ററും ഈ വണ്ടിയിൽ കാണാം. തികച്ചും വലുതും പല വിധത്തിൽ ക്രമീകരിക്കാവുന്നതുമായ കളർ ഡിസ്പ്ലെയുള്ള ഈ ക്ലസ്റ്ററിന്റെ വലിപ്പം, 26.04 സെന്റീമീറ്ററാണ്. എ ഡാ സ് ഡിസ്‌പ്ലേയും ഈ ക്ലസ്റ്ററിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഡാഷ്ബോര്ഡിലെ ഗ്ലാസ് പാനൽ രാത്രിയിൽ ആംബിയന്റ് ലൈറ്റുകളുടെ കൂടെ സാനിധ്യത്തിൽ നല്ല രസമുണ്ട് കാണാൻ.

സെന്റർ കൺസോളിൽ കൊടുത്ത രണ്ടു വയർലസ് ചാർജിങ് സംവിധാനങ്ങളും, ഡ്രൈവ് മോഡും അതിൽ തന്നെ മീഡിയയുടെ സൗണ്ട് അഡ്ജസ്റ്റ് ചെയ്യാൻ കൊടുത്തതും തികച്ചും ആകർഷകമായിട്ടുണ്ട്.

പാർക്ക് ബ്രൈക്കിന്റെയും എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതിനുമായിട്ടുള്ള സ്വിച്ചുകൾ തമ്മിൽ തമ്മിൽ മാറാൻ സാധ്യതയില്ല, സർക്കുലർ ബട്ടണിന്റെ ഇരുവശത്തുമായുള്ള ഈ സ്വിച്ചുകൾ വേർതിരിക്കാൻ, പാർക്ക് ബ്രെക്ക് സ്വിച്ചിന് ഒരു കാവിറ്റി കൊടുത്തത് സഹായിക്കും. കപ്പ് ഹോൾഡറുകൾ ആം റെസ്റ്റിനകത് ഒളിച്ചു വച്ചിരിക്കുകയാണെന്നു തോന്നേണ്ട, അത് എടുത്തു മുന്നിലേക്ക് വക്കാനും, മുന്നിലെ പാർട്ടീഷൻ അഡ്ജസ്റ്റ് ചെയ്യാനുമൊക്കെ പറ്റുന്ന വിധത്തിൽ ബുദ്ധിപരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്, കൂടാതെ ആം റസ്റ്റ് ഉയരവും, മുന്നോട്ടും പിന്നോട്ടുമുള്ള ചലനവുമൊക്കെ ക്രെമീകരിക്കാനാവും

സീറ്റുകൾ റെക്കാരോ സീറ്റുകൾ പോലെയാണ്, തീർത്തും നമ്മളെ അതിനകത്തേക്ക് ഉൾക്കൊള്ളാവുന്ന വിധത്തിലാണത്, ഇലക്ട്രിക്ക് ക്രമീകരണമൊന്നും ഒരു സീറ്റിലുമില്ല പക്ഷെ ഡ്രൈവർ സീറ്റിനു തൈ സപ്പോർട്ട് ക്രെമീകരിക്കാനുള്ള സംവിധാനവും രണ്ടു സീറ്റുകൾക്കും മസ്സാജ് സംവിധാനവും നൽകിയത് നന്നായി തോന്നി,

സുഖകരമായി ഇരിക്കാവുന്ന സീറ്റുകളാണ്, അൽക്കന്റാര പോലുള്ള മെറ്റീരിയൽ ഒക്കെയാണ് സീറ്റിലുള്ളത്, നമ്മളിലേക്ക് അടുപ്പിക്കാനും ഉയരം ക്രമീകരിക്കാനും കഴിയുന്ന സ്റ്റിയറിംഗ് വീൽ ചൂടാക്കാനുമാവും. സീറ്റിലുമുണ്ട് ഹീറ്റിംഗ്. അത് പോലെ പാഡിൽ ഷിഫ്റ്ററും സ്റ്റിയറിംഗ് വീലിലുണ്ട്! തൊട്ടപ്പുറത്തായി ഒരു ചെറിയ സ്റ്റോറേജ് സ്‌പേസും കണ്ടു

വളരെ ചെറിയ ഗ്ലോ ബോക്‌സാണ്, കൂടാതെ ഡോർ പോക്കറ്റുകളിൽ വലിയ സ്റ്റോറേജ് സ്‌പേസുണ്ട്. മുന്നിലും പിന്നിലും. ഡ്രൈവർ സൈഡ് എ സി വെന്റും സ്‌ക്രീനുമൊക്കെ ഡ്രൈവറിലേക്ക് എന്ന വണ്ണം ചെരിച്ച് വച്ചതും, ഇതൊരു ഡ്രൈവേഴ്സ് കാറാണ് എന്ന് വിളിച്ചോതുന്നുണ്ട്. പെടലുകൾ സ്‌പോർട്ടിയാണ്. ചൂടിന് പകരം ഇന്ത്യയിൽ എങ്കിലും വെന്റിലേറ്റഡ് സീറ്റ് മതിയായിരുന്നു എന്ന് തോന്നേണ്ട, കടൽ കടന്നു വന്ന വണ്ടിയാണ് ഇന്ത്യയിൽ ഉണ്ടാകുന്നതല്ല. സി ബി യു എന്ന മുഴുവനായി ഉണ്ടാക്കി കൊണ്ട് വരുന്ന വണ്ടിയാണ് ആർ ലൈൻ.

പിന്നിൽ സ്റ്റോറേജിന്റെ അതിപ്രസരമുണ്ട്. സീറ്റിനു ഇരുവശത്തും ആം റെസ്റ്റിലും എല്ലാം എന്ത് എങ്കിലുമൊക്കെ എടുത്തു വക്കാനുള്ള സംവിധാനമുണ്ട്.

പിന്നിൽ ഇഷ്ടം പോലെ സ്ഥലമുണ്ട് എന്നതാണ് ഈ കാറിലെ മറ്റൊരു പ്രത്യേകത, നടുവിലെ ബംപ് ഇല്ലായിരുന്നെങ്കിൽ മൂന്നു പേർക്ക് സുഖമായി ഇരിക്കാമായിരുന്നു. ഹെഡ് റൂമും, ലെഗ് റൂമുമെല്ലാം ആവശ്യത്തിനുണ്ട്. തൈ സപ്പോർട്ട് മാത്രമാണ് ഇച്ചിരി കുറവായി തോന്നിയത് അതിനു കാരണം ആ സീറ്റിനു ഇച്ചിരി ഉയരം കുറവാണ് എന്നുള്ളതാണ്, മൂന്നു ഹെഡ് റെസ്റ്റുകളും പ്രോപ്പർ സീറ്റ് ബെൽറ്റും, ഒമ്പത് എയർബാഗുകളും ഒക്കെ ഈ വണ്ടിയിലുണ്ട്.

മുന്നിലെ സീറ്റിലെ ഫിക്സഡ് ഹെഡ് റെസ്റ്റിലൂടെ നമുക്ക് ഡ്രൈവറുടെ തല കാണാം, അതിനായി ഒരു സിൽവർ ഇൻസേർട്ട് ഓടെ ആർ ലോഗോയോക്കെ വച്ച് ഒരു ഹോൾ ഇട്ടിട്ടുണ്ട് മുൻ സീറ്റിൽ, പിന്നിൽ എ സി വെന്റുകളുണ്ട്, കൂടാതെ യു എസ് ബി സി പോർട്ടുകളും

ബൂട്ടിൽ

652 ലിറ്ററാണ് ബൂട്ട് സ്‌പേസ്, അതിൽ അത്ഭുതമില്ല, ടിഗുവാന് ആൾ സ്‌പേസ് എന്ന മൂന്നു റോ സീറ്റുള്ള മോഡലുണ്ടല്ലോ, ഉണ്ടായിരുന്നല്ലോ. ടയർ പഞ്ചറായാൽ, മാറ്റാൻ പകരം ടയറീ വണ്ടിയിൽ ഇല്ല പകരം ഇതിലുള്ള പഞ്ചർ കിറ്റ് വച്ച് നമ്മൾ തന്നെ അത് ശരിയാക്കേണ്ടി വരും. ബൂട്ട് ഡോറും നമ്മൾ തന്നെ തുറക്കുകയും അടക്കുകയും വേണം, പവേർഡ് അല്ല എന്നർത്ഥം. സീറ്റുകൾ മറിച്ചിടുന്നതും അങ്ങനെ തന്നെയാണ്.

സ്പെയർ ടയർ ഇരിക്കേണ്ടിടത്തും നമുക്ക് സ്റ്റോറേജ് സ്‌പേസുണ്ട്, മാത്രമല്ല പവർ പോയിന്റും കൊളത്തുകളും എല്ലാം ബൂട്ടിൽ കാണാം, ലൈറ്റുമുണ്ട്. തീർത്തും പ്രാക്ടികലായ ബൂട്ട് ആണ് എന്ന് പറയാം.

വണ്ടി ഓടിക്കാൻ,
എ ഡാ സ് ലെവൽ 2 കൂടാതെ ഡൈനാമിക് ചാസിസ് കണ്ട്രോൾ കൂടാതെ എക്സ് ഡി എസ് എന്ന ഇലക്ട്രോണിക് ഡിഫ് ലോക്ക്, 4 മോഷൻ 4 വീൽ ഡ്രൈവ് സിസ്റ്റം, അങ്ങനെ കുറെ അധികം സംവിധാനങ്ങൾ ഈ വണ്ടിയിൽ ഉണ്ട്. തീർത്തും ഫൺ ആണ് ഈ വണ്ടി ഓടിക്കാൻ. 2 ലിറ്റർ ടർബോ പെട്രോളും, 7 സ്പീഡ് ഡി എസ് ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുള്ള ഈ വണ്ടി, ഓടിക്കുന്നവർക്കുള്ളതാണ് എന്ന് മനസിലാക്കാൻ ബോണറ്റ് ല് കൊടുത്തിട്ടുള്ള രണ്ട് ലാച്ചുകൾ കണ്ടാൽ തന്നെ മനസിലാവും, 201 ബി എച്ച് പിയാണ് ഈ വണ്ടിയുടെ കരുത്ത് കൂടാതെ 320 എൻ എം ടോർക്കുമുണ്ട്! കൂടാതെ രസമുള്ള എഞ്ചിൻ നോട്ടുമുണ്ട്. സ്റ്റീയറിങ് ഡയറക്റ്റ് ആണ്, സസ്‌പെൻഷൻ സ്റ്റിഫും, പക്ഷെ സീറ്റുകൾ യാത്ര സുഖകരമാക്കുന്നുണ്ട്. സ്‌പോർട്ട് മോഡിൽ 7.1 സെക്കന്റിൽ 100 എത്തുന്ന, വിവിധ ഡ്രൈവ് മോഡുകൾ ഉള്ള ഈ വണ്ടി ഓടിക്കാൻ തീർത്തും രസമാണ്. കൂടാതെ നല്ല ഹാൻഡിലിംഗും സ്റ്റിയറിംഗ് ഫീഡ്ബാക്കും നിങ്ങളിലെ വാഹനപ്രേമിയെ തൃപ്തനാക്കും. എനിക്ക് തീർത്തും എന്ജോയബിൾ ആയ ഒരു ഡ്രൈവ് ആണ് ഈ വണ്ടി തന്നത്. 19 ഇഞ്ച് ലോ പ്രൊഫൈൽ ടയറുകൾ മോശം റോഡുകൾ നിങ്ങളുടെ നിതംബത്തെയറിയിക്കും എന്നത് കൂടി പറയാതെ വയ്യ!

വില
49 ലക്ഷം രൂപയാണ് ടിഗുവാൻ ആർ ലൈനിന്റെ എക്സ് ഷോറൂം വില. ഈ വണ്ടി ആ വിലക്കുള്ളതുണ്ടോ, അറിയാൻ താഴെ കൊടുത്ത വീഡിയോ കാണൂ

YouTube player

Leave a Reply

Your email address will not be published. Required fields are marked *